റാറ്റ്ക്ലിഫ് രക്ഷകനാവുമോ?; മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഓഹരി സ്വന്തമാക്കിയ കോടീശ്വരനിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
text_fieldsലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബാളിലെ വമ്പൻ ക്ലബുകളിലൊന്നായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ 25 ശതമാനം ഓഹരികൾ ഇനി ലണ്ടൻ ആസ്ഥാനമായ ‘ഇനിയോസ്’ ഗ്രൂപ്പ് ചെയർമാൻ ജിം റാറ്റ്ക്ലിഫിന് സ്വന്തം. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ ജിം റാറ്റ്ക്ലിഫ് ഓഹരികൾ വാങ്ങുന്ന വിവരം ക്ലബ് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. 1.25 ബില്യൺ പൗണ്ടാണ് (1.6 ബില്യൺ ഡോളർ) ഓഹരി സ്വന്തമാക്കാൻ 71കാരൻ ചെലവിടുന്നത്. ക്ലബിന്റെ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിലെ ഭാവി നിക്ഷേപത്തിനായി 300 ദശലക്ഷം ഡോളറും നൽകും.
യുനൈറ്റഡ് വീണ്ടും യൂറോപ്യൻ ഫുട്ബാളിന്റെ ഉയരങ്ങളിലെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും ദീർഘകാലത്തേക്ക് അതിന് പ്രതിജ്ഞാബദ്ധനാണെന്നും റാറ്റ്ക്ലിഫ് പറഞ്ഞു. വെല്ലുവിളികൾ ഏറ്റെടുക്കുന്നതായി അറിയിച്ച അദ്ദേഹം, ക്ലബിന്റെ കിരീട വരൾച്ചക്ക് മാറ്റംവരുത്തി തിരിച്ചുവരവിനായി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും കൂട്ടിച്ചേർത്തു.
2005ൽ 790 ദശലക്ഷം പൗണ്ടിനാണ് നിലവിലെ ഉടമസ്ഥരായ ഗ്ലേസേഴ്സ് കുടുംബം യുനൈറ്റഡിനെ സ്വന്തമാക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ വിട്ടതിന് പിന്നാലെ ക്ലബ് വില്‍ക്കാൻ ഉടമകൾ ശ്രമം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താൽപര്യം അറിയിച്ച് റാറ്റ്ക്ലിഫ് രംഗത്തെത്തിയത്. ഖത്തർ വ്യവസായി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയും യുനൈറ്റഡിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അമേരിക്കന്‍ ശതകോടീശ്വരനും ട്വിറ്ററിന്റെ ഉടമയുമായ ഇലോണ്‍ മസ്‌കും ക്ലബ് വാങ്ങാൻ താൽപര്യം അറിയിച്ചിരുന്നു.
അഞ്ചു വര്‍ഷമായി പ്രധാന കിരീടങ്ങളൊന്നുമില്ലാത്ത ക്ലബിന്റെ ഉടമസ്ഥാവകാശം മാറണമെന്ന് ആരാധര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെയായി. ഇക്കാര്യം ഉന്നയിച്ച് ആരാധകര്‍ പ്രകടനങ്ങളും നടത്തിയിരുന്നു. 2017ല്‍ യൂറോപ ലീഗും ലീഗ് കപ്പും നേടിയതാണ് ക്ലബിന്റെ അവസാന കിരീട നേട്ടങ്ങള്‍. 2013ൽ അലക്‌സ് ഫെര്‍ഗൂസൻ പരിശീലകന്റെ ചുമതല ഒഴിഞ്ഞ ശേഷം കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ക്ലബിന് കഴിഞ്ഞിട്ടില്ല.
മികച്ച താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും സീസണിൽ ടീമിന്റെ പ്രകടനം പരിതാപകരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 18 കളിയിൽ ഒമ്പത് ജയവും എട്ട് തോൽവിയുമായി 28 പോയന്റുമായി എട്ടാമതാണവർ. റാറ്റ്ക്ലിഫിന്റെ വരവോടെ ക്ലബ് പുതിയ ഉയരങ്ങളിലേക്ക് ചുവട് വെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.