വനിത ലോകകപ്പ്: ആസ്ട്രേലിയ Vs ഇംഗ്ലണ്ട് രണ്ടാം സെമി
text_fieldsസിഡ്നി: ഗോൾ പിറക്കാതെപോയ 120 മിനിറ്റിനൊടുവിൽ ഏറെനേരം നീണ്ട പെനാൽറ്റി ഷൂട്ടൗട്ടിൽ കടന്നുകയറി ആതിഥേയർ വനിത ലോകകപ്പിലാദ്യമായി അവസാന നാലിൽ. കൊളംബിയക്കെതിരെ അവസാന ക്വാർട്ടർ ജയിച്ച ഇംഗ്ലണ്ടാണ് അവർക്ക് എതിരാളികൾ. ഗോളിമാരുടെ കൈകളിലും പോസ്റ്റിലുമടിച്ച് പലവട്ടം പെനാൽറ്റി നഷ്ടപ്പെടുത്തിയതിനൊടുവിലാണ് അരലക്ഷം കാണികളെ ആവേശത്തിലാഴ്ത്തിയ കളിയിൽ ആതിഥേയർ സെമിയിലെത്തിയത്.
മുമ്പ് മൂന്നുവട്ടം ക്വാർട്ടറിൽ വീണ ദുഷ്പേര് മായ്ക്കാനിറങ്ങിയ ആസ്ട്രേലിയക്കെതിരെ ഫ്രാൻസ് പൊരുതിനിന്നത് കളി കടുപ്പിച്ചെങ്കിലും ഇരു ടീമും ഗോളടിക്കാൻ മറന്നു. ഇതോടെയാണ് പെനാൽറ്റി വിധി നിർണയിച്ചത്. വനിത ലോകകപ്പ് അമേരിക്കക്കുശേഷം ആദ്യമായാണ് ചരിത്രത്തിൽ ഒരു ടീം അവസാന നാലിലെത്തുന്നത്. ലാറ്റിനമേരിക്കൻ കരുത്തുമായി കളംനിറഞ്ഞ കൊളംബിയക്കെതിരെ പിന്നിൽനിന്നശേഷം തിരിച്ചുകയറിയാണ് അവസാന ക്വാർട്ടറിൽ യൂറോപ്യൻ ചാമ്പ്യൻമാർ സെമി ഉറപ്പിച്ചത്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സാന്റോസാണ് കൊളംബിയക്ക് ലീഡ് നൽകിയത്. ഇടവേളക്കു പിരിയാൻ വിസിൽ മുഴങ്ങുമെന്ന ഘട്ടത്തിൽ ഹെംപ് ഇംഗ്ലണ്ടിനെ ഒപ്പം പിടിച്ചു.
എന്നാൽ, ഇതോടെ ജീവൻ തിരിച്ചുകിട്ടിയ ഇംഗ്ലീഷ് സംഘം രണ്ടാം പകുതിയിൽ റൂസോ നേടിയ വിജയ ഗോളിൽ സെമി പ്രവേശനം രാജകീയമാക്കുകയായിരുന്നു. ആഗസ്റ്റ് 16നാണ് ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലെ സെമി. വനിത ലോകകപ്പിൽ ഇംഗ്ലീഷ് സംഘത്തിനിത് തുടർച്ചയായ മൂന്നാം സെമിയാണ്. 2015ൽ ജപ്പാനോടും 2019ൽ അമേരിക്കയോടും തോറ്റ് കലാശപ്പോര് കാണാതെ ടീം മടങ്ങുകയായിരുന്നു. ഇത്തവണ ആതിഥേയരെ കടന്നുകയറുകയെന്ന കടമ്പയാണ് ടീമിനെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.