ലോകകപ്പ് യോഗ്യത: കളിക്കാർക്ക് കോവിഡ്; വനാറ്റു പിൻവാങ്ങി
text_fieldsദോഹ: ഒഷ്യാനിയ മേഖല ലോകകപ്പ് യോഗ്യത മത്സരം കളിക്കാനായി ഖത്തറിലെത്തിയ വനാറ്റു ഐലൻഡ്, കുക്ക് ഐലൻഡ് ടീമിലെ അംഗങ്ങൾക്ക് കോവിഡ്. വ്യാഴാഴ്ച ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും മുമ്പാണ് വനാറ്റു ടീം അംഗങ്ങൾക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. തുടർന്നുള്ള പരിശോധനയിൽ ടീമിലെ കൂടുതൽപേർക്കും പോസിറ്റിവായതോടെ യോഗ്യത മത്സരത്തിൽനിന്നും ടീം പിൻവാങ്ങി. വ്യാഴാഴ്ച തഹിതിക്കെതിരായ മത്സരത്തിനിറങ്ങും മുമ്പാണ് ടീമിലെ താരങ്ങൾ പോസിറ്റിവായത്. തുടർന്നുള്ള പരിശോധനയിൽ കൂടുതൽ താരങ്ങൾ പോസിറ്റിവായി.
തൊട്ടു പിന്നാലെ മറ്റൊരു ടീമായ കുക് ഐലൻഡിലെ ടീം അംഗങ്ങൾക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഇവർ സോളമൻ ഐലൻഡിനെതിരെ കളിച്ചിരുന്നു. ഞായറാഴ്ച തങ്ങളുടെ അടുത്ത മത്സരത്തിനായി കളത്തിലിറങ്ങാനിരിക്കെയാണ് ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഞായറാഴ്ച നടക്കേണ്ട കുക് ഐലൻഡ് - തഹിതി മത്സരവും റദ്ദാക്കി. സോളമൻ ഐലൻഡ് -വനാറ്റു മത്സരം നേരത്തേതന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു.
ടീം അംഗങ്ങളിൽ വലിയൊരു വിഭാഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ, അടിയന്തരമായി പകരക്കാരെ അണിനിരത്താൻ കഴിയാത്തതിനാൽ യോഗ്യത റൗണ്ട് മത്സരത്തിൽനിന്ന് പിൻവാങ്ങുന്നതായി വനാറ്റു ഫുട്ബാൾ ഫെഡറേഷൻ ഫിഫയെ അറിയിച്ചു. കോവിഡ് മാർഗനിർദേശ പ്രകാരം പോസിറ്റിവായതിനാൽ കളിക്കാർക്ക് ഏഴു ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ടീമിന്റെ പിൻവാങ്ങൽ സംബന്ധിച്ച് ഫിഫ അന്തിമ തീരുമാനമെടുക്കും.
ന്യൂസിലൻഡിന് വിജയത്തുടക്കം
ലോകകപ്പ് ഒഷ്യാനിയ യോഗ്യത റൗണ്ടിൽ പ്രധാനികളായ ന്യൂസിലൻഡിന് ആദ്യ ജയം. വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിൽ പാപ്വ ന്യൂഗിനിയെ ഏക പക്ഷീയമായ ഒരു ഗോളിനാണ് തോൽപിച്ചത്. 75ാം മിനിറ്റിൽ ബെഞ്ചമിൻ വെയ്നിയാണ് വിജയ ഗോൾ കുറിച്ചത്. മറ്റൊരു മത്സരത്തിൽ ഫിജി 2-1ന് ന്യൂകാലിഡോണിയയെ തോൽപിച്ചു. ഞായറാഴ്ചത്തെ മത്സരങ്ങൾ റദ്ദാക്കിയതിനാൽ, ഇനി തിങ്കളാഴ്ച ഗ്രൂപ്പ് 'ബി'യിൽ വീണ്ടും പോരാട്ടം സജീവമാകും. പാപുവ ന്യു ഗിനിയ - ന്യൂ കാലിഡോണിയയെയും, ന്യൂസിലൻഡ് - ഫിജിയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.