ലോകകപ്പ് ഫുട്ബാൾ: ഹയ്യ കാർഡ് ഉടമകൾക്ക് സൗജന്യ സൗദി വിസ
text_fieldsറിയാദ്: ഫിഫ ലോകകപ്പ് 2022ലേക്കുള്ള പ്രവേശന പാസ് ആയ 'ഹയ്യ കാർഡ്' കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്ക് സൗദി വിസ സൗജന്യമായി അനുവദിക്കാൻ മന്ത്രിസഭയുടെ അനുമതി. വിസയുടെ ഇ-സർവിസ് ചെലവുകൾ വഹിക്കാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നൽകി. ഫിഫ ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്ന ഫുട്ബാൾ പ്രേമികൾക്ക് നൽകുന്ന ഡിജിറ്റൽ വ്യക്തിഗത രേഖയാണ് (ഫാൻ ഐ.ഡി) ഹയ്യ കാർഡ്. നവംബർ ഒന്ന് മുതൽ 2023 ജനുവരി 23 വരെയാണ് ഇതിന്റെ കാലാവധി.
ഇത് കൈവശമുള്ളവർക്ക് ഈ ലോകകപ്പ് സീസണിൽ 60 ദിവസംവരെ സൗദിയിൽ തങ്ങാനും യഥേഷ്ടം പോയിവരാനുമുള്ള വിസ സൗജന്യമായി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓൺലൈനായി അനുവദിക്കുന്ന ഇലക്ട്രോണിക് വിസയുടെ ചെലവുകൾ രാജ്യം ഏറ്റെടുക്കുന്നതിനുള്ള അനുമതിയാണ് കഴിഞ്ഞ ഞായറാഴ്ച ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം നൽകിയത്.
വിസ നേടുന്നവർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് സൗദിയിലേക്ക് പ്രവേശിക്കാം. 33ാമത് ഒപെക്-ഒപെകേതര രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിന്റെ ഫലങ്ങളെ മന്ത്രിസഭ അവലോകനം ചെയ്തു. ആഗോള എണ്ണവിപണിയുടെ സന്തുലിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്ന സമീപനമായിരിക്കും സൗദിയുടേത്. കള്ളപ്പണം വെളുപ്പിക്കൽ, ഇതര സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഈജിപ്തിലെ അന്വേഷണ ഏജൻസിയുമായി എത്തിച്ചേർന്ന ധാരണപത്രത്തിന് കാബിനറ്റ് അംഗീകാരം നൽകി.
ആഗോളപ്രശ്നങ്ങളോടും വെല്ലുവിളികളോടും പ്രതികരിക്കുന്നതിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ തമ്മിൽ ബഹുമുഖ ഏകോപനമുണ്ടാക്കാൻ യോഗത്തിൽ ധാരണയായി. ഇന്റർനാഷനൽ എയർപോർട്ട് കൗൺസിൽ ഓഫ് ഏഷ്യ പസഫിക്കിന്റെ റീജനൽ ഓഫിസ് റിയാദിൽ സ്ഥാപിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.
സൗദിയിൽനിന്ന് പ്രതിദിനം 38 സർവിസുകളുമായി ഫ്ലൈ അദീൽ
റിയാദ്: ഖത്തറിൽ നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സൗദി ടീമിന്റെ മത്സരം കാണാൻ പോകുന്നവർക്കായി സൗദി അറേബ്യയിൽനിന്ന് പ്രതിദിനം 38 സ്പെഷൽ സർവിസുകളുമായി ഫ്ലൈ അദീൽ വിമാന കമ്പനി. സൗദി അറേബ്യൻ എയർലൈൻസ് വിമാന കമ്പനിയുടെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ലൈ അദീൽ. സൗദി ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമ്മാം എയർപോർട്ടുകളിൽനിന്ന് ഫ്ലൈ അദീൽ പ്രതിദിനം 38 സർവിസുകൾ വീതം നടത്തുക.
മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി കണ്ട് അതേദിവസംതന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന നിലയിലാണ് വിമാന സർവിസുകൾ നടത്തുന്നത്. ജിദ്ദയിൽനിന്ന് ആറും റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് 16 വീതവും സർവിസുകളാണ് ഫ്ലൈ അദീൽ ദോഹയിലേക്ക് നടത്തുക. ഈ സർവിസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.