ഹൈദരാബാദിനെതിരെ ജയം; കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്
text_fieldsപനാജി: അലകടലായി ഇരു ഗോൾമുഖങ്ങളും വിറകൊണ്ട ആവേശപ്പോരിൽ കരുത്തരായ ഹൈദരാബാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തോൽവിയറിയാത്ത തുടർച്ചയായ ഒമ്പതാം മത്സരത്തിലാണ് ഐ.എസ്.എൽ ചരിത്രത്തിൽ ആദ്യമാി ടീം ഒന്നാം സ്ഥാനം പിടിക്കുന്നത്.
പോയന്റ് നിലയിലെ ചെറിയ മാറ്റം ഒഴിച്ചുനിർത്തിയാൽ അക്ഷരാർഥത്തിൽ ഒപ്പത്തിനൊപ്പംനിന്ന ഇരുടീമുകൾ തമ്മിലായിരുന്നു വാസ്കോ തിലക് മൈതാനത്തെ ആവേശപ്പോര്. അവസാന എട്ടു കളികളിലും തോൽവിയറിയാത്ത രണ്ടു ടീമുകൾ. ഏതു കൊലകൊമ്പന്മാരെയും അനായാസം മുട്ടുകുത്തിച്ചവർ. അതേ പെരുമ വിടാതെ കാത്താണ് ഇരു ടീമുകളും ആദ്യ വിസിൽ മുതൽ ഞായറാഴ്ച അങ്കം കൊഴുപ്പിച്ചത്. ഒമ്പതാം മിനിറ്റിൽ ആദ്യ ഗോളവസരം തുറന്നത് ഹൈദരാബാദ്. എഡു ഗാർസിയ എടുത്ത ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോളിയുടെ വിരലുകൾ തലോടി പറന്നത് ക്രോസ്ബാറിൽ തട്ടി മടങ്ങി.
അതിനിടെ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ഗോളിയെ വീഴ്ത്തിയതിന് ഒഗ്ബെച്ചെ മഞ്ഞക്കാർഡ് കണ്ടു. 17ാം മിനിറ്റിലായിരുന്നു കേരളത്തിനു മുന്നിൽ അവസരം വന്നുതടയുന്നത്. ലൂന എടുത്ത ഫ്രീകിക്ക് എതിർഗോളി കട്ടിമണി തട്ടിയിട്ടെങ്കിലും വീണത് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു മുന്നിൽ. കൂട്ടപ്പൊരിച്ചിലിൽ എവിടെയുമെത്താതെ പന്ത് പെനാൽറ്റി ബോക്സ് വിട്ടതോടെ ഹൈദരാബാദ് നിരയിൽ ആശ്വാസം. വൈകാതെ അനികെതിനെ കൂട്ടി ഒഗ്ബെച്ചെ നടത്തിയ മുന്നേറ്റം പ്രതിരോധനിരയിലെ ഖബ്റയുടെ ഇടപെടലിൽ അവസാനിച്ചു.
പിന്നെയും അവസരങ്ങൾ തുറന്ന് പാഞ്ഞുനടന്ന മഞ്ഞപ്പടക്കായി 27ാം മിനിറ്റിൽ സഹൽ പ്രതീക്ഷ നൽകി. പെനാൽറ്റി ബോക്സിൽ പെരേരക്ക് പാസ് നൽകിയെങ്കിലും എതിർഗോളി അപകടമൊഴിവാക്കി. 42ാം മിനിറ്റിലായിരുന്നു കേരളം കാത്തിരുന്ന ഗോളെത്തുന്നത്. ലോങ്ത്രോ സഹൽ തലവെച്ചത് അസാധ്യ ഷോട്ടിൽ അൽവാരോ വാസ്ക്വസ് ഹൈദരാബാദ് വലയിലെത്തിച്ചു.
അതോടെ, കരുത്തുകൂട്ടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ഒരു പണത്തൂക്കം ആധിപത്യം കാട്ടിയെങ്കിലും എതിർഗോളിയും നിർഭാഗ്യവും വില്ലനായി. മറുവശത്ത്, പലവട്ടം ബ്ലാസ്റ്റേഴ്സ് നെഞ്ചിൽ തീ പടർത്തി ഒഗ്ബെച്ചെ കേരളമുഖത്ത് പാഞ്ഞെത്തിയത് അപകടകരമായി ഒഴിവാക്കിയത് കേരളത്തിന് ലീഡ് നിലനിർത്തി.
53ാം മിനിറ്റിൽ അനികെറ്റും 60ാം മിനിറ്റിൽ ഒഗ്ബെച്ചെയും നടത്തിയ നീക്കങ്ങൾ വലിയ അപകടം സൃഷ്ടിക്കാതെ മടങ്ങി. 72ാം മിനിറ്റിൽ അനികെറ്റിനെയും നിഖിൽ പൂജാരിയെയും പിൻവലിച്ച ഹൈദരാബാദ് രോഹിത് ദാനുവിനെയും യാസിർ മുഹമ്മദിനെയും ഇറക്കി. ഇതോടെ മൂർച്ച കൂടിയ ഹൈദരാബാദ് അതിവേഗ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ഏരിയയിൽ വട്ടമിട്ടുനിന്നു. അതിനിടെ സഹലിനു പകരം നിഷു കുമാർ എത്തി. 80ാം മിനിറ്റിൽ ഗോളി വീണുകിടക്കുന്നതിനിടെ ഹൈദരാബാദ് താരം ഗോളിലേക്കു പായിച്ചത് ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം തട്ടിയകറ്റി.
രണ്ടു മിനിറ്റ് കഴിഞ്ഞ് വാസ്ക്വസ് നടത്തിയ മനോഹര ഡ്രിബ്ലിങ് കളിയുടെ കൗതുകമായി. പിന്നെയും മൈതാനം നിറഞ്ഞ് മനോഹരനീക്കങ്ങളുമായി ബ്ലാസ്റ്റേഴ്സ് നിര ആവേശം കൊടുമുടിയോളമെത്തിച്ചു. ഇഞ്ച്വറി സമയത്ത് കോർണർ സ്വീകരിക്കുന്നതിലെ കൂട്ടപ്പൊരിച്ചിൽ ഗോളാക്കി ഹൈദരാബാദ് സമനില പിടിച്ചുവെന്ന് തോന്നിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ഒന്നിലേറെ തവണ കേരള താരങ്ങൾ എതിർഗോൾമുഖത്ത് അപകടം സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.
10 മത്സരങ്ങളിൽനിന്ന് നാല് ജയവും അഞ്ച് സമനിലയും ഒരു തോൽവിയുമടക്കം 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. രണ്ടാമതുള്ള മുംബൈ സിറ്റിക്കും 17 പോയിന്റുണ്ട്. ഗോൾ ശരാശരിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുകയായിരുന്നു.
മൂന്നും നാലും സ്ഥാനത്തുള്ള ഹൈദരാബാദിനും ജംഷദ് പുരിനും 16 വീതം പോയിന്റാണുള്ളത്. 15 പോയിന്റുമായി മോഹൻ ബഗാനാണ് അഞ്ചാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.