അത്യാഹിതങ്ങൾ നേരിടാൻ സജ്ജമായി ആരോഗ്യ വിഭാഗം
text_fieldsദോഹ: വൻ അത്യാഹിതങ്ങൾ സംഭവിച്ചാൽ, ഫലപ്രദമായി നേരിടുകയെന്ന ലക്ഷ്യവുമായി ലോകകപ്പിന് മുന്നോടിയായി പൊതുജനാരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് മാസ് കാഷ്വാലിറ്റി സിമുലേഷൻ എക്സർസൈസ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രാലയം, ഫിഫ, ലോകാരോഗ്യ സംഘടന, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവരുൾപ്പെടുന്ന മൂന്നുവർഷത്തെ സംയുക്ത പങ്കാളിത്ത കരാറിന്‍റെ ഭാഗമായി വൻ അത്യാഹിതങ്ങളെ നേരിടുന്നതിന് സംഘടിപ്പിച്ച പരിശീലനത്തിൽ ആരോഗ്യ മന്ത്രാലയത്തിനുപുറമെ, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്റ മെഡിസിൻ, നാഷനൽ ഹെൽത്ത് ഇൻസിഡൻറ് കമാൻഡ് സെന്റർ എന്നിവർ പങ്കെടുത്തു.
ലോകകപ്പിന് ഏകദേശം 15 ലക്ഷം ആരാധകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ. കളിക്കാരുടെയും ഒഫീഷ്യൽസിന്റെയും ആരാധകരുടെയും പ്രാദേശിക താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരും രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും അത്യാഹിതങ്ങളൊഴിവാക്കാനുള്ള കഠിന പരിശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രാലയം ഹെൽത്ത് എമർജൻസി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ഹാജിരി പറഞ്ഞു.എമർജൻസി റെസ്പോൺസ് പദ്ധതിയുടെ ഭാഗമാണ് സിമുലേഷൻ എക്സർസൈസെന്നും ടൂർണമെന്റിന് മുമ്പായി സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാക്കുകയാണ് ലക്ഷ്യമെന്നും ആരോഗ്യ സംവിധാനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത പരിശോധിക്കുകയും ആവശ്യമെങ്കിൽ പദ്ധതികളിലും പ്രോട്ടോകോളുകളിലും മാറ്റംവരുത്തുകയും ചെയ്യുമെന്നും ഡോ. അൽ ഹാജിരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.