'ക്യാപ്റ്റൻ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ്'; ലൂണ ആദ്യ കളിയിൽ കളിക്കാത്തതിന് കാരണം ഇതാണ്...
text_fields2024-25 സീസണിലെ ആദ്യ ഐ.എസ്.എൽ മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് പുറത്ത് വന്നപ്പോൾ തന്നെ ആരാധകർ നിരാശരായിരുന്നു. ക്യാപ്റ്റനും ടീമിന്റെ സൂപ്പർ താരവുമായ അഡ്രിയാൻ ലൂണയുടെ അഭാവമായിരുന്നു ഇതിന് കാരണം. പകരക്കാരുടെ നിരയിൽ പോലും ലൂണ ഇല്ലാതിരുന്നതോടെ ആരാധകരുടെ ആശങ്ക വർധിക്കുകയും ചെയ്തു. മത്സരം ആരംഭിച്ചതിന് ശേഷം ലൂണ കളിക്കാത്തതിന്‍റെ കാരണം കമന്‍റേറ്റർമാർ പറയുന്നുണ്ടായിരുന്നു. അസുഖ ബാധിതനായതിനാലാണ് ലൂണക്ക് പഞ്ചാബ് എഫ്.സിക്കെതിരായ മത്സരം നഷ്ടമായതെന്നാണ് കമന്റേറ്റർമാർ കളിക്കിടെ വ്യക്തമാക്കിയത്.
ടീമിന്‍റെ നെടുംതൂണായ അഡ്രിയാൻ ലൂണ ഇല്ലാതിരുന്നത് പഞ്ചാബിനെതിരായ കളിയിൽ മഞ്ഞപ്പടയുടെ കളിയൊഴുക്കിനെ സാരമായി തന്നെ ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ച വ്യക്തിപരമായ കാരണങ്ങൾ മൂലം നാട്ടിലേക്ക് പോയിരുന്ന ലൂണ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ, അസുഖം തിരിച്ചടിയാകുകയായിരുന്നു. ലൂണയുടെ അഭാവത്തിൽ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചാണ് പഞ്ചാബ് എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞത്.
അടുത്തയാഴ്ച ഈസ്റ്റ് ബംഗാളിനെതിരെ നടക്കുന്ന മത്സരത്തിൽ ലൂണ കളിക്കുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ മിലോസ് ഡ്രിൻസിച്ച്, അലസാന്ദ്രെ കോഫ്, നോഹ സദൗയി, ക്വാമെ പെപ്ര എന്നിവരാണ് മഞ്ഞപ്പടയുടെ നാല് വിദേശ താരങ്ങളായി ആദ്യ കളിയിൽ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം പിടിച്ചത്.
ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. പകരക്കാരനായെത്തിയ ലൂക മജ്സെനും ഫിലിപ്പ് മർജലികുമാണ് പഞ്ചാബിനായി വലകുലുക്കിയത്. 86ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ലൂക മജ്സെൻ ടീമിനെ മുന്നിലെത്തിച്ചെങ്കിലും 92ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ജീസസ് നൂനസ് ടീമിന് സമനില സമ്മാനിച്ചു. ആ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ഫിലിപ്പ് മർജലിക് 94ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി പഞ്ചാബിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.