Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅതിജീവനത്തിന്‍റെ...

അതിജീവനത്തിന്‍റെ ലോകകപ്പ്

text_fields
bookmark_border
അതിജീവനത്തിന്‍റെ ലോകകപ്പ്
cancel
camera_alt

ചാമ്പ്യന്മാരായ ഉറുഗ്വായ്

1930 മുതൽ 1938 വരെ ഓരോ നാലു വർഷത്തിലുമായി മൂന്ന് ലോകകപ്പ് മാമാങ്കൾ. പ്രതിസന്ധികളെ അതിജയിച്ച് ലോകകപ്പ് ഫുട്ബാൾ കായിക ഭൂപടത്തിൽ ശ്രദ്ധേയമായ ഒരു ചാമ്പ്യൻഷിപ്പായി മാറുന്നതിനിടെയാണ് രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. 1938ൽ പാരിസിൽ കളിമുറുകുമ്പോൾതന്നെ യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലുമായി ലോകയുദ്ധത്തിന്‍റെ കാർമേഘങ്ങൾ മൂടിക്കെട്ടിനിന്നിരുന്നു. പാരിസിൽ ഇറ്റലിയുടെ തുടർച്ചയായി രണ്ടാം വിജയഭേരി മുഴങ്ങി ഒരു വർഷം തികയുമ്പോഴേക്കും ലോകം പീരങ്കികളുടെയും ബോംബർ വിമാനങ്ങളുടെയും മുഴക്കങ്ങളാൽ ഭീതിദമായി. 1939 സെപ്റ്റംബർ ഒന്നിന് ഹിറ്റ്ലറുടെ നാസിപ്പട പോളണ്ടിനെ കടന്നാക്രമിച്ചതോടെ യുദ്ധം പടർന്നു.

1942ൽ നടക്കേണ്ടിയിരുന്ന ഫിഫ ലോകകപ്പിനായി ബ്രസീലും ജർമനിയുമായിരുന്നു വേദിയൊരുക്കാൻ നേരത്തെ തന്നെ രംഗത്തുണ്ടായിരുന്നത്. തുടർച്ചയായി രണ്ടു തവണ ലോകകപ്പിന് യൂറോപ്പ് വേദിയായതിനാൽ, അടുത്തത് തെക്കൻ അമേരിക്കയിലേക്ക് എന്ന് ഉറപ്പിച്ചു. എന്നാൽ, വേദി തീരുമാനിക്കും മുമ്പേ യുദ്ധം തീതുപ്പി.

ഫുട്ബാളും കളിയും കളിക്കളവുമെല്ലാം എല്ലാവരും മറന്നു. പന്തുകളിച്ച് ആരവം മുഴക്കിയ കളിക്കളങ്ങളിൽ മനുഷ്യ ശിരസ്സുകൾ ഉരുണ്ടു. ക്ലബുകളുടെ കാര്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളുമെല്ലാം സൈനികരുടെ താവളങ്ങളും പടക്കോപ്പുകളും സൂക്ഷിപ്പു കേന്ദ്രങ്ങളുമായി. യുദ്ധം അനുദിനം പടർന്നപ്പോൾ, പതിറ്റാണ്ടുകൾകൊണ്ട് കെട്ടിപ്പടുത്ത എല്ലാ കളിമുറ്റങ്ങളും ഛിന്നഭിന്നമായി. കോടിക്കണക്കിന് മനുഷ്യരുടെ ജീവനറ്റ യുദ്ധം 1945 വരെ നീണ്ടു. യുദ്ധാനന്തരം രാജ്യങ്ങൾക്ക് അതിജീവനത്തിന്‍റെ വലിയ പോരാട്ട നാളുകളായിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പൊന്നും ആരുടെയും അജണ്ടയിലില്ലാതായി.

യുദ്ധയും പുകയുമെല്ലാമടങ്ങി 1946ൽ ലക്സംബർഗിൽ ചേർന്ന ഫിഫ കോൺഗ്രസിലായിരുന്നു അടുത്ത ലോകകപ്പ് തീരുമാനിക്കുന്നതും വേദി തെരഞ്ഞെടുക്കുന്നതും. 1942 ലോകകപ്പിന് ബിഡ് അറിയിച്ചവരായിരുന്നു പരിഗണനയിൽ. അവരിൽ ഒരാൾ ലോകയുദ്ധത്തിന് കാരണക്കാരായി, തകർന്നടിഞ്ഞ്, എല്ലാവരാലും അനഭിമതരായ ജർമനി ആയതിനാൽ ബ്രസീലിന് കാര്യങ്ങൾ ഏറെ എളുപ്പമായി. എതിരില്ലാതെതന്നെ 1950 ലോകകപ്പ് തെക്കനമേരിക്കയിലേക്ക് തീരുമാനിച്ചു.

പുതുമകളോടെ തുടക്കം

ലോകയുദ്ധാനന്തര ലോകകപ്പിനൊപ്പം, വിശ്വമേള ബ്രസീൽ ലോകകപ്പിലൂടെ ആധുനികവുമാവുകയായിരുന്നു. പേരിൽ തുടങ്ങിയ മാറ്റം പല വൈവിധ്യങ്ങളായും ശ്രദ്ധേയമായി. കോപാ മൊൻഡ്യാൽ ഡി കാൽചിയോ (കാൽപന്തിന്‍റെ ലോകകപ്പ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചാമ്പ്യൻഷിപ്പ് ബ്രസീലിൽ യുൾറിമേ ട്രോഫിയായി മാറി.

യുദ്ധക്കെടുതികളും ജർമനി ഉൾപ്പെടെ യുദ്ധത്തിൽ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ട രാജ്യങ്ങളുടെ വിലക്കും ടീമുകളുടെ പങ്കാളിത്തം സങ്കീർണമാക്കിയെങ്കിലും 34 ടീമുകൾ യോഗ്യത റൗണ്ടിൽ മത്സരിക്കാൻ സജ്ജരായിരുന്നു. ആതിഥേയരായ ബ്രസീലും, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും മത്സരങ്ങളില്ലാതെ യോഗ്യരായി. ശേഷിച്ച 14ൽ ഏഴ് സ്ഥാനങ്ങൾ യൂറോപ്പിനായി നിശ്ചയിച്ചു. ആറ് ബർത്തുകൾ തെക്കൻ അമേരിക്കക്കും ഒരു ബർത്ത് ഏഷ്യക്കുമായി നീക്കിവെച്ചു. ലീഗ് റൗണ്ടായാണ് യോഗ്യത മത്സരങ്ങൾ നടന്നത്. ലോകകപ്പിൽ പങ്കാളിയാവാൻ ഇംഗ്ലണ്ട് ആദ്യമായി സന്നദ്ധത അറിയിച്ചതും, ഫ്രാൻസ്, സ്കോട്ലൻഡ്, തുർക്കി ടീമുകളുടെ പിൻമാറ്റവും, ഏഷ്യൻ യോഗ്യതാ മത്സരം മുടങ്ങിയതോടെ അവസരം ലഭിച്ച ഇന്ത്യയുടെ പിന്മാറ്റവുമെല്ലാം 1950 ലോകകപ്പിന്‍റെ മറ്റു സവിശേഷതകളായിരുന്നു.

ലോകകപ്പിന്‍റെ സംഘാടനത്തിലുമുണ്ടായിരുന്നു ആതിഥേയരായ ബ്രസീൽ നിർദേശിച്ച പുതുമകൾ. അതുവരെ നോക്കൗട്ട് ആയാണ് മത്സരങ്ങൾ നടന്നതെങ്കിൽ ഇത്തവണ ഗ്രൂപ് റൗണ്ടിനു ശേഷം, കിരീട വിജയികളെ നിർണയിക്കൽ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാക്കി മാറ്റി.

പരമാവധി മത്സരങ്ങൾക്ക് അവസരമൊരുക്കി ടിക്കറ്റ് വരുമാനം ഉറപ്പാക്കുകായിരുന്നു സംഘാടകരുടെ ലക്ഷ്യം. ഗ്രൂപ് റൗണ്ടിൽ ഓരോ ടീമിനും മൂന്ന് മത്സരങ്ങൾ, റൗണ്ട് റോബിൻ ലീഗിൽ വീണ്ടും ഓരോ ടീമിനും മൂന്ന് മത്സരങ്ങൾ.

അങ്ങനെ, പരമാവധി ടിക്കറ്റ് വരുമാനം ഉറപ്പിക്കാനുള്ള പ്ലാനുകൾ ഫിഫക്ക് മുമ്പാകെ സമർപ്പിച്ചു. എന്നാൽ, ഇതിന് അനുമതി നിഷേധിച്ച ഫിഫയെ ടൂർണമെന്‍റ് ആതിഥേയത്വത്തിൽനിന്നും പിൻവാങ്ങുമെന്ന് ഭീഷണിപ്പെടുത്തി സംഘാടകർ അനുമതി സ്വന്തമാക്കി.

അങ്ങനെ ലോകകപ്പിന്‍റെ ചരിത്രത്തിൽ കിരീടനിർണയത്തിന് ഒരു ഫൈനൽ മത്സരമില്ലാത്ത ആദ്യത്തെയും അവസാനത്തെയും ടൂർണമെന്‍റായി 1950 ബ്രസീൽ മാറി.

ടൂർണമെന്‍റ്​ വിശേഷങ്ങൾ

ആതിഥേയർ : ബ്രസീൽ

1950 ലോകകപ്പ് ജൂൺ 24 മുതൽ ജൂലൈ 16 വരെ

ആകെ ടീമുകൾ : 13

പങ്കെടുത്ത ടീമുകൾ :

ബ്രസീൽ, യുഗോസ് ലാവിയ,

സ്വിറ്റ്സർലൻഡ്, മെക്സികോ, സ്പെയിൻ, ഇംഗ്ലണ്ട്, ചിലി, അമേരിക്ക, സ്വീഡൻ, ഇറ്റലി, പരഗ്വേ, ഉറുഗ്വായ്, ബൊളീവിയ.

ഫൈനൽ പൊസിഷൻ

ജേതാക്കൾ : ഉറുഗ്വായ് (രണ്ടാം കിരീടം)

റണ്ണേഴ്സ് അപ്പ് : ബ്രസീൽ

മൂന്നാം സ്ഥാനം : സ്വീഡൻ

നാലാം സ്ഥാനം : സ്പെയിൻ

ആകെ മത്സരങ്ങൾ : 22

ഗോളുകൾ : 88

ടോപ് സ്കോറർ : അഡ്മിർ മെനസസ് (9 ഗോൾ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup
News Summary - World Cup of Survival
Next Story