ഇന്ത്യൻ ഫുട്ബാളിന്റെ നിലവാരം മെച്ചപ്പെടുത്തും -അനിൽകുമാർ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഫുട്ബാളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ പുതിയ സെക്രട്ടറി ജനറൽ പി. അനിൽകുമാർ. ആ തലത്തിൽ എത്താൻ എത്ര സമയമെടുക്കുമെന്ന് അറിയില്ല. എന്നാലും ഇനിയും നന്നായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് തുടങ്ങുന്നത്. വിജയിക്കുന്നതുവരെ തളരില്ലെന്നും ഫുട്ബാൾ ഹൗസിലെത്തി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.
നിലവാരം മെച്ചപ്പെടുമ്പോൾ കാണികളുടെയും പ്രേക്ഷകരുടെയും എണ്ണവും കൂടും. വർഷങ്ങളായി ഇന്ത്യൻ ഫുട്ബാൾ വളർന്നുവരുകയാണെങ്കിലും ഫിഫ റാങ്കിങ് പരിശോധിച്ചാൽ പ്രതീക്ഷിച്ച നിലവാരത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാവും. അതിനാൽ, റാങ്കിങ് മെച്ചപ്പെടുത്തുന്നതിന് വലിയ ഉത്തരവാദിത്തമുണ്ട്. ഇന്ത്യൻ ഫുട്ബാളിനെ അന്താരാഷ്ട്രതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുന്നതിലും എല്ലാ ഓഹരി ഉടമകളുമായും ഒരുമിച്ച് പ്രവർത്തിക്കുന്നതിലുമായിരിക്കും ശ്രദ്ധ. താഴേതട്ട് മുതൽ ഉന്നത ഡിവിഷൻ വരെയുള്ള എല്ലാ മേഖലകളിലും എല്ലായ്പ്പോഴും മുൻഗണനയുണ്ട്. ക്ലബ് ഉടമകളുമായും നിക്ഷേപകരുമായും ഇരുന്ന് ആസൂത്രണം ചെയ്യും. വിശദമായി പഠിക്കാനും മനസ്സിലാക്കാനും എ.എഫ്.സിയുടെയും ഫിഫയുടെയും സാധ്യമായ പിന്തുണ തേടും. യഥാർഥത്തിൽ നമുക്ക് എവിടെയാണോ കുറവുള്ളത് അവിടെ എന്തെങ്കിലും ചെയ്യാനും ഒരു ദീർഘകാല തന്ത്രം ആസൂത്രണം ചെയ്യാനും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹായത്തിന് ശ്രമിക്കുമെന്നും അനിൽകുമാർ തുടർന്നു.
‘‘ഇത് വളരെ വലിയ ഉത്തരവാദിത്തമാണെന്ന് എനിക്കറിയാം. കേരള ഫുട്ബാൾ അസോസിയേഷനുമായി ചേർന്ന് വളരെക്കാലമായി പ്രവർത്തിക്കുകയും വിവിധ വകുപ്പുകളെ മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. മത്സരങ്ങൾ മുന്നിൽക്കണ്ട് അംഗ അസോസിയേഷനുകൾക്കും ഇന്ത്യൻ ഫുട്ബാളിലെ മറ്റു പങ്കാളികൾക്കുമൊപ്പം ഒരു ടീമായി പ്രവർത്തിക്കും’’ -അനിൽകുമാർ വ്യക്തമാക്കി. എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം. സത്യനാരായണനും ട്രഷറർ കൃപ അജയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
നിലവിൽ കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് അനിൽകുമാർ. മലയാളിയായ ഷാജി പ്രഭാകരനെ കഴിഞ്ഞ വർഷം നവംബറിൽ പുറത്താക്കിയതിനെത്തുടർന്ന് പകരക്കാരനായാണ് എറണാകുളം സ്വദേശിയായ അനിൽകുമറിനെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.