വനിത ഫുട്ബാൾ ലീഗ്; വിവിയൻ: ഗോകുലത്തിന്റെ ഗോൾ യന്ത്രം
text_fieldsകോഴിക്കോട്: ഒമ്പത് മത്സരം...38 ഗോളുകൾ...! ആദ്യമായി കളിക്കളമുണർന്ന കേരള വനിത ലീഗ് ഫുട്ബാൾ കലാശപ്പോരിലേക്ക് എത്തുമ്പോൾ മൈതാനം നിറഞ്ഞുനിൽക്കുന്നത് ഒരേയൊരു പേരാണ്. വിവിയൻ കൊനേരു അഡ്ജെ. ഗോകുലം കേരള എഫ്.സിയുടെ ഗോൾ യന്ത്രം.
സ്കോർ ബോർഡിൽ ഓരോ ഗോളുകൾ കുറിക്കുമ്പോഴും ആകാശത്തേക്ക് കൈയുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന വിവിയൻ കൊനേരു, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. 10ാം നമ്പർ ജഴ്സിയിട്ട് മുൻനിരയിൽ കഴുകനെപ്പോലെ വട്ടമിട്ടു പായുന്ന ഈ ഘാനക്കാരിയുടെ കാലിൽ പന്തെത്തുമ്പോഴൊക്കെ ഗോകുലത്തിന്റെ അക്കൗണ്ടിൽ ഗോൾ വരവു വെച്ചുകൊണ്ടേയിരുന്നു.
പത്ത് ടീമുകൾ മാറ്റുരച്ച കേരള വനിത ലീഗിൽ ഒറ്റ മത്സരവും തോൽക്കാതെ എതിരാളികളുടെ വലനിറയെ ഗോളുകൾ സമ്മാനിച്ചായിരുന്നു ഗോകുലം എഫ്.സി മുന്നേറ്റം. ഓരോ മത്സരത്തിലും അഞ്ചും ആറും ഗോളുകളാണ് വിവിയന്റെ കാലിൽനിന്ന് വലയിൽ പാഞ്ഞുകയറിയത്. എമിറേറ്റ്സ് സോക്കർ ക്ലബിനെ 21-1ന് തോൽപിച്ചതായിരുന്നു ഗോകുലത്തിന്റെ ഏറ്റവും വലിയ വിജയം. അതിൽ ആറു ഗോളുകളും വിവിയന്റെ വകയായിരുന്നു. ഘാന ദേശീയ വനിത ഫുട്ബാൾ ടീമിലെ അംഗമാണ് വിവിയൻ കൊനേരു അഡ്ജെ എന്ന 21കാരി. ഘാനയിൽനിന്നുതന്നെയുള്ള ബീയർട്രിസും കെനിയക്കാരി ബാർത്തയും ടീമിലുണ്ട്. കളിയുടെ തുടക്കം മുതൽ ഒടുക്കംവരെ തളർച്ചയറിയാതെ ആക്രമിക്കാനും അർധ അവസരങ്ങൾപോലും ഗോളാക്കി മാറ്റാനുമുള്ള മികവാണ് വിവിയന്റെ പ്രത്യേകത. ആ കരുത്തിന് മുന്നിൽ എതിർ ടീമിന് മറുപടിയില്ലാത്ത കാഴ്ചയായിരുന്നു ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ ഗ്രൗണ്ടിൽ. ഒമ്പത് മത്സരത്തിലും മുഴുവൻ സമയവും മൈതാനത്തുതന്നെയുണ്ടായിരുന്നു വിവിയൻ. അടിച്ചുകൂട്ടിയത് 38 ഗോളുകൾ. അച്ഛൻ സാമുവലും കൊനേരുവിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.