ലോകകപ്പ്: സമഗ്ര യാത്രാ പദ്ധതികളുമായി ഖത്തർ
text_fieldsദോഹ: നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മാച്ച് ദിനങ്ങളിൽ ഖത്തറിലെ താമസക്കാർക്ക് സ്വന്തം വാഹനങ്ങളിൽ തന്നെ സ്റ്റേഡിയങ്ങളിലേക്ക് പോകാമെന്ന് സുപ്രീം കമ്മിറ്റി. ലോകകപ്പ് വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന ഗതാഗത സൗകര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്.
മാച്ച് ദിനങ്ങളിൽ താമസ സ്ഥലങ്ങളിൽ നിന്നും സ്റ്റേഡിയങ്ങൾ, ഫാൻസോണുകൾ, പ്രധാന ആഘോഷ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സംവിധാനങ്ങൾ, ദോഹ മെട്രോ സേവനങ്ങൾ, മുവാസലാത്തിനു കീഴിലെ വിവിധ പൊതുഗതാത സേവനങ്ങൾ എന്നിവ സംബന്ധിച്ച് വിവിധ മന്ത്രാലയം പ്രതിനിധികളും സുപ്രീം കമ്മിറ്റി അധികൃതരും വിശദീകരിച്ചു. മെട്രോ, ബസ്, ടാക്സി തുടങ്ങി എല്ലാ യാത്ര സംവിധാനങ്ങളും ദശലക്ഷം കാണികളുടെ സേവനത്തിനായി പൂർണ സജ്ജമായതായി സുപ്രീം കമ്മിറ്റി ഗതാഗത വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ അബ്ദുൽ അസിസ് അൽ മാവ് ലവി ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോകകപ്പ് വേളയിൽ ദോഹ മെട്രോ ദിവസം 21 മണിക്കൂർ സർവിസ് നടത്തും. രാവിലെ ആറിന് തുടങ്ങുന്ന സർവിസ് അടുത്ത ദിവസം പുലർച്ചെ മൂന്ന് മണിവരെ തുടരും. മത്സര ദിനങ്ങളിൽ ഖത്തറിലെ താമസക്കാരായ കാണികൾക്ക് സ്വന്തം വാഹനത്തിൽ തന്നെ സ്റ്റേഡിയങ്ങളിലെത്താവുന്നതാണ്. അതേസമയം, വിദേശകാണികൾ മെട്രോ-പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ചു. ദോഹയിലെ അഞ്ചു കേന്ദ്രങ്ങളിൽ നിന്നും പ്രധാന താമസ സ്ഥലങ്ങളിൽ നിന്നുമായി സ്റ്റേഡിയങ്ങളിലേക്ക് ബസ് സർവിസുണ്ടാവും.
ദോഹ-ഹമദ് വിമാനത്താവളങ്ങളിലെത്തുന്ന കാണികൾക്ക് ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ ഷട്ട്ൽ ബസ് സർവിസ്, ദോഹ മെട്രോ, യൂബർ ഉൾപ്പെടെ ടാക്സികൾ എന്നിവ ലഭ്യമാവും. ഇരു വിമാനത്താവളങ്ങളിൽ നിന്നും താമസ സ്ഥലങ്ങൾ, സെൻട്രൽ ദോഹയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ എത്തുന്നതിനായി ഷട്ട്ൽ ബസ് സർവിസ് നടത്തും.
നവംബർ ഒന്ന് മുതൽ ദോഹ കോർണിഷ് കാൽനടയാത്രക്കാർക്കു മാത്രമായി മാറും. വാഹനങ്ങൾ, സ്കൂട്ടർ, സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾക്കൊന്നും കോർണിഷിലേക്ക് പ്രവേശനം അനുവദിക്കില്ല. ഫിഫ ഫാൻ ഫെസ്റ്റിവൽ, അൽ ബിദ പാർക്ക്, കോർണിഷ് എന്നിവടങ്ങളിലെത്താൻ പൊതുജനങ്ങൾ പൊതുഗതഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
വാർത്താ സമ്മേളനത്തിൽ മുവാസലാത്ത് സി.ഒ.ഒ അഹമ്മദ് ഹസൻ അൽ ഉബൈദലി, ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് ലഫ്. ഖാലിദ് നാസർ അൽ മുല്ല, അശ്ഗാൽ ദോഹ സിറ്റി ഡിസൈൻ മേധാവി എഞ്ചി. മുഹമ്മദ് അലി അൽ മർറി, ഖത്തർ റെയിൽ അബ്ദുല്ല സൈഫ് അൽ സുലൈതി, ഗതാഗത മന്ത്രാലയം പ്രതിനിധി നജ്‍ല മലാല അൽ ജാബിർ, സുപ്രീം കമ്മിറ്റി പ്രതിനിധി മുഹമ്മദ് അൽ ഖാനി എന്നിവർ പങ്കെടുത്തു.
യാത്രാ നിർദേശങ്ങൾ വിശദമായി അറിയാൻ: https://www.qatar2022.qa/en/getting-around
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.