ഒമ്പത് ഗോളിന് പോർച്ചുഗൽ ജയിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിക്കാനിറങ്ങാതിരുന്നത് എന്തുകൊണ്ട്?
text_fieldsലിസ്ബൺ: യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ലക്സംബർഗിനെതിരെ പോർച്ചുഗൽ ഇറങ്ങിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ്. മത്സരത്തിൽ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് ടീം ജയിച്ചുകയറിയത്. അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യനോ എന്തുകൊണ്ടാണ് മത്സരത്തിൽ ഇല്ലാതിരുന്നതെന്ന ചോദ്യം നിരവധി ആരാധകരാണ് ഉന്നയിക്കുന്നത്.
2016ലെ യൂറോകപ്പ് ചാമ്പ്യന്മാരായ പോർച്ചുഗൽ കഴിഞ്ഞ മത്സരത്തിൽ െസ്ലാവാക്യയെ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഏക ഗോളിൽ തോൽപിച്ചിരുന്നു. മത്സരത്തിൽ ഗോൾ നേടാനുള്ള ശ്രമത്തിനിടെ െസ്ലാവാക്യൻ ഗോൾകീപ്പർ മാർട്ടിൻ ദുബ്രാവ്കയുടെ മുഖത്ത് ക്രിസ്റ്റ്യാനോയുടെ ബൂട്ട് തട്ടുകയും മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. കൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ച ദുബ്രാവ്ക ചുവപ്പ് കാർഡിന് അപ്പീൽ ചെയ്തെങ്കിലും റഫറി മഞ്ഞക്കാർഡാണ് കാണിച്ചത്. തുടർന്ന് നടത്തിയ ‘വാർ’ പരിശോധനയിലും ചുവപ്പ് കാണിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യമാവുകയായിരുന്നു. ഇതിന് തൊട്ടുമുമ്പത്തെ മത്സരത്തിലും മഞ്ഞക്കാർഡ് ലഭിച്ചതിനാലാണ് ക്രിസ്റ്റ്യാനോക്ക് ലക്സംബർഗിനെതിരെ കളിക്കാനാവാതിരുന്നത്. ഒക്ടോബർ 14ന് െസ്ലാവാക്യക്കെതിരായ മത്സരത്തിൽ റൊണാൾഡോക്ക് കളിക്കാനാവും. ഈ ആഴ്ച സൗദി പ്രോ ലീഗിൽ അൽ നസ്റിന് വേണ്ടി അൽ റഈദ് എഫ്.സിക്കെതിരായ മത്സരത്തിൽ റൊണാൾഡോ ഇറങ്ങുന്നുണ്ട്.
മൂന്ന് ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത മാഞ്ചസ്റ്റർ യുനൈറ്റഡ് േപ്ലമേക്കർ ബ്രൂണോ ഫെർണാണ്ടസ് ആണ് ലക്സംബർഗിനെതിരെ പോർച്ചുഗലിനായി മിന്നിത്തിളങ്ങിയത്. വിജയികൾക്കായി ഗോൾസാലോ ഇനാസിയോ, ഗോൺസാലോ റാമോസ്, ഡിയോഗൊ ജോട്ട എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ റിക്കാർഡോ ഹോർട്ട, ബ്രൂണോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ് എന്നിവർ ഓരോ ഗോൾ നേടി.
12ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ബോക്സിന് പുറത്തുനിന്ന് നൽകിയ ക്രോസ് ഉയർന്നുചാടി ഹെഡറിലൂടെ വലയിലെത്തിച്ച് ഗോൺസാലോ ഇനാസിയോ ആണ് പോർച്ചുഗലിന്റെ ഗോൾവേട്ട തുടങ്ങിയത്. അഞ്ച് മിനിറ്റിന് ശേഷം ലക്സംബർഗ് പ്രതിരോധ താരത്തിൽനിന്ന് തട്ടിയെടുത്ത പന്ത് ഫെർണാണ്ടസിലൂടെ ഗോൾസാലോ റാമോസിലെത്തുകയും താരത്തിന്റെ ഇടങ്കാലൻ ഷോട്ട് ഗോൾകീപ്പർ അവസരമൊന്നും നൽകാതെ വലയിലെത്തുകയും ചെയ്തു. 33ാം മിനിറ്റിൽ റാമോസ് രണ്ടാം ഗോളും നേടി. ഇടതുവിങ്ങിലൂടെ മുന്നേറിയ ലിയാവോ നൽകിയ മനോഹരമായ പാസ് എതിർ ഡിഫൻഡറെ വിദഗ്ധമായി വെട്ടിയൊഴിഞ്ഞ് ക്ലിനിക്കൽ ഫിനിഷിലൂടെ പി.എസ്.ജി സ്ട്രൈക്കർ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഇനാസിയോ തന്റെ രണ്ടാം ഗോൾ നേടി. ഇത്തവണയും ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസാണ് ഗോളിലേക്ക് നയിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ ഡിയോഗോ ജോട്ട അഞ്ചാം ഗോളും പത്ത് മിനിറ്റിനകം റിക്കാർഡോ ഹോർട്ട ആറാം ഗോളും നേടി. 77ാം മിനിറ്റിൽ ഡിയോഗോ ജോട്ട വീണ്ടും ലക്ഷ്യം കണ്ടു. ആറ് മിനിറ്റിനകം ബ്രൂണോ ഫെർണാണ്ടസിലൂടെ എട്ടാം ഗോൾ നേടിയ പോർച്ചുഗൽ 88ാം മിനിറ്റിൽ ജാവോ ഫെലിക്സിലൂടെ പട്ടിക പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.