ലോകകപ്പ് ഫുട്ബാൾ യോഗ്യത: ഇറാഖിനോട് വീണ്ടും തോറ്റ് ഒമാൻ
text_fieldsമസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിൽ ഒമാന് തോൽവി. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ഇറാഖിനോട് വീണ്ടും അടിയറവ് പറഞ്ഞത്. 36ാം മിനിറ്റിൽ യൂസഫ് അമീൻ ആണ് വിജയഗോൾ നേടിയത്. ഇതോടെ വിലപ്പെട്ട മുന്നുപോയന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ഇറാഖിനായി.
വിജയം അനിവാര്യമായ മത്സരത്തിൽ കൊണ്ടുംകൊടുത്തുമായിരുന്നു ആദ്യപകുതിയിൽ ഇരുടീമുകളും മുന്നേറിയത്. ഗ്രൗണ്ടിൽ തടിച്ച് കൂടിയ കാണികളിൽനിന്നുള്ള ആവേശം ഏറ്റുവാങ്ങി പന്തടക്കത്തിലും മുന്നേറ്റത്തിലും ഒമാനായിരുന്നു ആദ്യ മിനിറ്റുകളിൽ മുന്നിട്ട് നിന്നിരുന്നത്. ഇറാഖി പ്രതിരോധത്തെ ഭേദിച്ച് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം നേടനായില്ല. പതിയെ കളിയിലേക്ക് തിരിച്ചുവന്ന ഇറാഖ് ഒമാൻ ഗോൾ മുഖം വിറപ്പിച്ചു. തുടർച്ചയായുള്ള ഇരു ടീമുകളുടെയും മുന്നേറ്റം പലപ്പോഴും പരിക്കൻ അടവുകളിലായിരുന്നു കലാശിച്ചിരുന്നത്. ഇറാഖായിരുന്നു ഇതിൽ മുന്നിട്ട് നിന്നിരുന്നത്. ഒടുവിൽ ആദ്യപകുതിക്ക് വിസിൽ മുഴങ്ങുമ്പോൾ യൂസഫ് അമീനിലൂടെ ഇറാഖ് മുന്നിലെത്തുകയായിരുന്നു.
രണ്ടാം പകുതിയിൽ വിജയം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു റെഡ് വാരിയേഴ്സ്. ഇടതുവതുവിങ്ങുകളിലുടെ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രതിരോധ കോട്ടകെട്ടി ഇറാഖ് ആക്രമണത്തിന്റെ മുനയൊടിച്ചു. ഗ്രൂപ്പ് ബിയിൽ 11കളിയിൽന്നിന്ന് 14 പോയന്റുമായി ദക്ഷിണകൊറിയ ഏറെക്കുറെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ഇത്രയും കളിയിൽനിന്ന് 11 പോയന്റുമായി ഇറാഖാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് കളിയിൽനിന്ന് എട്ടുപോയന്റുമായി ജോർഡനാണ് തൊട്ടടുത്ത്. ആറ് കളിയിൽനിന്ന് ഇത്രയും പോയന്‍റുമായി ഒമാൻ നാലും മൂന്നു പോയന്റുമായി ഫലസ്തീൻ അഞ്ചാമതുമാണ്. അഞ്ച് കളിയിൽനിന്ന് മൂന്ന് പോയന്റുമായി കുവൈത്താണ് പട്ടികയിൽ പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.