ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത: ഒമാന് തകർപ്പൻ വിജയം
text_fieldsമസ്കത്ത്: പുതിയ കോച്ച് ജറോസ്ലാവ് സിൽഹവിക്ക് കീഴിൽ ആദ്യ അങ്കത്തിനിറങ്ങിയ ഒമാന് തകർപ്പൻ വിജയ തുടക്കം. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫിഫ ലോകകപ്പ് 2026, എ.എഫ്.സി ഏഷ്യൻ കപ്പ് 2027 ഇരട്ട യോഗ്യത മത്സരത്തിൽ മലേഷ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തകർത്തത്. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും. 58ാം മിനിറ്റിൽ ഇസ്സാം അൽസാബിയും 88ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസ്സാനിയുമാണ് സുൽത്താനേറ്റിനുവേണ്ടി വലുകുലുക്കിയത്.
ഇതോടെ ഗ്രൂപ്പ് ഡിയിൽ മൂന്ന് കളിയിൽനിന്ന് രണ്ട് വിജയമടക്കം ആറുപോയന്‍റുമായി ഒമാൻ ഒന്നാം സ്ഥാനത്തെത്തി. ഇത്രയും കളിയിൽനിന്ന് രണ്ട് വിജയവുമായി മലേഷ്യ രണ്ടാമതാണ്. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഒമാൻ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
പുതിയ കോച്ചിന് കീഴിൽ പുതിയ തന്ത്രങ്ങളുമായിട്ടായിരുന്നു സുൽത്താനേറ്റ് കളത്തിലിറങ്ങിയത്. ആക്രമണത്തോടൊപ്പം പ്രതിരോധവും കനപ്പിച്ചായിരുന്നു മുന്നേറ്റം. റമദാൻ മാസമായിട്ടും മത്സരം കാണാൻ ആളുകൾ ഒഴുകിയെത്തിയത് ടീമിന് അനുകൂല ഘടകമാകുകയും ചെയ്തു. ആദ്യ പകുതിയിൽ കൊണ്ടും കൊടുത്തുമായിരുന്നു ഇരു ടീമുകളും മുന്നേറിയത്. നിരവധി അവസരങ്ങൾ വീണു കിട്ടിയെങ്കിലും ഇരുകൂട്ടർക്കും മുതലെടുക്കാനായില്ല.
എന്തുവിലകൊടുത്തും ലീഡെടുക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു ജറോസ്ലാവ് സിൽഹവിയുടെ കുട്ടികൾ രണ്ടാം പകുതിയിൽ ഇറങ്ങിയത്. ഇടതു-വലതു വിങ്ങുകളിലുടെയുള്ള ആക്രമണത്തിൽ മലേഷ്യൻ ഗോൾമുഖം വിറക്കുകയും ചെയ്തു. ഒടുവിൽ 58ാം മിനിറ്റിൽ ഒമാൻ കാത്തിരുന്ന നിമിഷം വന്നു. മൈതാന മധ്യത്തുനിന്ന് നീട്ടി കിട്ടിയ പന്തുമായുള്ള ഒമാൻ താരങ്ങളുടെ മുന്നേറ്റത്തിൽ, ബോക്സിനുള്ളിൽനിന്നുള്ള വലംകാൽ ഷോട്ടിലൂടെ ഇസ്സാം അൽസാബി വല കുലുക്കുകയായിരുന്നു. ഇതോടെ കാണികൾ ആഹ്ലാദ തിമിർപ്പിലായി. ഗോൾ വീണതോടെ ഉണർന്ന് കളിച്ച മലേഷ്യ സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഒമാൻ രണ്ടാം ഗോളും സ്വന്തമാക്കി. ഒമാന്‍റെ അടുത്ത മത്സരം മലേഷ്യക്കെതിരെ ചൊവ്വാഴ്ച ക്വാലാലംപൂരിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.