മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് ലീഗിലെ ആദ്യ തോൽവി
text_fieldsസൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കറിൽ ആദ്യ തോൽവി. മോൺട്രിയേൽ ആണ് രണ്ടിനെതിരെ മൂന്ന് ഗോളിന് മയാമിയെ വീഴ്ത്തിയത്. 12ാം മിനിറ്റിൽ തന്നെ മോൺട്രിയേൽ
ഗോളിനടുത്തെത്തിയെങ്കിലും മാറ്റിയസ് കോക്കറോക്ക് ലഭിച്ച സുവർണാവസരം അവിശ്വസനീയമായി പാഴാക്കി. എന്നാൽ, ഇതിനെ തുടർന്ന് ലഭിച്ച കോർണർ കിക്കിൽനിന്ന് ഫെർണാണ്ടോ അൽവാരസിന്റെ ഹെഡറിലൂടെ അവർ ലീഡ് പിടിച്ചു. 22ാം മിനിറ്റിൽ ജോർഡി ആൽബ ഗോൾ മടക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. വൈകാതെ ലീഡുയർത്താൻ മോൺട്രിയലിന് വീണ്ടും അവസരമൊത്തെങ്കിലും കോക്കറോ ആദ്യ അവസരം പാഴാക്കിയതിന്റെ സമാന രീതിയിൽ അതും തുലച്ചു.
ഇടവേളക്ക് പിരിയുന്നതിന് മുമ്പ് മയാമി തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും ടെയ്‍ലറുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തുപോയി. 59ാം മിനിറ്റിൽ ടെയ്‍ലറുടെ മനോഹര പാസിൽ ലിയാനാഡോ കംപാന മോൺട്രിയേൽ വലയിൽ പന്തെത്തിച്ചെങ്കിലും ഇത്തവണയും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. എന്നാൽ, കംപാന തന്നെ മയാമിക്കായി ഗോൾ മടക്കി. 71ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് ലഭിച്ച ക്രോസ് ഹെഡിറിലൂടെ പോസ്റ്റിനുള്ളിലാക്കുകയായിരുന്നു.
എന്നാൽ, നാല് മിനിറ്റിനകം മോൺട്രിയേൽ ലീഡ് തിരിച്ചുപിടിച്ചു. രണ്ട് സുവർണാവസരങ്ങൾ പാഴാക്കിയ കോക്കറോ ഇത്തവണ ഫ്രീകിക്കിനെ തുടർന്ന് ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതിന്റെ ചൂടാറും മുമ്പ് സുനുസി ഇബ്രാഹിമിലൂടെ മോൺട്രിയേൽ മൂന്നാം ഗോളും നേടി. എന്നാൽ, രണ്ട് മിനിറ്റിനകം ജോർഡി ആൽബയിലൂടെ മയാമി ഒരു ഗോൾ കൂടി തിരിച്ചടിച്ചു. വൈകാതെ സുവാരസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് സമനിലക്കുള്ള അവസരം നഷ്ടപ്പെടുത്തി. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിലും മയാമി അവസരം പാഴാക്കിയതോടെ തോൽവിയോടെ മടക്കമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.