ബെക്കാമിന്‍റെ റെഡ് കാർഡും ഇംഗ്ലീഷ് സ്വപ്നങ്ങളും
text_fieldsലോകകപ്പ് ഫുട്ബാൾ എന്ന് കേൾക്കുമ്പോൾ ഓർമയിൽ കൂടുകൂട്ടുന്ന ഒരുപാട് മുഹൂർത്തങ്ങളുണ്ട്. കുട്ടിക്കാലത്തെ കളി കാണലും കൂട്ടുകാരുമായുള്ള തർക്കങ്ങളും ഇഷ്ട ടീമിന്‍റെ കിരീട നഷ്ടങ്ങളുമായി നീണ്ടുപോവുന്ന ഓർമകൾ. നിറമുള്ള ഓർമയെന്നത് 1998 ഫ്രാൻസ് ലോകകപ്പാണ്. വീട്ടിൽ ടി.വി ഇല്ലാതിരുന്നതുകൊണ്ട് കുറച്ചകലെയുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു ഉപ്പ കളി കാണാൻ പോയിരുന്നത്. അതുകൊണ്ടുതന്നെ എന്നെ കൂടെ കൂട്ടാറില്ലായിരുന്നു. അതിനിടയിൽ സ്കൂളിൽ നടന്ന പ്രവചന മത്സരത്തിൽ ഉപ്പ പറഞ്ഞത് പ്രകാരം ഒന്ന് -ബ്രസീൽ, രണ്ട്- ഫ്രാൻസ്, മൂന്ന് -ഇംഗ്ലണ്ട് എന്നീ ക്രമത്തിൽ ഞാൻ പ്രവചിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസമാണ് അപ്രതീക്ഷിതമായി ഉപ്പ കളികാണാൻ ഒപ്പം കൂട്ടുന്നത്. ഇംഗ്ലണ്ടും അർജന്‍റീനയും ഏറ്റുമുട്ടിയ ജൂൺ 30 എന്ന ആ ദിനം ഇന്നും ഓർമയിലുണ്ട്. വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം പോയപ്പോഴാണ് വഴിയിൽ പത്തി വിടർത്തിയ മൂർഖൻ പാമ്പ് ആദ്യം ഭയപ്പെടുത്തുന്നത്. അതൊക്കെ തരണം ചെയ്ത് കളികാണാൻ സൗകര്യമുള്ള വീട്ടിലെത്തി. അപ്പോഴേക്കും കളി തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും തുടക്കത്തിലെ ആവേശമൊക്കെ കെട്ട് തുടങ്ങി. പിന്നെെപ്പഴോ ഞാനും ഉറങ്ങിപ്പോയി. ഇടക്ക് ആർപ്പുവിളി കേട്ട് എണീറ്റ് കണ്ണുമിഴിച്ച് നോക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം ചുവപ്പു കാർഡ് വാങ്ങി പുറത്തുപോകുന്ന കാഴ്ച. പിന്നെയാണ് ശരിക്കും കളി കാണാൻ തുടങ്ങിയത്. ഇംഗ്ലണ്ട് തോറ്റതും ബെക്കാം ചെയ്യാത്ത കുറ്റത്തിന് ഒരു ദുരന്തനായകനായതും എല്ലാം മനസ്സിനെ തൊട്ടു. അതോടെ ബെക്കാമും ഇംഗ്ലണ്ടും ഇഷ്ട ടീമായി മാറി.
കിരീടങ്ങളും നേട്ടങ്ങളുമൊന്നുമില്ലെങ്കിലും അന്നു മുതൽ ഇംഗ്ലണ്ട് ടീമിനോടും ബെക്കാമിനോടുമുള്ള ഇഷ്ടം കൂടിക്കൂടി വന്നു. സിമിയോനിയോടുള്ള ദേഷ്യം അർജന്റീനയോടുള്ള അനിഷ്ടമായി മാറി. 2002 ലോകകപ്പ് സമയത്ത് ഉമ്മയുടെ ഷാളും പഴയൊരു ബെഡ്ഷീറ്റും കൊണ്ട് ഇംഗ്ലണ്ടിന്റെ കൊടി ഉണ്ടാക്കിയതും, അതിന് ഉപ്പാനോട് വഴക്കു കേട്ടതുമെല്ലാം കളിയാവേശത്തിന്‍റെ മറ്റൊരു ഓർമയാണ്. പ്രിയപ്പെട്ട ബെക്കാമിന്റെ പെനാൽറ്റിയിലൂടെ അർജന്റീനയെ തോൽപ്പിച്ചത് ഞങ്ങളുടെ തലമുറക്ക് മധുര പ്രതികാരമായി മാറി.
ഇംഗ്ലണ്ടും ബ്രസീലും ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനൽ ഒരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅ നമസ്കാരത്തിന് പുറപ്പെടും മുമ്പേ ഒരു ഗോളിന് ഇംഗ്ലണ്ട് മുന്നിലായിരുന്നു. എന്നാൽ, കളി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും 2 -1ന് തോറ്റത് ഹൃദയം തകർത്ത കാഴ്ചയായി. 2006 ലോകകപ്പിൽ അത്ര ഗുരുതരമല്ലാത്ത തെറ്റിന് വെയ്ൻ റൂണിക്ക് ചുവപ്പു കാർഡ് കിട്ടിയതും 2010ൽ പന്ത് ഗോൾ ലൈൻ മറികടന്നിട്ടും ഗോൾ അനുവദിക്കാതിരുന്നതും എല്ലാം നിർഭാഗ്യം മാത്രം. 2014ൽ ഒരു കളി പോലും ജയിക്കാതെ ഒന്നാം റൗണ്ടിൽ പുറത്തായപ്പോൾ നാട്ടിൽ ഇല്ലാത്തതുകൊണ്ട് മാത്രം കൂട്ടുകാരുടെ അടിയിൽ നിന്നും രക്ഷപ്പെട്ടു. തോൽവികളും നിർഭാഗ്യങ്ങളുമായി ഇംഗ്ലണ്ട് കിതക്കുമ്പോഴും ആരാധക പ്രതീക്ഷ അവസാനിക്കുന്നില്ല.
2018ൽ സെമിഫൈനൽവരെ എത്തിയ പോരാട്ടം അവസാനിച്ചപ്പോൾ ഖത്തറിലെ ജോലി ശരിയായി നിൽക്കുകയായിരുന്നു. 2022ൽ ഇംഗ്ലീഷുകാർ കപ്പ് ജയിക്കുന്നത് നേരിട്ട് കാണാനാകും നിനക്ക് യോഗം എന്ന ദുബൈയിലെ കൂട്ടുകാരുടെ വാക്കുകൾ പൊന്നാവട്ടെ എന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. ഫൈനൽ വരെയുള്ള എല്ലാ കളികളുടെയും ടിക്കറ്റ് എടുത്താണ് കാത്തിരിക്കുന്നത്. 2002 മുതൽ കണ്ടു കൊണ്ടിരിക്കുന്ന ആ സ്വപ്നം പൂവണിയുന്നത് നേരിട്ട് കാണാനാവട്ടെയെന്ന പ്രാർഥനയുമുണ്ട്. ഇത്തവണ ലോകകപ്പിന് വെറുമൊരു കാണിയെന്നതിനേക്കൾ, വളന്റിയർ ടീം അംഗം എന്ന ഉത്തരവാദിത്തവുമുണ്ട്. തുമാമ സ്റ്റേഡിയത്തിൽ ഫാൻ സർവിസ് വളന്റിയർ ടീം ലീഡർ ആയാണ് എന്‍റെ സേവനം. ഇതെല്ലാം നടക്കുന്നത് സ്വപ്നത്തിലാണോ എന്ന് തോന്നിപ്പോകുന്നു പലപ്പോഴും.
കാൽപന്തുകളിയുടെ വിശ്വമാമാങ്കത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഖത്തർ. ലോകകപ്പ് ഫുട്ബാളിന്‍റെ ഓർമകൾ വായനക്കാർക്കും ഗൾഫ് മാധ്യമം 'മെമ്മറി കിക്കിൽ' പങ്കുവെക്കാം. -ഇ മെയിൽ qatar@gulfmadhyamam.net, വാട്സാപ്പ് 5528 4913.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.