വനിത ഫുട്ബാളിന് മേൽവിലാസമുണ്ടാക്കും
text_fieldsരാജ്യത്തെ വനിത ഫുട്ബാളിന് അന്താരാഷ്ട്ര തലത്തിൽ മേൽവിലാസമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അണ്ടർ 17 ഇന്ത്യൻ ടീം പരിശീലക പി.വി. പ്രിയ. വിവിധ വയസ്സ് കാറ്റഗറികളിലെ ടീമുകളുടെ പ്രകടനം മെച്ചപ്പെട്ടുവരുന്നത് ഭാവിയിലേക്ക് ശുഭസൂചനയാണെന്നും മികച്ച പരിശീലകക്കുള്ള അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ പുരസ്കാരം നേടിയ പ്രിയ 'മാധ്യമ'ത്തോട് പറഞ്ഞു. അണ്ടർ 13, 14, 19 വനിത ടീമുകളെയും പരിശീലിപ്പിച്ച ഇവർ നിലവിൽ സീനിയർ ടീം സഹപരിശീലകയുമാണ്.
അടുത്ത ലക്ഷ്യം എ.എഫ്.സി യോഗ്യത
അണ്ടർ 17 എ.എഫ്.സി യോഗ്യത റൗണ്ട് 2 മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്. അതിന്റെ ക്യാമ്പ് ജൂലൈ ഏഴിന് മധ്യപ്രദേശിലെ ഇൻഡോറിൽ തുടങ്ങുകയാണ്. ഒന്നാം റൗണ്ടിൽ ഗ്രൂപ് എഫിലെ രണ്ട് കളികളും ജയിച്ച് ഒന്നാം സ്ഥാനക്കാരായി മുന്നേറിയ ടീമാണ് ഇന്ത്യ.
മ്യാന്മറും കിർഗിസ്താനുമായിരുന്നു എതിരാളികൾ. രണ്ടാം റൗണ്ടിൽ പക്ഷേ എളുപ്പമല്ല. നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്. ഓരോന്നിലും രണ്ടു ടീമുകൾ വീതം എ.എഫ്.സി കപ്പിലേക്ക് യോഗ്യത നേടും. ദക്ഷിണ കൊറിയയും തായ്ലൻഡും ഇറാനും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ ഗ്രൂപ്. ടഫാണ്, എന്നാലും നന്നായി പെർഫോം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയ തുടർന്നു.
മാറ്റങ്ങൾ കൊണ്ടുവരുന്നു
കുട്ടികളുടെ പ്രകടനം മെച്ചപ്പെട്ടുവരുന്നുണ്ട്. എ.എഫ്.സി യോഗ്യത റൗണ്ട് ഒന്നിലെയും സാഫ് കപ്പിലെയും വിജയങ്ങൾ ആശാവഹമാണ്. സാഫ് കപ്പിൽ മൂന്നാം സ്ഥാനക്കാരായെങ്കിലും നേപ്പാളിനോടും ഭൂട്ടാനോടും വലിയ വ്യത്യാസത്തിൽ വിജയിച്ചു. ബംഗ്ലാദേശിനും റഷ്യക്കുമെതിരെ നേരിയ സ്കോർ ചെയ്യാനാവാതെ പോയി.
കഴിഞ്ഞ വർഷം അണ്ടർ 17 ലോകകപ്പിന് വിജയകരമായി ആതിഥേയത്വം വഹിച്ചു ഇന്ത്യ. നമ്മുടെ ടീമിന് കളിക്കാനായതും വലിയ അനുഭവമാണ്. അതിന് ശേഷമാണ് ചുമതല ഏറ്റെടുത്തത്. മാറ്റങ്ങളുണ്ടായി. ഇനിയും മെച്ചപ്പെടാനുണ്ട്. ഘട്ടംഘട്ടമായി കുട്ടികൾ നേട്ടങ്ങൾ കൈവരിക്കുമെന്നും പരിശീലക വ്യക്തമാക്കി.
കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ വരണം
കേരളത്തിന്റെ കാര്യമെടുത്താൽ ഫുട്ബാളിലേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരേണ്ടതുണ്ട്. ചെറിയ പ്രായത്തിലെ ടൂർണമെൻറുകൾ കളിപ്പിക്കണം. സ്കൂൾ തലത്തിൽ തുടങ്ങണം. വേരിലാണ് വെള്ളമൊഴിക്കേണ്ടത്. കടക്ക് ഒഴിച്ചിട്ട് കാര്യമില്ല. ഹോസ്റ്റൽ സൗകര്യത്തോടെ പെൺകുട്ടികളെ പരിശീലിപ്പിക്കാൻ കേന്ദ്രങ്ങൾ വരണം. പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നതിനും പെട്ടെന്ന് പിൻവാങ്ങുന്നതിനും കാരണം ഇത്തരം കേന്ദ്രങ്ങളുടെ കുറവാണ്.
കേരള ഫുട്ബാൾ അസോസിയേഷൻ ക്ലബ് തലത്തിൽ പ്രോത്സാഹനം നൽകുന്നത് പ്രതീക്ഷാവഹമാണ്. കളിച്ചാൽ എന്താണ് കിട്ടുകയെന്ന് നോക്കരുത്. ലാഭേച്ഛയോടെ കണ്ടാൽ ഫുട്ബാൾ വളരില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു. കണ്ണൂർ മാടായി സ്വദേശിനിയായ പ്രിയ ദീർഘകാലം കേരളത്തിനു വേണ്ടി പന്തുതട്ടിയതിനു ശേഷമാണ് പരിശീലന രംഗത്തേക്ക് തിരിഞ്ഞത്. ഇന്ത്യൻ വനിത ലീഗിൽ ഗോകുലം കേരള എഫ്.സി പ്രഥമ കിരീടം നേടിയത് ഇവർക്ക് കീഴിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.