മെസ്സിക്കെതിരെ നടപടിയുണ്ടാകുമോ?; എം.എൽ.എസിലെ അരങ്ങേറ്റത്തിന് പിന്നാലെ വിവാദങ്ങളും
text_fieldsന്യൂജഴ്സി: മേജർ സോക്കർ ലീഗിൽ (എം.എൽ.എസ്) ഇതിഹാസ താരത്തിന്റെത് അവിസ്മരണീയമായ അരങ്ങേറ്റമായിരുന്നു. ന്യൂയോർക്ക് റെഡ് ബുൾസിനെ ഏകപക്ഷീയമായ രണ്ടുഗോളിന് കീഴടക്കിയ ഇന്റർമയാമിക്ക് വേണ്ടി പകരക്കാരനായി ഇറങ്ങിയാണ് ലയണൽ മെസ്സി ഗോളടിച്ചത്. ഹാരിസണിലെ റെഡ്ബുൾ അറീനയിൽ നിറഗാലറിയുടെ ആവേശാരവങ്ങൾക്കു കീഴെ നിറഞ്ഞാടിയ സൂപ്പർതാരം മത്സരത്തിന് പിന്നാലെ ചില വിവാദങ്ങളിലും അകപ്പെട്ടു.
എം.എൽ.എസിലെ നിയമങ്ങൾ ലംഘിച്ചുവെന്നാരോപണമാണ് മെസ്സിക്കെതിരെ ഉയരുന്നത്. റെഡ് ബുൾസിനെതിരായ മത്സരത്തിന് ശേഷം, മെസ്സി മാധ്യമങ്ങളോട് സംസാരിച്ചില്ലെന്നും എല്ലാ താരങ്ങളും മത്സരശേഷം മാധ്യമ അഭിമുഖത്തിന് തയാറാകണമെന്നാണ് എം.എൽ.എസ് നിയമമെന്നും ചൂണ്ടിക്കാണിക്കുന്നു. ടൂർണമെന്റിന്റെ മാധ്യമ നിയമങ്ങളുടെ ലംഘനമാണ് മെസ്സി ചെയ്തതെന്നാണ് ആക്ഷേപം.
അതേസമയം, മെസ്സിയെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരില്ലെന്ന് ഇന്റർ മിയാമി വക്താവ് മോളി ഡ്രെസ്‌ക മത്സരശേഷം പറഞ്ഞതായി വാർത്താ ഏജൻസി എ.പി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
എല്ലാ കളിക്കാരും മത്സരശേഷം മാധ്യമങ്ങളെ കാണണമെന്ന് എം.എൽ.എസിന്റെ കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാൻ കോർട്ടമാഞ്ചെ പറഞ്ഞിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, മെസ്സി നേരിടേണ്ടിവരുന്ന ശിക്ഷയുടെ സ്വഭാവത്തെക്കുറിച്ചും തീവ്രതയെക്കുറിച്ചും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.
തോൽവിയുടെ പടുകുഴിയിലായിരുന്ന ഇന്റർ മയാമി മെസ്സി എത്തിയതിൽ പിന്നെ തോറ്റിട്ടില്ല. തുടർച്ചയായ ഒമ്പതാം മത്സരത്തിലും മെസ്സിയും സംഘവും ജയിച്ചുകയറുകയായിരുന്നു. അർജന്റീനാ നായകന്റെ ചിറകിലേറി ചരിത്രത്തിലാദ്യമായി ലീഗ്സ് കപ്പിൽ മുത്തമിട്ട മയാമി കഴിഞ്ഞ ആഴ്ചയാണ് യു.എസ്.ഓപൺ കപ്പ് ഫൈനലിൽ പ്രവേശിച്ചത്. എം.എൽ.എസിൽ 15ാം സ്ഥാനത്തായിരുന്ന ടീം ന്യൂയോർക്കിനെതിരായ വിജയത്തോടെ ഒരു സ്ഥാനം മുകളിലെത്തി. മയാമിക്ക് വേണ്ടി ഒമ്പതാം മത്സരത്തിനിറങ്ങിയ മെസ്സി പുതിയ ക്ലബിനുവേണ്ടി ഇതുവരെ 11 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.