കളം ഭരിച്ച കരിമ്പുലി
text_fields'ഒരൊറ്റ ആഫ്രിക്കൻ ടീമും കളിക്കാത്ത ലോകകപ്പായി മാറിയ, 1966നെ അവിസ്മരണീയമാക്കിയത് യുസേബിയോ എന്ന ആഫ്രിക്കൻ വംശജനായിരുന്നുവെന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. ആ ടൂർണമെൻറ് കൊണ്ട് അദ്ദേഹം പിന്നീടൊരു തലമുറക്ക് പ്രചോദനമാവുകയായിരുന്നു' -യുസേബിയോ എന്ന ഇതിഹാസതാരത്തെ കുറിച്ച് മുൻ ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ ഗ്രെഗ് ഡെയ്കിെൻറ വാക്കുകളാണിത്.
1966ൽ കാൽപന്തുത്സവം തറവാട്ടുമുറ്റത്തു വന്നപ്പോൾ കപ്പ് ഇംഗ്ലീഷുകാർ കൊണ്ടുപോയെങ്കിലും ലോകകപ്പ് കവർന്നത് പോർചുഗലിന്‍റെ ബ്ലാക്ക് പാന്തർ എന്ന യുസേബിയോ ആയിരുന്നു. പെലെയും ഗരിഞ്ചയും കളിക്കളം വാണകാലത്ത്, പോർചുഗൽ കോളനിയായ മൊസാംബീകിൽ പിറന്ന കറുത്തവംശജൻ ഒരു നാടിന്‍റെ അഭിമാനമായി വളർന്ന കഥയാണ് ഇംഗ്ലണ്ട് ലോകകപ്പ്. രണ്ടു ടീമുകളായിരുന്നു അരങ്ങേറ്റക്കാരായി ഈ മേളയിൽ പന്തുതട്ടിയത്. ഏഷ്യൻ സാന്നിധ്യമായ വടക്കൻ കൊറിയയും, പിന്നെ യുസേബിയോയുടെ പോർചുഗലും. അതുവരെ ഫുട്ബാൾമേളകളുടെ പടിക്കുപുറത്തായിരുന്ന പോർചുഗൽ കരിമ്പുലിയായും കറുത്ത മുത്തായും രാജാവായും ആരാധകരുടെ ഇഷ്ടക്കാരനായ യുസേബിയോയുടെ തോളിലേറി ലോകകപ്പിലേക്ക് യോഗ്യത നേടി.
യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ചെക്കോസ്ലാവാക്യയും റുമേനിയയും അണിനിരന്ന ഗ്രൂപ്പിൽനിന്ന് ആധികാരികമായിരുന്നു പറങ്കിപ്പടയുടെ കുതിപ്പ്. ആറിൽ നാലു കളിയും ജയിച്ച് പോർചുഗൽ അനായാസം യോഗ്യത നേടി. മുന്നേറ്റത്തിൽ പന്തുമായി കുതിച്ചുപാഞ്ഞ യുസേബിയോക്കു മുന്നിൽ ഗോൾകോട്ടകൾ ഇളകിയാടി. ഏഴു ഗോളുകൾ അടിച്ചുകൂട്ടി ടീമിന് യോഗ്യത സമ്മാനിച്ച് ചരിത്രമെഴുതിയ താരം, ലോകകപ്പിന് പന്തുരുളും മുമ്പുതന്നെ വരവറിയിക്കുകയായിരുന്നു. ജൂലൈയിൽ ഇംഗ്ലീഷ് മണ്ണിൽ കിക്കോഫ് കുറിച്ചപ്പോൾ കണക്കുകൂട്ടലുകൾ പിഴച്ചില്ല. തങ്ങൾക്കുമുമ്പേ, വിശ്വമേളയിൽ ചരിത്രമെഴുതിയ ബ്രസീലും ഹംഗറിയും അണിനിരന്ന ഗ്രൂപ്പിൽ മരിയോ കൊളുന, ജോസ് ടോറസ്, ജോസ് അഗസ്റ്റോ എന്നീ ശരാശരിക്കാരായ താരങ്ങൾക്കൊപ്പം യുസേബിയോ അത്ഭുതങ്ങൾക്ക് തുടക്കംകുറിച്ചു.
ആദ്യ അങ്കത്തിൽ ഹംഗറിയെയായിരുന്നു 3-1ന് തരിപ്പണമാക്കിയത്. കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിച്ച യുസേബിയോ കളിയുടെ അച്ചുതണ്ടായി. അടുത്ത മത്സരത്തിൽ ബൾഗേറിയക്കെതിരെ 3-0ത്തിന്‍റെ ത്രസിപ്പിക്കുന്ന ജയം. തുടർച്ചയായി രണ്ടു വട്ടം കിരീടമണിഞ്ഞതിന്‍റെ മികവിലെത്തിയ ബ്രസീലിനെതിരായിരുന്നു ലിവർപൂളിലെ ഗൂഡിസൺപാർക്കിലെ മൂന്നാം അങ്കം. കളിമികവിന്‍റെ കൊടുമുടിയിലെത്തിയ പെലെ, സൂപ്പർതാരങ്ങളായ ജെർസീന്യോ, ലിമ, ഡെനിൽസൺ തുടങ്ങിയ താരങ്ങളുമായി അണിനിരന്ന ബ്രസീലിന് പക്ഷേ, ഇരമ്പിയാർത്ത പറങ്കിവീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. യുസേബിയോ രണ്ടുവട്ടം ലക്ഷ്യം കണ്ട മത്സരത്തിൽ 3-1ന് തോറ്റ് ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി.
തോൽവിയോടെ കാനറികൾ ക്രൂശിക്കപ്പെട്ടു. എതിരാളികൾ കളത്തിലും പുറത്തും പെലെയെ വേട്ടയായി. ഗ്രൂപ് റൗണ്ടിലെ ആദ്യ കളി മുതൽ കടുത്ത ഫൗളിന് വിധേയനാക്കപ്പെട്ട പെലെ പരിക്കുപറ്റി കളംവിടാനാവാതെ വേദനകടിച്ചമർത്തി സമയം തീർത്ത നിമിഷങ്ങൾ വേദനിക്കുന്ന കാഴ്ചയായി. ഒടുവിൽ, ഇനി ലോകകപ്പ് കളിക്കില്ലെന്ന് ശപഥം ചെയ്ത് ഇംഗ്ലണ്ടിൽനിന്ന് നാട്ടിലേക്കു മടങ്ങിയ പെലെയെയും കാണാനായി. പിന്നീട് തീരുമാനം മാറ്റി നാലു വർഷത്തിനുശേഷം ബ്രസീലിനെ വീണ്ടും ലോകജേതാവാക്കാൻ പെലെ എത്തിയെന്നത് മറ്റൊരു ചരിത്രം.
ഇംഗ്ലണ്ടിൽ പെലെയുടെ ബ്രസീലിനെയും മടക്കി ജൈത്രയാത്ര തുടർന്ന് യുസേബിയോയുടെ പോർചുഗൽ ക്വാർട്ടറിൽ മറ്റൊരു അരങ്ങേറ്റ വിസ്മയമായ നോർത്ത് കൊറിയയെയാണ് വീഴ്ത്തിയത്. ലോക ഫുട്ബാളിന്‍റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പോരാട്ടത്തിലൂടെയായിരുന്നു കുറിയവരുടെ പടയായ കൊറിയയെ കീഴടക്കിയത്. കളിയുടെ 25 മിനിറ്റിനുള്ളിൽ മൂന്നു ഗോളടിച്ച് മുന്നേറിയ കൊറിയക്കാർ പോർചുഗലിനെ വിറപ്പിച്ചു. അട്ടിമറി മണത്ത കളിയിൽ പിന്നെ വിസ്മയകരമായിരുന്നു പറങ്കികളുടെ തിരിച്ചുവരവ്. 27ാം മിനിറ്റിൽ യുസേബിയോയുടെ ഗോളിലൂടെ തുടങ്ങിയവർ പിന്നീടുള്ള സമയംകൊണ്ട് മടക്കിയത് അഞ്ചു ഗോളുകൾ. അതിൽ നാലും യുസേബിയോയുടെ ബൂട്ടിൽനിന്നായിരുന്നു. ഈയൊരു വിജയംകൊണ്ടു മാത്രം കാരിരുമ്പിന്‍റെ കരുത്തുമായി പറങ്കിവീര്യത്തെ നയിച്ച താരം ആരാധകർക്ക് 'കിങ്' ആയി മാറി.
5-3ന് ജയിച്ച് സെമിയിലെത്തിയപ്പോൾ, പക്ഷേ, ആതിഥേയരായ ഇംഗ്ലണ്ടിനു മുന്നിൽ കാലിടറി. ബോബി ചാൾട്ടന്‍റെ ഇരട്ട ഗോൾ പ്രഹരത്തിന് മറുപടി നൽകാനാവാതെ പോർചുഗൽ സെമിയിൽ വീണു. യുസേബിയോയുടെ കാലുകൾക്ക് പൂട്ടിടാൻ പ്രതിരോധതാരം നോബി സ്റ്റിൽസിനെ ചുമതലപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. കടുത്ത ഫൗളുകളും, റഫറിയിങ്ങിന്‍റെ പിന്തുണയുമായി ഇംഗ്ലണ്ട് മത്സരം അട്ടിമറിച്ചുവെന്ന് വിശ്വസിക്കുന്ന ഫുട്ബാൾ ചരിത്രകാരന്മാരുടെ വാക്കുകളിൽ, സെമി കടന്നിരുന്നുവെങ്കിൽ 1966ലെ കിരീടം പോർചുഗലിന്‍റേതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എങ്കിലും, മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ സോവിയറ്റ് യൂനിയനെ നിലംപരിശാക്കി (2-1) പറങ്കിപ്പട ആശ്വാസംകൊണ്ടു.
യുസേബിയോക്കു പിന്നാലെ, പറങ്കിമണ്ണിൽനിന്ന് ഇതിഹാസങ്ങൾ ഒരുപിടി പിറന്നെങ്കിലും ലോകകപ്പിൽ അവരുടെ ഏറ്റവും മികച്ച പോരാട്ടമായി അടയാളപ്പെടുത്തപ്പെട്ടത് 1966 ലോകകപ്പായിരുന്നു. യുസേബിയോയുടെ മികവിൽ അത്ഭുതക്കുതിപ്പ് നടത്തിയശേഷം, പിന്നെയും 20 വർഷം വേണ്ടിവന്നു വിശ്വമേളയിൽ പറങ്കിവസന്തം വീണ്ടും വിരിയാൻ. വെളുത്തവൻ മാത്രം വാണ ഫുട്ബാളിൽ കറുത്തവനും ഇടമുണ്ടെന്ന് യുസേബിയോ ഇംഗ്ലണ്ടിലൂടെ തെളിയിക്കുകയായിരുന്നു. പോർചുഗീസ് കോളനിയായിരുന്ന മൊസാംബീകിലെ തെരുവുകളിൽ കളിച്ചുവളർന്ന ബാലൻ ലോക ഫുട്ബാളിലെ ഇതിഹാസമായി മാറിയ കഥ പിന്നീട് ആഫ്രിക്കയിലെ യുവാക്കൾക്കും കുട്ടികൾക്കും ഫുട്ബാളിലേക്ക് വഴിതെളിയിച്ചു.
1961 മുതൽ 1974 വരെ ദേശീയ ടീമിനായി കളിച്ച യുസേബിയോ 64 കളിയിൽ 41 ഗോളുകൾ നേടി. 1957ൽ മൊസാംബീകിലെ മക്സാകയിലൂടെ പ്രഫഷനൽ കരിയർ തുടങ്ങിയ താരം 1961ൽ ബെൻഫികയിലെത്തിയതോടെയാണ് പോർചുഗലിന്‍റെ ദേശീയ ഹീറോ ആയി മാറുന്നത്. 14 വർഷം അവിടെ കളിച്ച് 358 മത്സരങ്ങളിൽ ബൂട്ടുകെട്ടി 317 ഗോളുകൾ അടിച്ചുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.