ബാഴ്സലോണയിലെ തുടക്കത്തിൽ ലയണൽ മെസ്സി ഫ്രീ-കിക്ക് എടുക്കാതിരുന്നത് എന്തുകൊണ്ടാകും!
text_fieldsസൂപ്പർതാരം ലയണൽ മെസ്സി തന്‍റെ ഫുട്ബാൾ കരിയറിൽ 60ലധികം ഫ്രീ-കിക്ക് ഗോളുകൾ നേടിയിട്ടുണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന നിരവധി ഗോളുകളും ഇതിൽ ഉൾപ്പെടും.
എന്നാൽ, ക്ലബ് ഫുട്ബാളിന്‍റെ തുടക്കത്തിൽ ബാഴ്സലോണയിൽ അർജന്‍റീന താരം ഫ്രീ-കിക്ക് എടുത്തിരുന്നില്ല. ടീമിലെ സഹതാരങ്ങൾ കിക്കെടുക്കുന്നത് ആവേശപൂർവം നോക്കിനിൽക്കുന്ന മെസ്സിയെയാണ് അന്ന് കാണാൻ കഴിഞ്ഞതെന്ന് ബാഴ്സയുടെയും സെവ്വിയയുടെയും മുൻ ഗോൾകീപ്പറായ ജുവാൻ കാർലോസ് അൻസു പറയുന്നു. മുൻ ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡിഞ്ഞോ, മുൻ പോർചുഗീസ് സെൻട്രൽ മിഡ്ഫീൽഡർ ഡെക്കോ, മുൻ മെക്സിക്കൻ പ്രതിരോധ താരം റാഫേൽ മാർക്വേസ് എന്നിവരായിരുന്നു പതിവായി അന്ന് ബാഴ്സലോണക്കായി കിക്കെടുത്തിരുന്നത്. മൂവരും കിക്കെടുക്കുന്നതിൽ ഒന്നിനൊന്ന് മികച്ചവരായിരുന്നു.
13ം വയസ്സിലാണ് ബാഴ്സയുടെ ഫുട്ബാൾ നഴ്സറിയായ ലാ മാസിയയിൽ മെസ്സി കരിയർ തുടങ്ങുന്നത്. പിന്നാലെ 16ാം വയസ്സിൽ ബാഴ്സക്കായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ‘മെസ്സി ആദ്യമായി ബാഴ്സയുടെ സീനിയർ ടീമിലെത്തുമ്പോൾ റൊണാൾഡിഞ്ഞോ, ഡെക്കോ, മാർക്വേസ് എന്നിവരെ പോലെ മികച്ച താരങ്ങൾ ടീമിലുണ്ടായിരുന്നു. പരിശീലനത്തിനുശേഷവും ഈ താരങ്ങൾ ഗ്രൗണ്ടിൽ തന്നെ തുടരും. പക്ഷേ, മെസ്സി പന്തിനു മുകളിലിരുന്ന് ഇവരുടെ പരിശീലനം നോക്കിയിരിക്കും’ -അൻസു ഒരു സ്പോർട്സ് മാധ്യമത്തോട് പറഞ്ഞു.
ലാ മാസിയ അക്കാദമിയിലുള്ള സമയത്ത് ഫ്രീ-കിക്കുകളിലൂടെ ഗോൾ സ്‌കോർ ചെയ്‌തിട്ടും എന്തുകൊണ്ടാണ് കിക്കെടുക്കാൻ പരിശീലിക്കാതെ മാറി നിൽക്കുന്നതെന്ന് അൻസു മെസ്സിയോട് ചോദിച്ചപ്പോൾ, ഇത് എന്റെ സമയമല്ലെന്നായിരുന്നു 16കാരനായ താരം അന്ന് മറുപടി നൽകിയത്. ഇത് റൊണാൾഡീഞ്ഞോയുടെയും ഡെക്കോയുടെയും മാർക്വേസിന്റെയും സമയമാണെന്നും മെസ്സി വ്യക്തമാക്കി.
ഇന്നിപ്പോൾ ഫ്രീ-കിക്ക് ലക്ഷ്യത്തിലെത്തിക്കുന്നതിൽ മെസ്സിയെ വെല്ലാൻ ലോക ഫുട്ബാളിൽ മറ്റൊരു താരമില്ലെന്ന് പറയുന്നത് അതിശയോക്തിയാകില്ല. ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിച്ചും മെസ്സി ആരാധകരെ അമ്പരപ്പിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.