ഏഷ്യൻ കപ്പിൽ വനിതറഫറിമാർക്ക് അരങ്ങേറ്റം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഏഷ്യൻ കപ്പിലും കളി നിയന്ത്രിക്കാൻ പെൺപടയിറങ്ങുന്നു. അടുത്തവർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പിൽ രണ്ട് ഫീൽഡ് റഫറിമാരും മൂന്ന് അസിസ്റ്റന്റ് റഫറിമാരും ഉൾപ്പെടെ അഞ്ചു വനിതകൾ മത്സരം നിയന്ത്രിക്കാനുണ്ടാകും. വ്യാഴാഴ്ച എ.എഫ്.സി പ്രഖ്യാപിച്ച 74 അംഗ റഫറിമാരുടെ പട്ടികയിലാണ് ലോകകപ്പ് ഫുട്ബാളിൽ മത്സരം നിയന്ത്രിച്ച ജപ്പാന്റെ യോഷിമി യമാഷിതയും നിരവധി അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയമുള്ള ആസ്ട്രേലിയക്കാരി കെയ്റ്റ് ജാസ്വിക്സും ഇടം നേടിയത്. 67 വർഷത്തെ ചരിത്രമുള്ള ഏഷ്യൻ കപ്പ് പുരുഷ ഫുട്ബാളിൽ ആദ്യമായാണ് കളി നിയന്ത്രിക്കാൻ വനിതകളെയും ഉൾപ്പെടുത്തുന്നത്.
കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബാളിലും വനിതാ റഫറിമാർ അരങ്ങേറ്റം കുറിച്ചിരുന്നു. പുരുഷ താരങ്ങളുടെ ഉശിരൻ പോരാട്ടങ്ങൾ, അവർക്കൊപ്പം ഓടിയെത്തി കണിശമായി നിയന്ത്രിച്ച് ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കിയതിന്റെ തുടർച്ചയായാണ് ഏഷ്യൻ കപ്പിലും വനിതകൾക്ക് ഇടം നൽകാൻ വഴിയൊരുക്കിയത്. ലോകകപ്പിൽ മൂന്ന് ഫീൽഡ് റഫറിമാർ ഉൾപ്പെടെ ആറ് വനിത റഫറിമാരെയാണ് ഉൾപ്പെടുത്തിയത്. ഡിസംബർ ഒന്നിന് ജർമനി-കോസ്റ്ററീക മത്സരത്തിന്റെ മെയിൻ റഫറിയായി കളി നിയന്ത്രിച്ച് ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രാപർട്ട് പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ചിരുന്നു.
35 ഫീൽഡ് റഫറിമാരും, 39 അസി. റഫറിമാരും ഉൾപ്പെടെ 74 അംഗ സംഘത്തെയാണ് ഏഷ്യൻ കപ്പിനായി പ്രഖ്യാപിച്ചത്. വനിത റഫറിമാരുടെ അരങ്ങേറ്റത്തിനൊപ്പം വിഡിയോ അസി. റഫറിയിങ് സംവിധാനവും ആദ്യമായി ഏഷ്യാകപ്പിന്റെ ഭാഗമാവും. 2019 ഏഷ്യ കപ്പിൽ ക്വാർട്ടർ ഫൈനൽ റൗണ്ട് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാർ ഉപയോഗിച്ചിരുന്നു. 2024 ജനുവരി 12നാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കുന്നത്. ഏഴ് ലോകകപ്പ് വേദികൾ ഉൾപ്പെടെ ഖത്തറിലെ ഒമ്പത് സ്റ്റേഡിയങ്ങളിലായാണ് മത്സരം. ഫെബ്രുവരി 10ന് ലുസൈൽ സ്റ്റേഡിയത്തിൽ കലാശ പോരാട്ടവും നടക്കും. ഇന്ത്യ ഉൾപ്പെടെ 24 ടീമുകളാണ് വൻകരയുടെ അങ്കത്തിൽ മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.