ലോകകപ്പ് യോഗ്യത: അർജന്റീനയും ബ്രസീലും ഇറങ്ങുന്നു
text_fieldsബ്വേനസ് എയ്റിസ്: 2026ലെ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിനുള്ള യോഗ്യത മത്സരങ്ങൾക്ക് തുടക്കമാകുന്നു. വെള്ളിയാഴ്ച പുലർച്ചെ ലാറ്റിനമേരിക്കയിലാണ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നത്. ലോക ചാമ്പ്യന്മാരായ അർജന്റീനയെ എക്വഡോറും പരഗ്വേയെ പെറുവും കൊളംബിയയെ വെനിസ്വേലയും നേരിടും. തൊട്ടടുത്ത ദിവസം ബ്രസീൽ-ബൊളീവിയ, ഉറുഗ്വായ്-ചിലി പോരാട്ടങ്ങളും നടക്കും.
ബ്വേനസ് എയ്റിസിലെ മാസ് മൊന്യൂമെന്റൽ സ്റ്റേഡിയത്തിലാണ് ആതിഥേയരായ അർജന്റീന എക്വഡോറുമായി ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.30നാണ് മത്സരം. 2026ലെ ലോകകപ്പിൽ കളിക്കില്ലെന്ന് സൂപ്പർ താരം ലയണൽ മെസ്സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ടീമിന് യോഗ്യത നേടിക്കൊടുക്കാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ് നായകൻ.
ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്, ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡി, മിഡ്ഫീൽഡർമാരായ എയ്ഞ്ചൽ ഡി മരിയ, എൻസോ ഫെർണാണ്ടസ്, സ്ട്രൈക്കർ ജൂലിയൻ അൽവാരസ് തുടങ്ങിയ പ്രമുഖരെല്ലാം കളത്തിലുണ്ടാവും. പി.എസ്.ജിയിൽനിന്ന് ഇന്റർ മയാമിയിലെത്തിയ മെസ്സി 11 ഗോളുമായി ഉജ്ജ്വല ഫോമിലാണ്. തുടക്കം എല്ലായ്പോഴും സങ്കീർണമാണെന്ന് പരിശീലകൻ ലയണൽ സ്കലോണി പ്രതികരിച്ചു.
പുതിയ പരിശീലകൻ ഫെലിക്സ് സാൻഷസ് ബാസിന് കീഴിൽ ഇറങ്ങുന്ന എക്വഡോറിന് കരുത്തേകാൻ ഈയിടെ ചെൽസിയിലെത്തിയ മിഡ്ഫീൽഡർ മൊയ്സസ് കയ്സെഡോ, വെറ്ററൻ സ്ട്രൈക്കർ എന്നർ വലെൻസിയ, കൗമാര സെൻസേഷൻ കെൻഡ്രി പയെസ് തുടങ്ങിയവരിറങ്ങും. മൂന്നു പോയന്റ് മൈനസിലാണ് എക്വഡോർ എത്തിയിരിക്കുന്നത്. കൊളംബിയൻ വംശജനായ ഡിഫൻഡർ ബൈറോൺ കാസ്റ്റിലോയുടെ ജനന വിവരങ്ങളിൽ കൃത്രിമം കാണിച്ചതിനാണ് ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇവരുടെ മൂന്നു പോയന്റ് കുറച്ചത്. അർജന്റീനയെ ആദ്യ കളിയിൽ അട്ടിമറിച്ചാലും എക്വഡോറിന് പൂജ്യത്തിലെത്താനേ കഴിയൂ. പുലർച്ച നാലിന് പരഗ്വേ-പെറു മത്സരം അറാൻഡ അന്റോണിയോ സ്റ്റേഡിയത്തിലും കൊളംബിയ-വെനിസ്വേല കളി 4.30ന് ബറാൻകില മെട്രോപ്പൊളിറ്റൻ സ്റ്റേഡിയത്തിലും നടക്കും.
ബൊളീവിയയാണ് ബ്രസീലിന് ആദ്യമത്സരത്തിലെ എതിരാളികള്‍. ശനിയാഴ്ച രാവിലെ ഇന്ത്യൻ സമയം 6.15നാണ് മത്സരം. ലോകകപ്പിന് ശേഷം നെയ്മര്‍ ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മുന്‍ കാമുകിയ ആക്രമിച്ച കേസില്‍ അന്വേഷണം നേടിരുന്ന ആന്റണി ടീമിൽനിന്ന് പുറത്തായതോടെ ഗബ്രിയേല്‍ ജെസ്യൂസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. താല്‍ക്കാലിക പരിശീലകൻ ഫെര്‍ണാണ്ടോ ഡിനിസിന്റെ ശിക്ഷണത്തിലാണ് ബ്രസീല്‍ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.