Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎന്തുകൊണ്ടാണ് ഇത്തവണ...

എന്തുകൊണ്ടാണ് ഇത്തവണ ​യൂറോകപ്പിൽ ഇത്രയധികം സെൽഫ് ഗോളുകൾ?

text_fields
bookmark_border
എന്തുകൊണ്ടാണ് ഇത്തവണ ​യൂറോകപ്പിൽ ഇത്രയധികം സെൽഫ് ഗോളുകൾ?
cancel

ക്വാർട്ടർ ഫൈനലിന് വിസിൽ മുഴങ്ങുന്നതുവരെ ഇക്കുറി യൂറോകപ്പിൽ പിറവി കൊണ്ടത് ഒമ്പത് സെൽഫ് ഗോളുകൾ. അവനവന്റെ പോസ്റ്റിലേക്ക് താരങ്ങൾ നിർലോഭം പന്തടിച്ചുകയറ്റുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഫുട്ബാൾ ലോകം. കപ്പടിക്കാൻ കരുത്തരെന്ന വമ്പുമായെത്തിയ ഫ്രഞ്ചുപട ക്വാർട്ടർ ഫൈനലിലേക്കു​ള്ള വഴിയിൽ തങ്ങളുടെ 66 ശതമാനം ഗോളുകളും നേടിയത് എതിരാളികളുടെ പിഴവിൽനിന്ന് പിറന്ന സെൽഫ് ഗോളുകളിലൂടെയാണ്. 44 മത്സരങ്ങളിൽനിന്ന് ഒമ്പത് സെൽഫ് ഗോളുകളെന്നത് ഫുട്ബാളിൽ അതിശയിപ്പിക്കുന്ന കണക്കാണ്. ‘ടോപ് സ്കോറർ’ സ്ഥാനത്ത് സെൽഫ് ഗോളുകൾ ബഹുദൂരം മുന്നിലാണുള്ളത്. മൂന്നു ​ഗോളുകൾ നേടിയ കോഡി ഗാക്പോ, ജോർജസ് മികോറ്റാഡ്സെ, ജമാൽ മൂസിയാല, ഇവാൻ ഷ്റാൻസ് എന്നിവരാണ് കളിക്കാരിൽ ഒന്നാമതുള്ളത്. എന്തുകൊണ്ടാണ് ഇക്കുറി യൂറോകപ്പിൽ സെൽഫ് ഗോളുകൾ ഇത്രയധികം വല കുലുക്കുന്നത്?

നിയമത്തിലെ മാറ്റം?

സെൽഫ് ഗോളുകളിലെ തീരുമാനം റഫറിമാരുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിലെ അസ്ഥിരതയും പലപ്പോഴും പ്രശ്നമാകാറുണ്ട്. 2008ൽ യുവേഫ പ്രസിഡന്റായിരുന്ന മിഷേൽ പ്ലാറ്റീനി ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ‘ദേഹത്തുതട്ടി ഗതിമാറി സംഭവിക്കുന്ന ഗോളുകൾ ആദ്യം ഗോളിലേക്ക് നിറയൊഴിച്ച കളിക്കാരന്റെയാണോ അതോ അവസാനമായി പന്തിൽ സ്പർശിച്ച കളിക്കാരന്റെയാണോ പേരിൽ കുറിക്കേണ്ടതെന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ പരിഹാരം കാണണമെന്നും എല്ലാ മത്സരങ്ങളിലും ഇതുസംബന്ധിച്ച് ഒരേ നിയമം വേണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു’ -പ്ലാറ്റീനി പറഞ്ഞതിങ്ങനെ. കളിക്കാരൻ പന്ത് വലക്ക് നേരെ പായിക്കുമ്പോൾ എതിർടീമിലെ താരത്തിന്റെ ദേഹത്തുതട്ടിയാലും ഷോട്ടെടുത്ത കളിക്കാരന്റെ പേരിൽ ഗോൾ രേഖപ്പെടുത്താനാണ് യുവേഫ തീരുമാനിച്ചത്. വലക്ക് പുറത്തേക്ക് ​പോകുന്ന ഷോട്ട് ഒരു കളിക്കാരന്റെ ദേഹത്തുതട്ടി സ്വന്തം വലയിലേക്ക് പോവുകയാണെങ്കിൽ അത് സെൽഫ് ഗോളായി രേഖപ്പെടുത്തുകയും ചെയ്യും.

സമീപനത്തിലുണ്ടായ മാറ്റം കൂടുതൽ സെൽഫ് ഗോളുകൾ നൽകുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്ന വാദം ശക്തമാണ്. കഴിഞ്ഞ രണ്ടു യൂറോകപ്പുകളിൽ 20 സെൽഫ് ഗോളുകളാണ് പിറന്നത്. യൂറോ കപ്പ് ചരിത്രത്തിൽ ഇതുവരെ പിറന്ന മൊത്തം സെൽഫ് ഗോളുകളുടെ 69 ശതമാനം വരുമിത്.

കൂടുതൽ ക്രോസുകൾ?

ടീമുകൾ കൂടുതൽ ക്രോസുകൾ ഉതിർക്കുന്നത് കൂടുതൽ സെൽഫ് ഗോളുകൾക്ക് വഴിയൊരുക്കുന്നുവെന്ന വാദത്തിൽ കഴമ്പുണ്ടോ? കണക്കുകളുടെ പിൻബലം അതിനി​ല്ലെന്ന് പറയേണ്ടി വരും. യൂറോ 2020ൽ ഒരു മത്സരത്തിൽ ശരാശരി 32.1 ക്രോസുകളും ഇക്കുറി യൂറോ കപ്പിന്റെ ഗ്രൂപ് ഘട്ടത്തിൽ 33.8 ക്രോസുകളുമാണുള്ളത്. എന്നാൽ, 1980ന് ശേഷമുള്ള യൂറോകപ്പുകളിൽ ഏറ്റവും കുറവാണ് ഈ ശരാശരി എന്നതാണ് യാഥാർഥ്യം.

ഇൻവർട്ടഡ് വിങ്ങർമാരുടെ ഉദയം?

ബോക്സിലേക്ക് കടന്നുകയറുകയും നിറയൊഴിക്കുകയും ചെയ്യുന്ന ഇൻവർട്ടഡ് വിങ്ങർമാരുടെ ഉദയം ക്രോസുകളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. അത് സെൽഫ് ഗോളുകളുടെ എണ്ണം വർധിക്കാൻ വഴിയൊരുക്കിയിട്ടുണ്ടോ? ഉണ്ടാകാൻ സാധ്യതയേറെയാണ്. ബോക്സിനുള്ളിലേക്ക് കടന്നുകയറി തൊടുക്കുന്ന ഷോട്ടുകൾ ഡിഫ്ലക്ട് ചെയ്യാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ 49 സെൽഫ് ഗോളുകളാണ് പിറന്നത്. ശരാശരി 35 ആയിരിക്കുമ്പോഴാണിത്.

ഗോൾകീപ്പിങ്ങിലെ മാറ്റം?

ഗോൾകീപ്പർമാരുടെ രീതികളിൽ അടുത്ത കുറച്ചു വർഷങ്ങളിലായി മാറ്റങ്ങളുണ്ടായിട്ടുണ്ട്. അവർ ഇപ്പോൾ കൂടുതലായി പന്ത് കുത്തിയകറ്റുന്നു. അങ്ങനെ വരുമ്പോൾ പന്ത് ഡിഫൻഡർമാരുടെ ദേഹത്തുതട്ടി സ്വന്തം വലയിൽ കയറാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഇത്തവണ യൂറോയിൽ പിറന്ന സെൽഫ് ഗോളുകളിൽ ഗോളിമാരുടെ പേരിൽ രേഖപ്പെടുത്തപ്പെട്ടവ ഇതുവരെയില്ല എന്നതും ശ്രദ്ധേയമാണ്.

കൂടുതൽ ഡിഫൻഡർമാരുടെ സാന്നിധ്യം

ടീമൊന്നടങ്കം പ്രതിരോധത്തിലേക്ക് പിൻവലിയുകയും അവസരം കിട്ടുമ്പോൾ പ്രത്യാക്രമണത്തിനിറങ്ങുകയും ചെയ്യുകയെന്നത് ആധുനിക ഫുട്ബാളിൽ ടീമുകൾ പതിവായി പരീക്ഷിക്കുന്ന തന്ത്രമാണ്. അത് സെൽഫ് ഗോളുകളുടെ സാധ്യത വർധിപ്പിക്കുന്നുവെന്നതിൽ സംശയമില്ല. ഇക്കുറി യൂറോയിൽ പിറന്ന സെൽഫ് ഗോളുകളിൽ അതുവഴിയെത്തിയവ കൂടുതലാണ്. ബോക്സിൽ താരങ്ങൾ കൂട്ടുകൂടി നിൽക്കെ ക്ലോസ്റേഞ്ച് ഷോട്ടുകൾ ഡിഫ്ലക്ട് ചെയ്താണ് ഈ യൂറോകപ്പിലെ ഒമ്പതിൽ എട്ടുഗോളും പിറന്നത്. ഉദാഹരണത്തിന്, തങ്ങളുടെ എട്ടു താരങ്ങൾ ബോക്സിൽ ​പ്രതിരോധിക്കാനുള്ളപ്പോഴാണ് ബെൽജിയം ഫ്രാൻസിനെതിരെ സെൽഫ് ഗോൾ വഴങ്ങിയത്. സ്​പെയിനിനെതിരെ സെൽഫ് ഗോൾ വഴങ്ങുമ്പോൾ അവരുടെ 10 കളിക്കാർ ബോക്സിലുണ്ടായിരുന്നു. കൂടുതൽ കളിക്കാർ ​പ്രതിരോധത്തിൽ അണിനിരക്കുമ്പോൾ ഡിഫ്ലക്ഷനുകൾ ഒഴിവാക്കാനാവാത്തതായി മാറുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro cupeuro cup 2024own goal
News Summary - Why are there so many own goals in the euro cup?
Next Story