2026 ലോകകപ്പിൽ ഒരു ഗ്രൂപിൽ എത്ര ടീമുകൾ? അന്തിമ തീരുമാനം ഈ മാസാവസാനം
text_fieldsലോകകപ്പ് പ്രാഥമിക ഘട്ടത്തിൽ ഇതുവരെയും നാലു ടീമുകളടങ്ങിയ ഗ്രൂപുകളായിരുന്നത് 2026 മുതൽ മൂന്നു ടീമുകൾ വീതമാക്കാനുള്ള തീരുമാനം മാറ്റുമോയെന്ന കാര്യം ഈ മാസാവസാനമറിയാം. യു.എസ്- മെക്സിക്കോ- കാനഡ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 32ൽനിന്ന് 48 ആക്കി ഉയർത്തിയിരുന്നു. ഇതിനൊപ്പം മൂന്നു ടീമുകൾ വീതമുള്ള 16 ഗ്രൂപുകളാക്കാനും തീരുമാനിച്ചു. എന്നാൽ, ഖത്തർ ലോകകപ്പിൽ ഏറ്റവും മികച്ച ടീമുകളിൽ ചിലത് ചെറിയ വ്യത്യാസത്തിൽ പുറത്തായ സാഹചര്യത്തിലാണ് മൂന്നു ടീം ഗ്രൂപ് എന്നതിൽ മാറ്റം ആവശ്യമാണെന്ന പുനരാലോചന വന്നത്. മാർച്ച് 16ന് റുവാണ്ടയിൽ ചേരുന്ന ഫിഫ ഗവേണിങ് കൗൺസിൽ യോഗത്തിലാകും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം.
നേരത്തെയുള്ള നാലു ടീം ഗ്രൂപ് സംവിധാനം നിലനിർത്തി പുതിയ നീക്കം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. ‘മൂന്നു ടീമുകളടങ്ങിയ ഗ്രൂപ് എന്നത് മികച്ച ആശയമാണെങ്കിലും അതിൽ വിഷയങ്ങളുണ്ടെ’ന്ന് കോൺകാകാഫ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്‍ലിയാനി പറഞ്ഞു. ലോകകപ്പിന് പണിപ്പെട്ട് യോഗ്യത നേടി എത്തിയവർ രണ്ടു കളി കളിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ഗ്രൂപ് ഘട്ടത്തിൽ തന്നെ ഷൂട്ടൗട്ട് വേണ്ടിവരുന്ന സാഹചര്യവും സംഭവിക്കാമെന്ന് ചിലർ സൂചിപ്പിക്കുന്നുണ്ട്.
അതേ സമയം, മൂന്നു ടീം ഗ്രൂപ് എന്നത് നാലിലേക്ക് ഉയർത്തുന്നതോടെ മത്സരങ്ങളുടെ എണ്ണം 80ൽനിന്ന് 104 ആകും. സമയവും നീളും.
മൂന്നു രാജ്യങ്ങളിലായി നടത്തിയാൽ അടുത്ത ലോകകപ്പ് മുതൽ പുതിയ വിഷയങ്ങളും ഫിഫക്ക് മുന്നിലുണ്ട്. ആദ്യമായാണ് രണ്ടിലേറെ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 50 ശതമാനം വർധിക്കുന്നതിനാൽ ഇനി ഒരു രാജ്യത്തിന് നടത്താനാകില്ലെന്ന സൂചനയുമുണ്ട്. 48 ടീമുകളായി ഉയർത്തുന്നതോടെ കളിയുടെ ആസ്വാദ്യത നഷ്ടപ്പെടുത്തുമെന്ന ആശങ്ക ഉയർത്തുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.