ഇനിയെങ്കിലും വരുമോ ‘കപ്പടിപ്പിക്കുന്ന’ കോച്ച്?
text_fieldsകൊച്ചി: ‘കലിപ്പടക്കണം, കപ്പടിക്കണം’ എന്നായിരുന്നു ഒരുകാലത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമോ സോങ്ങിലെ ഹിറ്റായ വരികൾ. എന്നാൽ പത്തു വർഷത്തിലേറെയായിട്ടും കപ്പടിച്ചുമില്ല, ആരാധകരുടെ കലിപ്പുമടങ്ങിയില്ല. ഐ.എസ്.എൽ തുടങ്ങിയ ആദ്യ സീസൺ (2014) മുതലുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ സീസണിലുൾപ്പെടെ മൂന്നു തവണ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ട നിർഭാഗ്യവാൻമാരാണ് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട. 2014, 2016, 2021-22 സീസണുകളിലാണ് ഫൈനൽ പോരിൽ ടീം തോറ്റു മടങ്ങുന്നത്. ഓരോ തോൽവിക്കു പിന്നാലെയും പുതിയ കോച്ചിനെയും ടീമിനെയും കൊണ്ടുവരും. എന്നാൽ വൈകാതെ അവരും നിരാശ സമ്മാനിക്കും. ഏറ്റവുമൊടുവിൽ സീസണിലെ മധ്യത്തിൽ വെച്ച് പുതിയ കോച്ചിനെ പുറത്താക്കിയതിലൂടെ ഏറെ നാളായി ‘കലിപ്പിലുള്ള’ ആരാധകരെ തൃപ്തിപ്പെടുത്താമെന്ന ധാരണയിലായിരുന്നു മാനേജ്മെൻറ്. എന്നാൽ, ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇതിനകം മഞ്ഞപ്പട എന്ന ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. തെറ്റായ ട്രാൻസ്ഫർ, ദീർഘ വീക്ഷണമില്ലായ്മ തുടങ്ങിയ മാനേജ്മെൻറ് പിഴവുകൾ മറച്ചുവെക്കാൻ കോച്ചിനെ തെറിപ്പിച്ചു എന്ന ആരോപണവും ശക്തമാണ്.
നിലവിൽ സീസണിലെ 12 മത്സരങ്ങൾ ഇനിയും ബ്ലാസ്റ്റേഴ്സിനു മുന്നിലുണ്ട്. പുതിയ കോച്ച് ഉടൻ തന്നെ വരുമെന്ന് കെ.ബി.എഫ്.സി അറിയിക്കുന്നുണ്ടെങ്കിലും ഞായറാഴ്ചത്തെ മുഹമ്മദൻസ് എസ്.സിയുമായുള്ള മത്സരത്തിനു മുമ്പ് നിയമനം ഉണ്ടാവാനിടയില്ല. ദ്രുതഗതിയിൽ നിയമിച്ചാൽ തന്നെ, കളിക്കാരുമായും അവരുടെ ശൈലികളുമായി പരസ്പരം സമരസപ്പെടാനും മറ്റുമുള്ള സമയവും വേണ്ടിവരും.
ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട, ഏറ്റവും കൂടുതൽ കാലം കോച്ചായിരുന്ന ഇവാൻ വുകോമനോവിച്ചിനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെടുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്. കഴിഞ്ഞ സീസണിലെ തോൽവിക്കു പിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ഇവാൻ ചിലപ്പോൾ തിരിച്ചെത്തിയേക്കും എന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ സജീവമാണ്. അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയിലെ ‘തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതുവരെ ചില ആളുകൾക്ക് അത് എത്ര പ്രധാനമാണെന്ന് അറിയില്ല’ എന്ന അടിക്കുറിപ്പ് ഇതിനുള്ള സൂചനയായി കാണുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.