വനിത ലോകകപ്പ്: കെണിയൊരുക്കി ‘സിൻഡ്രല ടീമുകൾ’
text_fieldsസിഡ്നി: ഏറ്റവുമൊടുവിൽ ബ്രസീലിനെ പുറത്തിട്ട് ജമൈക്കയെന്ന ഇത്തിരിക്കുഞ്ഞൻ ടീമും നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തപ്പോൾ വമ്പൻ അട്ടിമറിക്കാരുടെ പേരായ ‘സിൻഡ്രല ടീമുകളു’ടെ ആരവങ്ങൾ ഇത്തവണ വനിത ലോകകപ്പിൽ ഇനിയുമേറെ തുടരുമെന്നുറപ്പായി.
മാർത്തയുടെ സ്വന്തം ബ്രസീലും കരുത്തരായ ജർമനിയും പിന്നെ കാനഡയും ന്യൂസിലൻഡുമടക്കം നോക്കൗട്ട് കാണാതെ മടങ്ങിയ കളിമുറ്റത്താണ് മൊറോക്കോ, ദക്ഷിണാഫ്രിക്ക, നോർവേ, സഹ ആതിഥേയരായ ആസ്ട്രേലിയ തുടങ്ങിയവർ പ്രീ ക്വാർട്ടറിലെത്തിയത്. 72ാം റാങ്കുകാരായ മൊറോക്കോ നേരത്തേ മടങ്ങുമെന്നായിരുന്നു ആദ്യ കളി നൽകിയ ഉറപ്പ്. കന്നിമത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് മുങ്ങിപ്പോയ ടീം പക്ഷേ, കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി അത്ഭുത നിമിഷങ്ങൾക്കരികിലെത്തി.
നിർണായക മത്സരത്തിൽ ജർമനി ദക്ഷിണ കൊറിയക്ക് മുന്നിൽ കുരുങ്ങുക കൂടിയായതോടെ ആദ്യ അറബ് ആഫ്രിക്കൻ രാജ്യമെന്ന ചരിത്രം സ്വന്തം പേരിലാക്കിയാണ് ‘മഗ്രിബുകാർ’ പ്രീ ക്വാർട്ടറിലെത്തിയത്. അവർ കയറിപ്പോന്നപ്പോൾ ഒമ്പതു ലോകകപ്പുകളിൽ രണ്ടുവട്ടം ചാമ്പ്യൻപട്ടം മാറോടുചേർത്ത ജർമനി പുറത്തേക്കും നടന്നു. സമാനമായി, ജമൈക്ക പ്രീ ക്വാർട്ടർ ഉറപ്പാക്കിയപ്പോൾ സാംബ കരുത്താണ് കണ്ണീരുമായി മടങ്ങിയത്. വനിത സോക്കർ സമ്മാനിച്ച സമാനതകളില്ലാത്ത ഇതിഹാസമായ ബ്രസീൽ സ്ട്രൈക്കർ മാർത്തയും അതോടെ നേരത്തേ തിരിച്ചുകയറി.
കാനഡ നായിക ക്രിസ്റ്റീൻ സിംക്ലയർക്കും അതുതന്നെയായിരുന്നു വിധി. ഇരുവരും ഇതോടെ തങ്ങളുടെ ആറാം ലോകകപ്പിൽ നിരാശയോടെ മടങ്ങുന്നവരായി. നിലവിലെ ഒളിമ്പിക് ചാമ്പ്യനാണ് കാനഡ. അതേസമയം, ആതിഥേയരിൽ ഒരു ടീമായ ന്യൂസിലൻഡിന്റെ വീഴ്ചയാണ് ആസ്ട്രേലിയക്ക് വഴിതുറന്നത്. നോർവേ പക്ഷേ, ആധികാരികമായി ഗ്രൂപ് ചാമ്പ്യന്മാരായാണ് പ്രീ ക്വാർട്ടറിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ യു.എസ് ഒറ്റ കളിയും തോൽക്കാതെയാണ് അടുത്ത റൗണ്ടിനെത്തുന്നത്.
ഇത്തവണ കന്നിക്കാരായെത്തിയത് ഹെയ്തി, മൊറോക്കോ, പാനമ, ഫിലിപ്പീൻസ്, പോർചുഗൽ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, വിയറ്റ്നാം, സാംബിയ ടീമുകളായിരുന്നു. ഇവരിലേറെ പേരും നേരത്തേ മടങ്ങി. 32 ടീമുകൾ കളിച്ചതിൽ നോക്കൗട്ടിലെത്താത്തവ ഇവയാണ്: ന്യൂസിലൻഡ്, ഫിലിപ്പീൻസ്, കാനഡ, അയർലൻഡ്, സാംബിയ, കോസ്റ്ററീക, ചൈന, ഹെയ്തി, പോർചുഗൽ, വിയറ്റ്നാം, ബ്രസീൽ, പാനമ, ഇറ്റലി, അർജന്റീന, ജർമനി, ദക്ഷിണ കൊറിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.