ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത മത്സരം: ബഹ്റൈൻ ഗ്രൂപ് എച്ചിൽ
text_fieldsമനാമ: 2026 ലോകകപ്പിന്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യത മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ബഹ്റൈൻ സീനിയർ പുരുഷ ടീം ഗ്രൂപ് എച്ചിൽ. ക്വാലാലംപുരിലെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ഹൗസിലാണ് യോഗ്യത മത്സരത്തിന്റെ ആദ്യ രണ്ടുഘട്ട നറുക്കെടുപ്പ് നടന്നത്. മലേഷ്യ, യു.എ.ഇ, യമൻ അല്ലെങ്കിൽ ശ്രീലങ്ക, നേപ്പാൾ അല്ലെങ്കിൽ ലാവോസ് എന്നിവയടങ്ങുന്ന ഗ്രൂപ്പിലാണ് ബഹ്റൈൻ.
ഒക്ടോബർ 12, 17 തീയതികളിൽ രണ്ടു പാദങ്ങളിലായി നടക്കുന്ന ആദ്യ റൗണ്ട് യോഗ്യത മത്സരങ്ങളിൽ യമൻ, ശ്രീലങ്ക, നേപ്പാൾ, ലാവോസ് എന്നിവ മത്സരിക്കും. ഈ നാലു ടീമുകളിൽനിന്ന് രണ്ടെണ്ണമാണ് രണ്ടാം റൗണ്ടിൽ ഗ്രൂപ് എച്ചിലെത്തുക. ആദ്യ റൗണ്ട് മത്സരങ്ങളിൽ വിജയികളാകുന്ന പത്ത് ടീമുകൾ രണ്ടാം റൗണ്ടിലെത്തുകയും അവർ നിലവിൽ രണ്ടാം റൗണ്ടിലെത്തിയിട്ടുള്ള ബഹ്റൈൻ ഉൾപ്പെടെയുള്ള 26 ടീമുകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ മത്സരിക്കുകയും ചെയ്യും. ഒമ്പതു ഗ്രൂപ്പിലെയും മത്സരങ്ങൾ ഹോം ആൻഡ് എവേ എന്ന രീതിയിലായിരിക്കും.
രണ്ടാം റൗണ്ട് അവസാനിക്കുമ്പോൾ, ഒമ്പതു ഗ്രൂപ് ജേതാക്കളും റണ്ണേഴ്സ് അപ്പും മൂന്നാം റൗണ്ടിലെത്തും. അവർ 2027 എ.എഫ്.സി ഏഷ്യൻ കപ്പിനും യോഗ്യത നേടും. ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ, 18 ടീമുകളെ ആറു പേരടങ്ങുന്ന മൂന്നു ഗ്രൂപ്പുകളായി തിരിക്കും. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ പരസ്പരം കളിച്ചതിനുശേഷം, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ നാലാം റൗണ്ടിലെത്തും.
നാലാം റൗണ്ടിൽ ആറു ടീമുകളെ മൂന്നു ഗ്രൂപ്പുകളായാണ് തിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും വിജയികൾ ലോകകപ്പിന് യോഗ്യത നേടും. രണ്ടാം സ്ഥാനക്കാർ അഞ്ചാം റൗണ്ടിലെത്തും. അവിടെ, ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫിൽ ഏഷ്യൻ പ്രാതിനിധ്യം നിർണയിക്കാൻ അവർ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.