ലോകകപ്പ് ഫുട്ബാൾ; ജിദ്ദയിൽ നിന്നും ഖത്തറിലേക്ക് സൗദി യുവാവിന്റെ കാൽനട യാത്ര തുടരുന്നു
text_fieldsജിദ്ദ: ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് നേരിൽ കാണാൻ ജിദ്ദയിൽനിന്നും ഖത്തറിലേക്ക് പുറപ്പെട്ട അബ്ദുല്ല അൽസുൽമിയുടെ നടത്തം മൂന്നാഴ്ച പിന്നിട്ടു. നവംബറിൽ ദോഹയിൽ നടക്കുന്ന ലോക മേള കാണാനുള്ള ആവേശത്താൽ കഴിഞ്ഞ മാസം പകുതിയോടെ കാൽനടയായി ഇറങ്ങിത്തിരിച്ച ഈ സൗദി യുവാവ് ഇതിനകം ആയിരത്തിലേറെ കിലോമീറ്ററാണ് താണ്ടിക്കഴിഞ്ഞത്. ഈ വർഷമാദ്യം ഒരു ടെലിവിഷൻ ഷോ കാണുന്നതിനിടയിൽ മുതിർന്ന ഒരു ഖത്തറി ഉദ്യോഗസ്ഥൻ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബാളിനെക്കുറിച്ചു വിശദീകരിക്കുന്നത് കേട്ടത് മുതൽ ഖത്തറിലെത്തി കളി കാണണമെന്ന് തന്നിൽ അഭിനിവേശമുണ്ടാക്കിയെന്ന് ഈ 33 കാരൻ പറയുന്നു.
ആഗ്രഹം കേട്ട സ്വന്തം ബന്ധുക്കൾ 'ഭ്രാന്തൻ' എന്ന് പറഞ്ഞ് യുവാവിനെ തള്ളിക്കളഞ്ഞെങ്കിലും ധീരമായ ഈ സാഹസികതക്ക് തയാറായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. ജന്മനാടായ ജിദ്ദയിൽനിന്ന് ഖത്തറി തലസ്ഥാനമായ ദോഹയിലേക്ക് രണ്ട് മാസമെടുത്താണ് 1,600 കിലോമീറ്റർ ഏകാന്ത പഥികനായി ഇദ്ദേഹം താണ്ടുന്നത്.
ആയിരക്കണക്കിന് സ്‌നാപ് ചാറ്റ് അനുയായികൾക്കായി വിശ്വസ്തതയോടെ രേഖപ്പെടുത്തപ്പെട്ട യാത്ര, മധ്യപൗരസ്ത്യ മേഖലയിലെ ആദ്യ ലോകകപ്പിനുള്ള പ്രാദേശിക ആവേശം ഉയർത്തിക്കാട്ടാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അൽസുൽമി പറയുന്നു. വിശാലമായ ബ്രൈം തൊപ്പിയും ബാഗും ധരിച്ച് സൗദിയുടെയും ഖത്തറിന്റെയും പതാകകൾ ഘടിപ്പിച്ചുകൊണ്ട് നടത്തം തുടങ്ങിയ യുവാവ് ഇതിനടകം റിയാദ് നഗരം പിന്നിട്ട് കഴിഞ്ഞു. നേരത്തെ താൻ താമസിച്ചിരുന്ന കാനഡയിലും ഓസ്‌ട്രേലിയയിലുമൊക്കെ വിപുലമായ ട്രക്കിങ് അനുഭവമുള്ള അൽസുൽമി അറേബ്യൻ ഉപദ്വീപിലൂടെയുള്ള യാത്ര കാഠിന്യമേറിയതാണെന്ന് അഭിപ്രായപ്പെട്ടു.
സൂര്യോദയത്തോടെ യാത്ര പുറപ്പെടുകയും രാവിലെ 10.30 വരെ നടക്കുകയും ചെയ്യും. പിന്നീട് അൽപ്പനേരം വിശ്രമം. ഉച്ചകഴിഞ്ഞ് യാത്ര പുനരാരംഭിക്കും. രാത്രിയും നടത്തം തുടരും. ഇങ്ങനെ ദിനേന 35 കിലോമീറ്റർ ആണ് നടക്കുന്നത്. വിശപ്പടക്കാൻ പെട്രോൾ സ്റ്റേഷനുകളിൽനിന്ന് ഭക്ഷണം വാങ്ങിയും പള്ളികളിൽ കുളി നടത്തിയും വസ്ത്രങ്ങൾ കഴുകിയുമൊക്കെയാണ് യാത്ര തുടരുന്നത്. യാത്രയുടെ വിശദവിവരങ്ങൾ ദിവസവും സോഷ്യൽ മീഡിയ വഴി ഫോളോവർമാരെ അറിയിക്കുന്നുണ്ട്. ഇതുവഴി ജനങ്ങളിൽനിന്നും കിട്ടുന്ന പിന്തുണ യാത്ര പൂർത്തിയാക്കാൻ തനിക്ക് പ്രോത്സാഹനമാവുന്നതായി അദ്ദേഹം പറഞ്ഞു.
അർജന്റീനയാണ് തന്റെ പ്രിയ ടീമെന്നും എന്നാൽ ആറ് ലോക കപ്പുകൾക്ക് യോഗ്യത നേടിയെങ്കിലും 1994 ലെ അരങ്ങേറ്റത്തിനിടെ ഒരിക്കൽ മാത്രം നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയ സൗദി ടീമിൽ തനിക്ക് പ്രതീക്ഷകൾ ഏറെയാണെന്നും നവംബർ 22 ന് അർജന്റീനയ്‌ക്കെതിരായ സൗദി അറേബ്യയുടെ ഓപ്പണിങ് മത്സര സമയത്ത് ദോഹയിലെത്താനാവുമെന്നാണ് പ്രതീക്ഷ എന്നും അബ്ദുല്ല അൽസുൽമി പറഞ്ഞു.
യാത്രയുടെ പ്രതീകമായി ചെങ്കടലിൽ നിന്നും ഒരു കുപ്പിയിൽ ശേഖരിച്ച വെള്ളവുമായാണ് സുൽമിയുടെ സഞ്ചാരം. ദോഹയിലെത്തി, അറേബ്യൻ ഉൾക്കടലിൽ ചെങ്കടലിലെ ഒരുകുപ്പി വെള്ളം ഒഴിച്ചായിരിക്കും ഈ ആരാധകന്‍റെ യാത്ര പൂർത്തിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.