ലോകകപ്പ് ഫുട്ബാൾ യോഗ്യത; പ്രതീക്ഷയുടെ മൈതാനത്ത് യു.എ.ഇ ടീം
text_fieldsദുബൈ: 2026 ലോകകപ്പിന്റെ ഏഷ്യൻ യോഗ്യത മൽസരങ്ങളുടെ നറുക്കെടുപ്പ് മലേഷ്യയിൽ പൂർത്തിയായപ്പോൾ പ്രതീക്ഷയുടെ ട്രാക്കിൽ യു.എ.ഇ ടീമും. യോഗ്യതാ മൽസരങ്ങളുടെ രണ്ടാം റൗണ്ട് ഗ്രൂപ്പ് മൽസരങ്ങളിൽ യു.എ.ഇ, കുറഞ്ഞ ഫിഫ റാങ്കിങുള്ള ടീമുകളുടെ പട്ടികയിലാണ് ഇടം പിടിച്ചിട്ടുള്ളത്.
ഗ്രൂപ്പ് എച്ച് ആണ് യു.എ.ഇ ഉൾപ്പെട്ടത്. ഇതിൽ ഫിഫ റാങ്കിങിൽ 86ാം സ്ഥാനത്തുള്ള ബഹ്റൈനും 156ാം സ്ഥാനത്തുള്ള യെമനും 175ാം സ്ഥാനത്തുള്ള നേപ്പാളും 187ാം സ്ഥാനത്തുള്ള ലാവോസുമാണ് ശ്രീലങ്കയുമാണ് എതിരാളികളായുള്ളത്. ബഹ്റൈനൊപ്പം യമൻ അല്ലെങ്കിൽ ശ്രീലങ്ക, നേപ്പാൾ അല്ലെങ്കിൽ ലാവോസ് എന്നിവരാണ് ഗ്രൂപ്പിൽ ഇടംപിടിക്കുക.
പൂർണമായ ഫിക്ചർ ലഭിക്കാൻ ഒക്ടോബർ വരെ കാത്തിരിക്കേണ്ടതുണ്ട്. താരതമ്യേന ദുർബലരായ ടീമുകളായതിനാൽ ഗ്രൂപ്പ് കടമ്പ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കണക്കിൽ യു.എ.ഇ മുമ്പിലാണെങ്കിലും ആരെയും അട്ടിമറിക്കാൻ കെൽപുള്ളവരാണ് ബഹ്റൈനും ലാവോസും അടക്കമുള്ള ടീമുകൾ എന്നത് വെല്ലുവിളിയാണ്.
36 ടീമുകളാണ് രണ്ടാം റൗണ്ടിലുണ്ടാവുക. ഏഷ്യൻ റാങ്ക് അടിസ്ഥാനത്തിൽ ആദ്യ മൂന്ന് പോട്ടുകളിലുൾപ്പെട്ട് നേരിട്ട് രണ്ടാം റൗണ്ടിലെത്തിയ 27ഉം പോട്ട് നാലിൽ നിന്ന് ഒന്നാം റൗണ്ട് കളിച്ചെത്തുന്ന ഒമ്പതും ടീമുകളും. ഇവർ നാല് സംഘങ്ങൾ വീതം ഒമ്പത് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോം/എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടും.
ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്കാണ് മൂന്നാം റൗണ്ട് പ്രവേശനം, ആകെ 18 ടീമുകൾ. ഇവിടെ ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളുണ്ടാവും. ഓരോ ഗ്രൂപ്പിൽനിന്നും മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് നാലാം റൗണ്ടുണ്ട്. നാലാം റൗണ്ടിലെത്തുന്ന ആറ് ടീമുകള്‍ വീണ്ടും ഗ്രൂപ് മത്സരങ്ങൾക്കിറങ്ങും.
മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പിലായിട്ടാകും ഏറ്റുമുട്ടുക. ഈ രണ്ട് ഗ്രൂപ്പിലെയും ചാമ്പ്യന്മാര്ക്കും ലോകകപ്പ് യോഗ്യത ലഭിക്കും. റണ്ണേഴ്സ് അപ്പ് അഞ്ചാം റൗണ്ടിലേക്ക് കടന്ന് പ്ലേ-ഓഫ് മത്സരങ്ങൾ കളിക്കും. ഏഷ്യയിൽനിന്ന് എട്ട് മുതൽ ഒമ്പതു വരെ ടീമുകൾക്ക് ലോകകപ്പ് കളിക്കാം.
മൂന്നാം റൗണ്ടിൽനിന്ന് ആറും നാലാം റൗണ്ടിൽനിന്ന് രണ്ട് ടീമുകൾക്കും യോഗ്യത ലഭിക്കുന്നതോടൊപ്പം അഞ്ചാം റൗണ്ടിൽ കളിച്ച് ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് കടമ്പ കടക്കുന്നവർക്കും എത്താം.
പോർചുഗീസുകാരനായ കോച്ച് പൗലോ ബെന്റോയുടെ കീഴിൽ കളിക്കുന്ന യു.എ.ഇ ടീം, 2022ലെ ഖത്തർ ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത റൗണ്ടിൽ പ്ലേ ഓഫ് സ്റ്റേജ് വരെയെത്തിയിരുന്നു. ആസ്ട്രേലിയയുമായി കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടതോടെയാണ് ലോക മാമാങ്കത്തിലേക്കുള്ള ടിക്കറ്റ് തടസപ്പെട്ടത്.
2026ൽ യു.എസ്, കാനഡ, മെക്സികോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി 48ടീമുകൾ മാറ്റുരക്കുന്നുണ്ട്. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്‍ ഇതിൽ 8.5സ്ലോട്ടുകൾക്ക് അവകാശമുണ്ട്.
നവംബർ മുതൽ അടുത്ത വർഷം ജൂൺ വരെ നടക്കുന്ന യോഗ്യതാ റൗണ്ടിൽ 36ടീമുകളാണ് മാറ്റുരക്കുക. ഒമ്പത് ഗ്രൂപ്പ് വിജയികളും റണ്ണറപ്പുകളും മൂന്നാം റൗണ്ടിലേക്കും സൗദി അറേബ്യയിൽ നടക്കുന്ന 2027ലെ എഷ്യൻ കപ്പിലേക്കും യോഗ്യത നേടും. മൂന്നാം റൗണ്ടിലെ വിജയികളാണ് ലോകകപ്പിന് മൽസരിക്കാൻ അവസരം നേടുക. ലോകകപ്പും അയൽരാജ്യത്ത് അരങ്ങേറുന്ന ഏഷ്യൻ കപ്പിലും സാന്നിധ്യമറിയിക്കാനാണ് യു.എ.ഇ ടീം കച്ചമുറുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.