ലോകകപ്പ് യോഗ്യത: ഗ്രൂപ് ‘എ’യിൽ ഇന്ന് ഖത്തറിനെതിരെ അവസാന മത്സരം
text_fieldsദോഹ: രണ്ടു പതിറ്റാണ്ട് ദൈർഘ്യമുള്ള കരിയറിലൂടെ മൈതാനം മുഴുവനായി പടർന്നു പന്തലിച്ച സുനിൽ ഛേത്രിയെന്ന അതികായൻ കളമൊഴിഞ്ഞ ഇന്ത്യ ആദ്യ അങ്കത്തിനായി ദോഹയുടെ മണ്ണിൽ ബൂട്ടുകെട്ടുന്നു. ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ നിർണായക അങ്കത്തിൽ ജയിച്ചേതീരൂവെന്ന മത്സരം.
പ്രദേശിക സമയം വൈകീട്ട് 6.45ന് (ഇന്ത്യൻ സമയം രാത്രി 9.15) ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറാണ് എതിരാളി. ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക് ഒരുപിടി സവിശേഷതകളുള്ളതാണ് ഈ അങ്കം. ഏഷ്യൻ രണ്ടാം റൗണ്ട് ഗ്രൂപ് ‘എ’യിൽ അവസാന മത്സരത്തിലാണ് ഇന്ത്യയും ഖത്തറും മുഖാമുഖമെത്തുന്നത്.
തോൽവിയറിയാതെ അഞ്ച് കളി പിന്നിട്ട ഖത്തർ 13 പോയൻറുമായി സേഫ് സോണിലാണ്. 2027 ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത നേടുകയും ലോകകപ്പ് യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതോടെ, പുതുമുഖങ്ങളും യുവതാരങ്ങളും അണിനിരക്കുന്ന സംഘവുമായാണ് ഏഷ്യൻ ചാമ്പ്യന്മാർ ബൂട്ടുകെട്ടുന്നത്.
അതേസമയം, അഞ്ച് കളിയിൽ രണ്ട് സമനിലയും തോൽവിയും ഒരു ജയവുമായി അഞ്ച് പോയൻറുള്ള ഇന്ത്യക്ക് ചൊവ്വാഴ്ച ജയത്തിൽ കുറഞ്ഞൊന്നും പരിഹാരമല്ല. ഗ്രൂപ്പിൽ അഞ്ച് പോയൻറുമായി ഒപ്പമുള്ള അഫ്ഗാനും, നാല് പോയൻറുള്ള കുവൈത്തും ഇതേസമയംതന്നെ മറ്റൊരിടത്ത് കളിക്കുേമ്പാൾ ജയത്തിലൂടെ നേടുന്ന മൂന്ന് പോയൻറാണ് ഇന്ത്യൻ പ്രതീക്ഷകൾക്ക് പച്ചപ്പാകുന്നത്. അഫ്ഗാനുമായി ഗോൾവ്യത്യാസത്തിലെ മികച്ച മാർജിൻ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നതാണ്.
പുതിയ നായകന് കീഴിൽ
പിന്നിലിരുന്ന് വലകാക്കുക മാത്രമല്ല, ടീമിനെ നയിക്കാനുള്ള നിയോഗംകൂടി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനുണ്ട്. ഛേത്രി വിടവാങ്ങിയ റോളിൽ ടീമിന്റെ നായകസ്ഥാനത്തേക്ക് കൂടിയാണ് പരിചയസമ്പന്നനായ ഗുർപ്രീതിന്റെ വരവ്. മലയാളി താരം സഹൽ അബ്ദുൽ സമദ്, മുന്നേറ്റത്തിൽ മൻവീർ സിങ്, റഹിം അലി, മധ്യനിരയിൽ അനിരുദ്ധ് ഥാപ്പ, ബ്രണ്ടൻ ഫെർണാണ്ടസ്, ലാലിയാൻസുവാല ചാങ്തേ, സുരേഷ് സിങ് വാങ്ജം എന്നിവരുൾപ്പെടെ യുവനിരയുമായാണ് ഇന്ത്യ ദോഹയിലെത്തുന്നത്.
യോഗ്യത റൗണ്ടിലെ ആദ്യമത്സരത്തിൽ കുവൈത്തിനെ തോൽപിച്ചുവെങ്കിലും, കഴിഞ്ഞയാഴ്ച കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയായിരുന്നു ഫലം. ഗ്രൂപ് റൗണ്ടിലെ ആദ്യ പാദത്തിൽ ഖത്തറും ഇന്ത്യയും ഭുവനേശ്വറിൽ ഏറ്റുമുട്ടിയപ്പോൾ 3-0ത്തിന് ഖത്തറിനായിരുന്നു ജയം.
ഇന്ത്യക്കെതിരെ മലയാളി തഹ്സിൻ
ഖത്തറിന്റെ മറൂൺ കുപ്പായത്തിൽ വലതു വിങ്ങിലൂടെ ചാട്ടുളിവേഗത്തിൽ നീങ്ങുന്ന മലയാളി താരം തഹ്സിൻ ജംഷിദിലായിരിക്കും ചൊവ്വാഴ്ച മുഴുവൻ ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ കണ്ണുകൾ. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഖത്തർ ദേശീയ ടീമിൽ ഇടം നേടുന്നത്. രണ്ടു തവണ ഏഷ്യൻ ജേതാക്കളും ഫിഫ റാങ്കിങ്ങിൽ 34ാം സ്ഥാനക്കാരുമായ ഖത്തർ ദേശീയ ടീമിലേക്ക് രണ്ടാഴ്ച മുമ്പാണ് തഹ്സിന് വിളിയെത്തുന്നത്.
29 അംഗ ടീമിന്റെ ഭാഗമായ തഹ്സിൻ വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരായ മത്സരത്തിന്റെ െപ്ലയിങ് ഇലവനിൽതന്നെ ഇടംപിടിക്കുകയും 60 മിനിറ്റ് സമയം കളിക്കുകയും ചെയ്തു. ശ്രദ്ധേയ മായ നീക്കങ്ങളിലൂടെ അരങ്ങേറ്റത്തിൽ കൈയടി നേടിയ 17കാരൻ ചൊവ്വാഴ്ച സ്വന്തം നാടിനെതിരായ മത്സരത്തിൽ ബൂട്ടുകെട്ടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
കഴിഞ്ഞ മൂന്നു വർഷമായി ഖത്തർ അണ്ടർ 16, 17, 19 ടീമുകളിലും ലീഗിലെ ചാമ്പ്യൻ ക്ലബായ അൽ ദുഹൈലിലും കളിച്ച് പരിചിതനാണ് തഹ്സിൻ. എന്നാൽ, ഏഷ്യൻ ചാമ്പ്യന്മാരുടെ മുൻനിരയിൽ ഇടംപിടിച്ച മലയാളി കൗമാരതാരത്തിന്റെ കളിമികവ് നേരിട്ടുകാണാനും അറിയാനും ഇന്ത്യൻ ആരാധകർക്കുള്ള അവസരമാവും ഇൗ മത്സരം.
അക്രം അഫിഫ്, അൽ മുഈസ് അലി, കരിം ബൗദിയാഫ്, ഉൾപ്പെടെ മുൻനിര താരങ്ങളില്ലാതെയാണ് കോച്ച് മാർക്വേസ് ലോപസ് ടീമിനെ പ്രഖ്യാപിച്ചത്. ആറ് പുതുമുഖ താരങ്ങളായിരുന്നു അഫ്ഗാനെതിരെ അരങ്ങേറിയത്. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാവും ടീം ചൊവ്വാഴ്ചയും ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.