മറഡോണക്കെതിരെ ഗ്രൗണ്ടിൽ പ്രതിഷേധിച്ച വനിതാ ഫുട്ബാൾ താരത്തിന് വധഭീഷണി
text_fieldsമഡ്രിഡ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. സ്പാനിഷ് ഫുട്ബോൾ താരം പൗല ഡപെനയാണ് മറഡോണയെ ആദരിക്കാൻ നടന്ന മൗനമാചരിക്കൽ ചടങ്ങിൽ പ്രതിഷേധിച്ചത്.
വിയാജെസ് ഇന്‍റെരിയാസ്- ഡിപോർടീവോ അബൻക്ക മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. വിയാജെസിന്‍റെ താരമാണ് 24കാരിയായ ഡപെന. മത്സരം ആരംഭിക്കുന്നതിന് മുൻപ് ഇരു ടീമുകളുടേയും താരങ്ങൾ ഗ്രൗണ്ടിൽ മറഡോണക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി ഒരു നിമിഷം മൗനമായി നിന്നു. എന്നാൽ ഡപെന ഇതിനു തയ്യാറായില്ല. ടീം അംഗങ്ങൾ നിരന്നു നിന്നപ്പോൾ താരം പുറം തിരിഞ്ഞ് നിലത്തിരുന്ന് കൊണ്ടാണ് താരം പ്രതിഷേധം അറിയിച്ചത്.
മറഡോണ ഗാർഹിക പീഡന കുറ്റവാളിയാണെന്നും അങ്ങനെയൊരാളെ ആദരിക്കാൻ തന്നെ കിട്ടില്ലെന്നും പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന പ്രതിഷേധം അറിയിച്ചത്.
" ഗാർഹിക പീഡന കുറ്റവാളിയായ ഒരാൾക്ക് വേണ്ടി മൗനം ആചരിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇതിനോട് എനിക്ക് ഒട്ടും യോജിക്കാൻ സാധിക്കുന്നില്ല"- ഡപെന പറഞ്ഞു.
'മറഡോണ ഒരു അസാധരണ കളിക്കാരനായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല. എന്നാൽ ഒരു വ്യക്തി എന്ന അർഥത്തിൽ അദ്ദേഹത്തിന് പല പോരായ്മകളുമുണ്ടായിരുന്നു- സംഭവത്തിനുശേഷം ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ഡെപന പറഞ്ഞു. ചെയ്ത കാര്യത്തിൽ പശ്ചാത്തപിക്കുന്നില്ലെന്നും അവർ അറിയിച്ചു.
'പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പലരും വിളിച്ചിരുന്നു. എന്നാൽ അതേസമയം, തനിക്ക് നേരെ വധഭീഷണിയും ഉണ്ടായിട്ടുണ്ട്. ചില ടീമംഗങ്ങൾക്ക് നേരെയും വധഭീഷണിയുണ്ട്.' പൗല ഡപേന പറഞ്ഞു.
ഡപേനയുടെ പ്രതിഷേധത്തിൽ അവരെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
2014ൽ അപ്പോഴത്തെ തന്‍റെ കാമുകിയെ മർദ്ദിക്കുന്ന മറഡോണയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് ഗാർഹിക പീഡന ആരോപണവും ഉയർന്നു. എന്നാൽ കാമുകിയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങുന്ന ദൃശ്യങ്ങളാണ് അതെന്നും സ്ത്രീകളെ താൻ ഉപദ്രവിക്കാറില്ലെന്നുമായിരുന്നു മറഡോണയുടെ വിശദീകരണം.
ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.