ഗോളടിക്കൂ ഇന്ത്യാ...
text_fieldsഗുവാഹതി: സോക്കർ ഇതിഹാസം സുനിൽ ഛേത്രി ദേശീയ ജഴ്സിയിൽ 150ാം മത്സരത്തിനിറങ്ങുന്ന ചൊവ്വാഴ്ച അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് വൻ മാർജിനിൽ ജയിക്കണം. സ്വന്തം നാട്ടിൽ ആരാധകരുടെ നിറഞ്ഞ പിന്തുണയിൽ വിജയം പ്രതീക്ഷിച്ചിറങ്ങുന്ന ടീമിന് ലോകകപ്പ് യോഗ്യത ഉറപ്പാക്കുന്നതിലുപരി ഛേത്രിയുടെ ചരിത്രനിമിഷം ആഘോഷമാക്കാനും ഗോളുത്സവം തീർക്കാനാകണം.
സൗദി അറേബ്യയിലെ അബഹയിൽ നടന്ന ഗ്രൂപ് എ ആദ്യപാദ മത്സരം ഗോൾരഹിത സമനിലയിലായിരുന്നു. ഗോളടിക്കാൻ മറക്കുന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കുവൈത്തുമായി മുഖാമുഖംനിന്ന 2023 നവംബറിലാണ് അവസാനമായി ഇന്ത്യ ഗോൾ നേടിയത്.
2005ൽ ആദ്യമായി ദേശീയ ടീമിനൊപ്പം ബൂട്ടുകെട്ടിയ ഛേത്രി ഇതുവരെയായി 149 മത്സരങ്ങളിൽ 93 ഗോളുകൾ നേടിയിട്ടുണ്ട്. രാജ്യത്തിനായി 11 കിരീടങ്ങളും മാറോടുചേർത്തു. ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ ഗോളടിച്ച് ജയിപ്പിക്കുന്നതിനൊപ്പം തന്റെ കരിയറിലാദ്യമായി ഇന്ത്യ ലോകകപ്പ് കളിക്കുന്നതിൽ പങ്കാളിയാകൽകൂടി ഛേത്രിക്ക് ലക്ഷ്യമാകും.
നിലവിൽ ഗ്രൂപ് എയിൽ മൂന്നു കളികളിൽ നാലു പോയന്റുമായി രണ്ടാമതാണ് ഇന്ത്യ. അത്രയും കളിച്ച കുവൈത്ത് മൂന്ന് പോയന്റുമായി മൂന്നാമതാണ്. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്ക് കടക്കാൻ അടുത്ത മൂന്നു മത്സരങ്ങളിൽ ടീം ചുരുങ്ങിയത് നാലു പോയന്റ് നേടണം. ചൊവ്വാഴ്ച അഫ്ഗാൻ എതിരാളിയാകുമ്പോൾ ജൂണിൽ കുവൈത്തും ഖത്തറുമാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.