ലോകകപ്പ് യോഗ്യത: നെതർലൻഡ്സിനെ ഞെട്ടിച്ച് തുർക്കി; അനായാസ ജയവുമായി ബെൽജിയം, പോർചുഗൽ, റഷ്യ, സെർബിയ
text_fields
ലണ്ടൻ: 2022 ലോകകപ്പ് യോഗ്യത തേടിയിറങ്ങിയ നെതർലൻഡ്സിനെ ഞെട്ടിച്ച് തുർക്കി. 2010 ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഡച്ചുകാരെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മറികടന്നാണ് തുർക്കി വിലപ്പെട്ട മൂന്നു പോയിന്‍റുമായി അങ്കം കൊഴുപ്പിച്ചത്. തുർക്കിക്കായി യിൽതിമാസ് ഹാട്രിക് നേടി കളിയിലെ താരമായി. കാതനൊഗ്ലു പട്ടിക തികച്ചപ്പോൾ നെതർലൻഡ്സിനായി ക്ലാസൻ, ഡിജോങ് എന്നിവറർ ആശ്വാസ ഗോൾ നേടി. ആദ്യപകുതിയിൽ രണ്ടുവട്ടം വല ചലിപ്പിച്ച് യിൽതിമാസും തുർക്കിയും കളി നയിച്ചപ്പോൾ തുടക്കത്തിലേ വിധി നിർണയിക്കപ്പെട്ട പോലെയായി. ഇടവേള കഴിഞ്ഞ് ആദ്യ മിനിറ്റിൽതന്നെ നെതർലൻഡ്സ് സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി തുർക്കി ഒരു വട്ടം കൂടി ഗോൾ നേടിയതോടെ ലീഡ് മൂന്നിലെത്തി. 75ാം മിനിറ്റിൽ ക്ലാസൻ ഒരു ഗോൾ മടക്കി. തൊട്ടുപിറകെ ഡി ജോങ്ങും സ്കോർ ചെയ്തതോടെ ഡച്ച് പ്രതീക്ഷകൾക്ക് വീണ്ടും ചിറകു മുളച്ചെങ്കിലും അഞ്ചു മിനിറ്റിനിടെ എല്ലാം അവസാനിപ്പിച്ച് യിൽതിമാസ് ഒരു വട്ടം കൂടി ഗോൾവല തുളച്ച് സ്കോർ അഭേദ്യമായി ഉയർത്തി.
ലോക ഫുട്ബാളിലെ ഏറ്റവും മികച്ച ഇലവനുകളിലൊന്ന് ഇറങ്ങിയ മറ്റൊരു കളിയിൽ ലോകത്തെ ഒന്നാം നമ്പർ ടീം വെയ്ൽസിനെ 3-1ന് തുരത്തി. കെവിൻ ഡി ബ്രുയിൻ, തൊർഗൻ ഹസാർഡ്, ലുക്കാക്കു എന്നിവർ ബെൽജിയത്തിനായി ഗോൾ നേടിയപ്പോൾ വിൽസൺ വെയ്ൽസിന്റെ മാനംകാത്തു. 10ാം മിനിറ്റിൽ ഗാരെത് ബെയ്ലും കൊണർ റോബർട്സും ചേർന്ന് നടത്തിയ നീക്കം അതിവിദഗ്ധമായി ഹാരി വിൽസൺ ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യം ഗോൾ നേടിയത്. ലീഡ് പക്ഷേ, അതിവേഗം അവസാനിപ്പിച്ച് ഡി ബ്രുയിൻ 22ാം മിനിറ്റിൽ സമനില കണ്ടെത്തി. ആദ്യ പകുതിയിൽ തന്നെ ഹസാർഡ് ലീഡും നൽകി. രണ്ടാം പകുതിയിൽ ലുക്കാക്കു പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ കളി തീരുമാനമായി.
മെദ്വെദേവിന്റെ ഏക ഗോളിൽ അസർബൈജാനെതിരെ പോർച്ചുഗൽ വിജയിച്ചപ്പോൾ യുക്രെയ്ൻ ഫ്രാൻസിനെ സമനിലയിൽ പിടിച്ചു. ഗ്രീസ്മാൻ ഫ്രാൻസിനായി ഗോൾ നേടിയപ്പോൾ കിംപെപ്പെയുടെ സെൽഫ് ഗോൾ യുക്രെയ്ന് സമനില നൽകി. അയർലൻഡിനെതിരെയായിരുന്നു സെർബിയയുടെ വിജയം. മിത്രോവിച്ച് രണ്ടും വ്ലാഹോവിച്ച് ഒന്നും ഗോളുമായി സെർബിയയെ മുന്നിൽനിന്ന് നയിച്ചപ്പോൾ അയർലൻഡിനായി ബ്രൗൺ, കോളിൻസ് എന്നിവർ സ്കോർ ചെയ്തു. െസ്ലാവേനിയ ക്രൊയേഷ്യയെയും (1-0), റഷ്യ മാൾട്ടയെയും (3-1), മോണ്ടിനെഗ്രോ ലാറ്റ്വിയയെയും (2-1), നോർവെ ജിബ്രാൾട്ടറിനെയും (3-1) ചെക് റിപ്പബ്ലിക് എസ്റ്റോണിയയെയും (6-2) വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.