ജർമനിയിൽ വിരിയുമോ ബയേർ വസന്തം?
text_fieldsർലിൻ: ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക് വാഴ്ച തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. പ്രതിഭാധാരാളിത്തവും ടീം മികവും പരിഗണിച്ചാൽ ഇത്തവണയും മറ്റൊരു സംഘം ആ കിരീടം സ്വപ്നം കാണേണ്ടിയിരുന്നില്ല. കരിയറിന്റെ നല്ല പാതി കഴിച്ചുകൂട്ടിയ ഇംഗ്ലീഷ് മണ്ണിൽ പിടിക്കാനാവാത്ത കിരീടം ഇവിടെ സഫലമാകുമെന്ന മോഹവുമായി ഹാരി കെയ്ൻ മുൻനിരയിൽ എത്തിയതുകൂടി പരിഗണിച്ചാൽ മ്യൂണിക്കുകാർ മാത്രമായിരുന്നു ചിത്രത്തിൽ.
പക്ഷേ, സീസൺ പാതിയിലേറെ പിന്നിടുമ്പോൾ കഥ മറ്റൊന്നാണ്. ബുണ്ടസ് ലിഗയുടെ ചരിത്രത്തിൽ ഇതുവരെയും ചാമ്പ്യൻപട്ടം തൊടാൻ ഭാഗ്യം ലഭിക്കാത്ത ‘ഇത്തിരിക്കുഞ്ഞന്മാർ’ ബഹുദൂരം മുന്നിലാണ്. സാവി അലൻസോയെന്ന പഴയ സ്പാനിഷ് മിഡ്ഫീൽഡ് ജനറൽ പരിശീലിപ്പിക്കുന്ന ബയേർ ലെവർകൂസനാണിപ്പോൾ ജർമൻ ലീഗിന്റെ ടീം.
വീഴാൻ ഇനിയെത്ര റെക്കോഡുകൾ
32ഉം അതിലേറെയും തവണ തുടർജയങ്ങളെന്ന റെക്കോഡിലേറിയാണ് ബയേറിന്റെ കുതിപ്പ്. ലൈപ്സീഗിനെയും ഗ്ലാഡ്ബാഹിനെയും ഡാംസ്റ്റാഡ്റ്റിനെയും വൻമാർജിനിൽ തുരത്തി സീസൺ തുടങ്ങിയവർ ബയേണിനെ അവരുടെ മൈതാനത്ത് സമനിലയിൽ പിടിച്ചും പിറകെ സ്വന്തം തട്ടകത്തിൽ കാൽഡസൻ ഗോളുകൾക്ക് തകർത്തുമാണ് വരവറിയിച്ചത്.
ആദ്യ നാലു മത്സരങ്ങളിൽ ടീം 10 പോയന്റെന്ന വലിയ നേട്ടം തൊടുമ്പോൾ അത് അവരുടെ ചരിത്രത്തിലെ എന്നത്തേയും മികച്ച പോയന്റ് നിലയായിരുന്നു. ബയേണിനു പുറമെ ബൊറൂസിയ ഡോർട്മണ്ട്, സ്റ്റുട്ട്ഗർട്ട്, ഗ്ലാഡ്ബാഹ് ടീമുകൾ മാത്രമാണ് സമനിലയുമായി അവർക്ക് മുന്നിൽ രക്ഷപ്പെട്ടത്. ഓരോ കളിയിലും മികവിന്റെ അളവുകോലുകൾ പുതിയത് തെളിച്ചുപിടിച്ചാണിപ്പോൾ ടീമിന്റെ മുന്നേറ്റം. കൊളോൺ, ബ്രെമൻ ടീമുകളെ കാൽഡസൻ ഗോളിനും പിറകെ ബോച്ചമിനെ 4-0ത്തിനും വീഴ്ത്തിയവർ ഒടുവിൽ ബയേണിനെ കടന്നതും കാൽഡസൻ ഗോളുകൾക്ക്. 22 കളികളിൽ മാത്രം ടീം എതിർവലയിലെത്തിച്ചത് 57 ഗോളുകൾ. പോയന്റാകട്ടെ, ഒന്നുകൂടി കടന്ന് 58ഉം. ബുണ്ടസ് ലിഗയുടെ ചരിത്രത്തിൽ ഈ ഘട്ടത്തിൽ ഇത്രയും പോയന്റ് ഗാർഡിയോളക്ക് കീഴിൽ ബയേൺ മാത്രമാണ് നേടിയിരുന്നത്- 2013/14, 2015/16 സീസണുകളിൽ.
ടീമിന്റെ മായിക പ്രകടനങ്ങൾ അവിടെയും നിൽക്കുന്നില്ല. യുവേഫ യൂറോപ ലീഗിൽ ആറു കളികളിൽ ആറും ജയിച്ചാണ് ടീമിന്റെ വരവ്. ഡി.എഫ്.ബി കപ്പിൽ ടീം സെമിയിലെത്തിക്കഴിഞ്ഞു. നിലവിലെ സീസണിൽ ഒരു കളിപോലും തോൽക്കാതെ യൂറോപ്പിൽ ഒരു ടീം പോലുമില്ലെന്നതുകൂടി ചേർത്തുവായിക്കുമ്പോഴേ സാവിയുടെ അത്ഭുത മന്ത്രങ്ങളും തന്ത്രങ്ങളും ടീം എങ്ങനെ മൈതാനത്ത് നടപ്പാക്കിയെന്ന് അടുത്തറിയൂ.
കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ മൂസ ദിയാബി ടീം വിട്ടാണ് ബയേർ പുതിയ കായിക വർഷത്തിലേക്ക് ബൂട്ടുകെട്ടുന്നത്. പകരം പക്ഷേ, നാലു കൊമ്പന്മാർ ടീമിലെത്തി. സ്വിസ് നായകൻ ഷാക ഖാദിരി, ബെൻഫിക്കയിൽനിന്ന് അലിയാന്ദ്രാ ഗ്രിമാൾഡോ എന്നിവരും ജൊനാസ് ഹോഫ്മാൻ, വിക്ടർ ബോണിഫസ് എന്നിവരുമായിരുന്നു അവർ. സാവിക്ക് അവർ മതിയായിരുന്നു. ആദ്യ 16 കളികളിൽ 10ലും ഒരേ ഇലവനെ ഇറക്കിയ അദ്ദേഹം അവയിലെല്ലാം മികച്ച സ്കോറിന് ജയിച്ചെന്നും ഉറപ്പാക്കി. അമീൻ അദ്ലി, പാട്രിക് ഷിക്, ബോർയ ഇഗ്ലെസിയാസ് എന്നിവരും ഗോളിയും ക്യാപ്റ്റനുമായ ലുകാസ് ഹ്രാഡിക്കിയും ചേരുമ്പോൾ ഈ ടീം എന്തിനോടും കൊമ്പുകോർക്കാൻ പാകത്തിലുള്ളതാണ്.
സാവി ഫാക്ടർ
2022 ഒക്ടോബറിൽ സാവി അലൻസോ ടീമിലെത്തുമ്പോൾ ബുണ്ടസ് ലിഗയിലടക്കം ബഹുദൂരം പിറകിലായിരുന്നു ടീം. പരിശീലകനായ ശേഷം ആദ്യ കളിയിൽതന്നെ ഷാൽക്കെയെ എതിരില്ലാത്ത നാലു ഗോളിന് ടീം തകർത്തു. ഒടുവിൽ പോയന്റ് പട്ടികയിൽ മോശമല്ലാത്ത കുതിപ്പ് നൽകി ടീമിനെ ആറാം സ്ഥാനത്തെത്തിച്ചു. ടീമിനൊപ്പം 18 മാസം തികയുമ്പോൾ സാവിയെ കണ്ടു പഠിക്കുകയാണ് കോച്ചുമാർ. ക്ലോപ് പോകുന്ന ലിവർപൂൾ ഉൾപ്പെടെ സാവിക്കായി വലവിരിച്ചുതുടങ്ങിയതും പിന്നീടുള്ള ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.