Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാറക്കാനയെ...

മാറക്കാനയെ നിശ്ശബ്ദമാക്കിയ ഗിഹിയ

text_fields
bookmark_border
മാറക്കാനയെ നിശ്ശബ്ദമാക്കിയ ഗിഹിയ
cancel
camera_alt

●ഫൈനലിൽ ബ്രസീലിനെതിരെ ഉറുഗ്വായ് യുടെ ഗിഹിയയുടെ വിജയ ഗോൾ

ഫുട്ബാളിന്‍റെ തീർഥാടന ഭൂമിയാണ് റിയോ. ജീവശ്വാസംകൊണ്ട് നിറച്ച തുകൽ പന്ത് വേരാഴ്ന്നിറങ്ങിയതും, പടർന്ന് പന്തലിച്ചതും, ലോകത്തോളം വളർന്നതുമെല്ലാം ഈ മണ്ണിൽ നിന്നായിരുന്നു. ഇവിടെ, പന്തിനൊപ്പം ജീവൻകൊടുത്ത് വളർന്നവർ ജോഗോ ബൊണിറ്റോ എന്ന സുന്ദര ഗെയിമിന്‍റെ ദേവന്മാരായി ലോകം വാണു...

ആ മണ്ണിലേക്കായിരുന്നു 1950ൽ ഫിഫ ലോകകപ്പിനെ ബ്രസീലുകാർ വരവേറ്റത്. യുദ്ധം തകർത്ത ലോകവ്യവവസ്ഥയിൽ സങ്കൽപിക്കാൻ പോലും കഴിയുന്നതിനേക്കൾ ഉയരത്തിൽ ബജറ്റ് നിശ്ചയിച്ചുകൊണ്ട് അവർ പന്തുകളിക്കായി അമ്പലം പോലൊരു കളിമുറ്റം ഉയർത്തി വിശ്വമേളയെ വരവേറ്റു. ആ വിശുദ്ധഗേഹത്തിന് 'മാറക്കാന'യെന്ന് പേരും വിളിച്ചു.

ആറു നഗരങ്ങളിലായി നടന്ന ലോകകപ്പിന് രണ്ടു വേദികൾ മാത്രമായിരുന്നു പുതുതായി നിർമിച്ചത്. ബെലോഹൊറിസോണ്ടോയിലെ ഇൻഡിപെൻഡൻസിയ സ്റ്റേഡിയത്തിനൊപ്പം ലോക കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായിമാറിയ റിയോ ഡെ ജനീറോയിലെ മാറക്കാന. അന്ന് സ്റ്റേഡിയം നിർമാണത്തിനായി നീക്കിവെച്ച ബജറ്റിന്‍റെ മുക്കാൽ പങ്കും റിയോയിൽ തടാകംപോലെ വിശാലമായ മാറക്കാനയിലെ കളിമുറ്റത്തിനുവേണ്ടിയായിരുന്നു ചെലവാക്കിയത്.

● ● ● ● ●

റിയോയുടെ ഫുട്ബാൾ എന്നാൽ ഫ്ലാ- ഫ്ലു കുടിപ്പകയുടെയും പോരാട്ടത്തിന്‍റെയും കഥകൾ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1890കളുടെ അവസാനത്തിൽ റിയോ തെരുവിലെ ഫവേലകളിലെയും പണിശാലകളിലെ തൊഴിലാളികളുടെയും കറുത്തവരുടെയുമെല്ലാം ജീവശ്വാസമായി ഉയർന്നുവന്ന ജനപ്രിയ ക്ലബായ ഫ്ലമിങ്ങോയിൽ തുടങ്ങുന്ന റിയോയുടെ ഫുട്ബാൾ ചരിത്രം. അരപ്പട്ടിണിക്കാരന്‍റെയും മുഴുപ്പട്ടിണിക്കാരന്‍റെയും ആവേശമായിരുന്നു അന്ന് തുകൽ പന്ത്. ഒരുസംഘമായി മാറി കളി തുടങ്ങിയപ്പോൾ ചുവപ്പും കറുപ്പും വരകൾ കലർന്ന 'ഫ്ലമിങ്ങോ' ക്ലബ്ബായി മാറി. ക്ലബ് ഡോ പോവോ (ജനങ്ങളുടെ ക്ലബ്) എന്ന് വിളിച്ചു. റിയോയുടെ പന്തുകളി ആവേശമെല്ലാം സമൂഹത്തിലെ താഴെതട്ടിലുള്ളവർ എന്ന് വിശേഷിപ്പിക്കുന്നവർ ഏറ്റെടുത്തപ്പോൾ, അവരുടെയിടയിൽനിന്നും മാറിയ ഒരുകൂട്ടം പരിഷ്കാരികളുടെ സംഭാവനയായിരുന്നു പിന്നീട് ബദ്ധവൈരികളായി മാറിയ ക്ലബായ ഫ്ലുമിനസ്.

യൂറോപ്പിൽ നിന്നുമെത്തിയ ഇംഗ്ലീഷുകാരുടെ പിന്മുറക്കാരും മറ്റും ചേർന്ന് റിയോയുടെ മറ്റൊരു ഭാഗത്ത് ലാറനെയ്റാ സ്റ്റേഡിയം ആസ്ഥാനമാക്കി 1912ൽ ഫ്ലുമിനസിന് തുടക്കം കുറിച്ചു. അങ്ങനെ, റിയോ സിറ്റിയിലും ബ്രസീലിലും ഫ്ലാ-ഫ്ലു പകയുടെ പോരാട്ടകഥകൾ ഫുട്ബാൾ മൈതാനങ്ങളിലെ ഐതിഹ്യമായി മാറി.

പതിറ്റാണ്ടുകളായി കളത്തിലും പുറത്തും പരസ്പരം പോരടിച്ച ഫ്ലാ-ഫ്ലു ആരാധകരെല്ലാം 1950ൽ ലോകകപ്പിനായി മാറക്കാന ഉണർന്നപ്പോൾ ബ്രസീൽ എന്ന വികാരത്തിൽ ഒന്നായി. അവരുടെയെല്ലാം സ്വപ്നമായിരുന്നു രണ്ടുലക്ഷം പേർ തിങ്ങിനിറയുന്ന മാറക്കാനയിൽ ബ്രസീൽ കിരീടമണിയുകയെന്നത്.

ഗ്രൂപ് റൗണ്ടിൽനിന്ന് ജേതാക്കളായി ബ്രസീൽ, സ്പെയിൻ, സ്വീഡൻ, ഉറുഗ്വായ് ടീമുകൾ ഫൈനൽ റൗണ്ടിലെത്തി. നോക്കൗട്ടിന് പകരം റൗണ്ട്റോബിൻ ലീഗിൽ ഏറ്റവും കൂടുതൽ വിജയവും പോയന്‍റും നേടുന്നവരെ ചാമ്പ്യന്മാരാക്കാനായിരുന്നു അന്ന് സംഘാടകർ നിശ്ചയിച്ചത്. ലോകകപ്പ് ചരിത്രത്തിൽ അപൂർവമായ ആ തീരുമാനത്തിന് ബ്രസീലിന്‍റെ സമ്മർദത്തിൽ ഫിഫ സമ്മതം മൂളി. ഫൈനലിന്‍റെ വിധിനിർണയം ഒഴിവാക്കി, മത്സര സമ്മർദം കുറച്ച് കളി ജയിക്കാനായിരുന്നു ബ്രസീലിന്‍റെ ആഗ്രഹമെന്നും വിമർശനമുയർന്നു. മാറക്കാനയിലായിരുന്ന ആതിഥേയരുടെ മത്സരങ്ങളെല്ലാം. ആദ്യ കളിയിൽ സ്വീഡനെ 7-1നും, രണ്ടാം കളിയിൽ സ്പെയിനിനെ 6-1നും തോൽപിച്ച് ബ്രസീൽ തിമിർത്താടിയ പോരാട്ടങ്ങൾ. ഒമ്പത് ഗോളുകളുമായി അഡിമിർ കാനറികളുടെ സൂപ്പർതാരമായി.

അവസാന മത്സരത്തിൽ ബ്രസീലിന് ഉറുഗ്വായ് യും, സ്വീഡന് സ്പെയിനും എതിരാളികൾ. നിർണായക അങ്കത്തിന് മുമ്പ് ബ്രസീലിന് നാലും, ഉറുഗ്വായ്ക്ക് മൂന്നും പോയന്‍റുകൾ. ഫൈനൽ അങ്കത്തിൽ ഒരു സമനിലകൊണ്ട് ബ്രസീലിന് കിരീടം ഉറപ്പിക്കാം. ഉറുഗ്വായ്ക്കാവട്ടെ ജയത്തിൽ കുറഞ്ഞൊന്നും പരിഹാരവുമായിരുന്നില്ല.


●അൽസിഡസ് ഗിഹിയ

മാറക്കാന കരഞ്ഞ ദിനം

1950 ജൂലൈ 16; രണ്ടു ലക്ഷം ആരാധകരെക്കൊണ്ട് മാറക്കാനയും, അതിലേറെ മനുഷ്യരെക്കൊണ്ട് റിയോയും നിറഞ്ഞ ദിനം. കലാശപ്പോരാട്ടത്തിൽ ഉറുഗ്വായ് യുടെ വിജയ ഗോൾ കുറിച്ച് ബ്രസീലുകാരുടെ എക്കാലത്തെയും വലിയ അന്തകനായി മാറിയ ഉറുഗ്വായ് താരം അൽസിഡസ് ഗിഹിയ ആ ദിവസങ്ങളെ ഓർത്തെടുക്കുന്നത് ഇങ്ങനെ.

'അവിസ്മരണീയമായിരുന്നു ആ ദിനം. സ്റ്റേഡിയത്തിലേക്ക് ഞങ്ങളെത്തുമ്പോൾ ബ്രസീൽ കിരീടം സ്വന്തമാക്കിയപോലെ ഗാലറി ആവേശത്തിലായിരുന്നു. കോൺക്രീറ്റ് ഇരിപ്പിടങ്ങളിൽ രണ്ടു ലക്ഷം ജനങ്ങൾ ആർത്തലക്കുന്നു. നഗരത്തിലും ആഘോഷങ്ങൾ തുടങ്ങിയിരുന്നു. പിച്ചിന്‍റെ ഒരു വശത്ത് സാംബാ ബാൻഡുവാദ്യങ്ങൾ വിജയാഘോഷത്തിന് നേതൃത്വം നൽകി കൊട്ടിക്കയറുന്നു. അവർക്കായി ബ്രസീൽ വിജയികൾ എന്ന ഗാനം നേരത്തെ ഒരുക്കി ചിട്ടപ്പെടുത്തിയിരുന്നു. പത്രങ്ങൾ 'ചാമ്പ്യൻ ഓഫ് ദി വേൾഡ്' എന്ന തലക്കെട്ടുമായി നേരത്തെ അച്ചടിച്ച് ഒരുങ്ങിയിരിക്കുന്നു. എല്ലാവരും പറഞ്ഞു അവർ ഞങ്ങളെ 4-0ത്തിനെങ്കിലും തോൽപിച്ചിരിക്കുമെന്ന്. ഞങ്ങളും മനസ്സുകൊണ്ട് തോറ്റ് കഴിഞ്ഞിരുന്നു. എന്നാൽ, ക്യാപ്റ്റൻ ഒഡുലിയോ വരേല മാത്രം മാറി ചിന്തിച്ചും ശബ്ദിച്ചും കൊണ്ടിരുന്നു. കളിക്കുമുമ്പായി അദ്ദേഹം ഞങ്ങളെ ചേർത്തു നിർത്തി പറഞ്ഞു. 'നോക്കൂ... നമ്മൾ ഈ കിരീടം കൊണ്ടേ മടങ്ങു. കളി തുടങ്ങുകയാണ്. ആക്രമിക്കുക, ആക്രമിക്കുക.. തുടർച്ചയായി ആക്രമിക്കുക...' -മാറക്കാനയിലെ കളിയുടെ നിമിഷങ്ങൾ ഓർത്തെടുക്കുകയായിരുന്നു ഗിഹിയ.

കളി തുടങ്ങി, 45 മിനിറ്റിനുള്ളിൽ ബ്രസീൽ ഒരുപിടി അവസരങ്ങൾ തുറന്നു. ഗോൾ വീണില്ല. എന്നാൽ, ഇഞ്ചുറിടൈമിന്‍റെ രണ്ടാം മിനിറ്റിൽ ആൽബിനോ ഫ്രിയാക ബ്രസീലിനെ മുന്നിലെത്തിച്ചു. മാറക്കാന ആർത്തലക്കുന്ന കടൽ തിരമാലകണക്കെ പൊട്ടിച്ചിതറിയ നിമിഷങ്ങൾ. രണ്ടാം പകുതി തുടങ്ങി. ലീഡുയർത്താനുള്ള ബ്രസീലിന്‍റെ ശ്രമങ്ങൾക്കിടയിൽ, ഉറുഗ്വായ് ഒന്നും നഷ്ടപ്പെടാനില്ലാത്തവനെപോലെ തിരിച്ചടിച്ചു. അതിന് 66ാം മിനിറ്റിൽ ഫലമുണ്ടായി. ഗിഹിയയുടെ ക്രോസിൽ യുവാൻ ഷിയാഫിനോ സമനില നേടി. പിന്നെയും, കളി മുറുകി. ഒടുവിൽ 79ാം മിനിറ്റിൽ പന്ത് ഗിഹിയയുടെ കാലിലെത്തുമ്പോൾ മുന്നിൽ ബ്രസീൽ ഗോളി മോസിർ ബർബോസ. 'എന്താണ് സംഭവിച്ചതെന്ന് ഓർമയില്ല. നിമിഷനേരത്തിൽ ഞാൻ ഷോട്ടുതിർത്തു. പന്ത് ഗോളിയെയും കടന്ന് വലയിൽ. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ഗോൾ പിറന്ന നിമിഷം'. കളത്തിൽ ഉറുഗ്വായ് താരങ്ങൾ ആഘോഷം തുടങ്ങിയപ്പോൾ മാറക്കാനയിലെ രണ്ടു ലക്ഷം മനുഷ്യർ നിറഞ്ഞ ഗാലറി മരണവീടുപോലെ നിശ്ശബ്ദമായി.

'മൂന്നു പേർക്കു മാത്രമേ മാറക്കാനയെ നിശ്ശബ്ദമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആദ്യം ഞാൻ നേടിയ ഗോളിൽ. പിന്നെ അമേരിക്കയുടെ വിഖ്യാതനായ ഗായകൻ ഫ്രാങ്ക് സിനാത്രക്കും, പോപ് ജോൺ പോൾ മാർപാപ്പക്കും' -ഒരു അഭിമുഖത്തിൽ ഗിഹിയ ആ നിമിഷത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ആ തോൽവിക്കു ശേഷം ബ്രസീൽ കരഞ്ഞു തളർന്നു. കാണികളിൽ പലരും ദിവസങ്ങളോളം വീട്ടിലേക്ക് തിരിച്ചുപോയില്ല. കടകളും ഹോട്ടലുകളും ഫാക്ടറികളും ദിവസങ്ങളോളം അടച്ചുപൂട്ടി. എന്നാൽ, അന്നത്തെ തോൽവി ബ്രസീൽ ഫുട്ബാളിനെ കൂടുതൽ പ്രഫഷനലാക്കി മാറ്റിയെന്ന് ഫുട്ബാൾ ചരിത്രകാരന്മാർ എഴുതുന്നു. പത്തു വയസ്സുകാരനായ താൻ അന്ന് തന്‍റെ പിതാവ് ആദ്യമായി കരയുന്നത് കണ്ടു എന്ന് പറഞ്ഞ പെലെ പിന്നീടുള്ള കാലം ബ്രസീലിനെ തോളിലേറ്റി. കാൽപന്തു മൈതാനിയിൽ വിജയങ്ങൾ തുടർക്കഥയാക്കിയ ബ്രസീലിന് അടിത്തറ പാകുന്നതായി 'മാറക്കാനസോ'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup Footbal HistoryGihia and Marakana
News Summary - Gihia silenced Marakana
Next Story