വനിത ലോകകപ്പ് ഫുട്ബാൾ: സ്വീഡനെ 2-1ന് വീഴ്ത്തി സ്പെയിൻ ആദ്യമായി ഫൈനലിൽ
text_fieldsഓക് ലൻഡ്: വനിത ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ കടന്ന സ്പെയിനിന്റെ ജൈത്രയാത്ര കിരീടത്തിനരികെ. സെമി ഫൈനലിൽ ലോക മൂന്നാം റാങ്കുകാരനും മുൻ റണ്ണറപ്പുകളുമായ സ്വീഡനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ലാ റോജയുടെ ഫൈനൽ പ്രവേശനം. 80 മിനിറ്റിനു ശേഷമായിരുന്നു മൂന്നു ഗോളുകളും. 81ാം മിനിറ്റിൽ സൽമ പരാല്ലുവേലുവാണ് അക്കൗണ്ട് തുറന്നത്. റബേക്ക ബ്ലോംക്വിസ്റ്റ് (88) സമനില പിടിച്ചതിനു പിന്നാലെ ഓൽഗ കർമോണ (89) സ്പാനിഷ് പടയുടെ വിജയ ഗോൾ കുറിച്ചു. ആഗസ്റ്റ് 20ലെ കലാശപ്പോരിൽ ബുധനാഴ്ചത്തെ ആസ്ട്രേലിയ-ഇംഗ്ലണ്ട് രണ്ടാം സെമി ജയിക്കുന്നവരെ സ്പെയിൻ നേരിടും.
കളത്തിൽ മുൻതൂക്കം പുലർത്തിയത് സ്പാനിഷ് താരങ്ങളായിരുന്നെങ്കിലും ഗോൾ നേടാൻ സ്വീഡിഷ് സംഘത്തിനും അവസരങ്ങൾ പലതും ലഭിച്ചു. രണ്ടാം പകുതിയിൽ വർധിത ഊർജത്തോടെ സ്വീഡൻ പൊരുതി. നിശ്ചിത സമയം കളി സമനിലയിലാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു 19കാരി സൽമ സൂപ്പർ സബായി അവതരിച്ചത്.
മത്സരം അവസാന അഞ്ച് മിനിറ്റിലേക്ക് കടന്നപ്പോൾ സ്പാനിഷ് താരങ്ങളുടെ ആത്മവിശ്വാസമേറി. എന്നാൽ, ആഘോഷത്തിലേക്ക് വെള്ളിടി പോലെ റബേക്കയുടെ ഗോളെത്തി. 90 സെക്കൻഡ് മാത്രമായിരുന്നു സ്വീഡന്റെ ആശ്വാസത്തിന് പക്ഷേ ആയുസ്സ്. ഗോൾ കീപ്പർ സെസീറ മുസോവികിനെ മറികടന്ന് കർമോണ പന്ത് വലയിലാക്കി. 1997ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തിയതാണ് ഒരു പ്രധാന ടൂർണമെന്റിലെ സ്പെയിനിന്റെ ഏറ്റവും മികച്ച പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.