വൂൾവ്സ് നായകൻ റൂബൻ നെവസ് അൽഹിലാലിൽ
text_fieldsലണ്ടൻ: പ്രീമിയർ ലീഗ് ടീം വൂൾവ്സിന്റെ നായകൻ റൂബൻ നെവസിനെ സ്വന്തമാക്കി സൗദി ക്ലബായ അൽ ഹിലാൽ. 4.7 കോടി പൗണ്ട് (ഏകദേശം 490 കോടി രൂപ) നൽകിയാണ് താരത്തെ സൗദി ലീഗിലെത്തിച്ചിരിക്കുന്നത്. ഈ മാസാദ്യത്തിൽ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമ സ്പാനിഷ് അതികായരായ റയൽ മഡ്രിഡ് വിട്ട് അൽ ഇത്തിഹാദിനൊപ്പം ചേർന്നിരുന്നു. ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെയും ഇത്തിഹാദിൽ ബെൻസേമക്കൊപ്പം ചേരും. സഹതാരമായിരുന്ന എഡോർഡ് മെന്റി മറ്റൊരു സൗദി ടീം അൽ അഹ്ലിയിലെത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പോർചുഗീസ് മിഡ്ഫീൽഡർ ബെർണാർഡോ സിൽവയെയും അൽ അഹ്ലി നോട്ടമിട്ടെന്ന വാർത്തകൾക്കിടെയാണിത്.
ഖത്തർ ലോകകപ്പ് കഴിഞ്ഞയുടൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് സൗദി ലീഗിലെത്തിയതോടെയാണ് യൂറോപ്യൻ ക്ലബുകളിൽനിന്ന് പണമൊഴുകുന്ന അറബ് മണ്ണിലേക്ക് കൂട്ടപലായനത്തിന് ചിറകുമുളച്ചത്. ഏറ്റവും മികച്ച താരങ്ങൾ എത്തുന്നതോടെ സൗദി പ്രോ ലീഗ് കൂടുതൽ മികച്ച അവസരമൊരുക്കുമെന്ന് താരങ്ങൾ കണക്കുകൂട്ടുന്നു.
പി.എസ്.ജിയിൽ കരാർ അവസാനിച്ച മെസ്സി ഫ്രഞ്ച് ലീഗ് വിട്ട് സൗദിയിലെത്തുമെന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക നൽകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, താരം അമേരിക്കൻ ലീഗ് തിരഞ്ഞെടുത്തു. സമാനമായി സൂചനയുണ്ടായിരുന്ന ബുസ്ക്വറ്റ്സും മെസ്സിയുടെ വഴിയെ ഇന്റർ മിയാമിയിലെത്തി.
വൂൾവ്സിൽ കരാർ അവസാനിക്കുന്ന മുറക്ക് ബാഴ്സലോണയിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് നേരതേത നെവസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, മതിയായ തുക നൽകാൻ ക്ലബിനാകാതെ വന്നതോടെയാണ് അൽ ഹിലാലിലേക്ക് ചേക്കേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.