ലോകകപ്പ് ഫുട്ബാൾ യോഗ്യത; പുത്തൻ കുതിപ്പിനൊരുങ്ങി ഒമാൻ ഇന്നിറങ്ങും
text_fieldsമസ്കത്ത്: പുതിയ കോച്ച് റഷീദ് ജാബിറിന് കീഴിൽ പുത്തൻ കുതിപ്പിനൊരുങ്ങി ഒമാൻ ഫുട്ബാൾ ടീം വ്യാഴാഴ്ച കളത്തിലിറങ്ങും. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ അയൽക്കാരായ കുവൈത്താണ് എതിരാളികൾ. ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് കിക്കോഫ്.
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇനിയുള്ള മുന്നോട്ടുപോക്ക് സുഗമമാക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. സ്വന്തം കാണികൾക്കുമുന്നിലാണ് പന്ത് തട്ടാൻ ഇറങ്ങുന്നത് എന്നുള്ളത് ഒമാന്‍ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും വഴങ്ങിയ തോല്‍വിയാണ് റെഡ്വാരിയേഴ്സിനെ പ്രതിസന്ധിയിലാക്കിയത്.
തുടർന്ന് ടീം പരിശീലകൻ ജറോസ്ലാവ് സിൽഹവിയെ ഫുട്ബാൾ അസോസിയേഷൻ പുറത്താക്കുകയും പുതിയ കോച്ചായി ഒമാന്റെ മുൻ പരിശീലകൻ റഷീദ് ജാബിറിനെ നിയമിക്കുകയുമായിരുന്നു. നിർണായക മത്സരത്തിന്റെ മുന്നോടിയായി ഊർജിതമായ പരിശീലനമാണ് കഴിഞ്ഞ ദിവസങ്ങളിൽ കോച്ചിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നത്. 28 അംഗ സ്ക്വാഡാണ് കാമ്പിലുണ്ടായിരുന്നത്.
ഇതിൽ മികച്ച പ്രകടനം നടത്തിയവർ അന്തിമ ഇലവനിൽ ഇടം പിടിക്കും. പുതുതായി ടീമിലേക്ക് തിരിച്ചു വിളിച്ചവരെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. എതിരാളികളുടെ ശക്തി തിരിച്ചറിഞ്ഞ് മികച്ച തന്ത്രങ്ങൾ കളിക്കളത്തിൽ ആവിഷ്കരിക്കണമെന്നാണ് കോച്ച് നൽകിയിരിക്കുന്ന നിർദേശം. അതേസമയം, രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയാണ് കുവൈത്തും അങ്കത്തിനിറങ്ങുന്നത്.
മുന്നോട്ടുള്ള പ്രയാണത്തിന് കുവൈത്തിനും വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം കനക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. മത്സരം കാണാനായി കാണികൾ സുൽത്താൻ ഖാബൂസ് സ്പോർട്ക് കോംപക്സിലേക്ക് ഒഴുകും. ടിക്കറ്റുകൾ ഓൺലൈനിൽ നേരത്തേ ലഭ്യമാക്കിയിരുന്നു.
എതിരാളികളുടെ മികവിനെ മനസ്സിലാക്കുന്നുവെന്നും മത്സരത്തിനായി ടീം പൂര്‍ണമായും തയാറായിട്ടുണ്ടെന്നും മത്സരത്തിന് മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ ഒമാൻ കോച്ച് റഷീദ് ജാബിര്‍ പറഞ്ഞു. ടീമിനെ പിന്തുണക്കാന്‍ ഒമാനിലെ ഫുട്ബാള്‍ പ്രേമികള്‍ ഉണ്ടാകുമെന്നത് ആത്മവിശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ് ബിയിൽ ആകെ നടന്ന രണ്ട് കളിയിൽ ഓരോ വീതം ജയവും സമനിലയുമായി ജോർഡൻ, ദക്ഷിണ കൊറിയ, ഇറാഖ് എന്നിവയാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്നത്. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ദക്ഷിണ കൊറിയയും ഇറാഖും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
ഒരു കളിയും ജയിക്കാത്ത ഒമാൻ ആറാം സ്ഥാനത്താണ്. രണ്ട് സമനിലയുമായി കുവൈത്ത് നാലും ഒരു സമനിലയുമായി ഫലസ്തീൻ അഞ്ചാം സ്ഥാനത്തുമാണുള്ളത്. ഒക്ടോബര്‍ 15ന് അമ്മാനില്‍ ജോര്ഡനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. നവംബര്‍ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് പിന്നീടുള്ള മത്സരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.