ഖത്തറിന് വിജയ രാത്രി
text_fieldsകുവൈത്തിനെതിരായ മത്സരത്തിനിറങ്ങിയ ഖത്തറിന് പിന്തുണയുമായി ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെത്തിയ ആരാധകർ ‘ചാമ്പ്യൻസ്’ ബാനറുമായി
ദോഹ: 40 ദിവസം മുമ്പ് ഏഷ്യൻ കപ്പ് ഫുട്ബാൾ കലാശപ്പോരാട്ടത്തിൽ ലുസൈലിൽ അവസാനിപ്പിച്ചിടത്തു നിന്നായിരുന്നു വ്യാഴാഴ്ച രാത്രിയിൽ ജാസിം ബിൻ അലി സ്റ്റേഡിയത്തിൽ തുടങ്ങിയത്. ഗൾഫിലെ അയൽക്കാരായ കുവൈത്തിനെതിരെ തങ്ങളുടെ ലോകകപ്പ് 2026-ഏഷ്യൻ കപ്പ് 2027 യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിൽ ബൂട്ടു കെട്ടിയപ്പോൾ മൂന്നു ഗോളിന്റെ ത്രസിപ്പിക്കുന്ന ജയവുമായി അക്രം അഫീഫിന്റെയും സംഘവും തുടങ്ങുന്നു. ഏഷ്യൻ കപ്പിൽ രാജ്യത്തിന്റെ വിജയ ശിൽപിയായ അക്രം അഫീഫ് ഇരട്ട ഗോളുകളുമായി ഇത്തവണയും താരമായി. കളിയുടെ 47, 68 മിനിറ്റുകളിലായിരുന്നു അഫീഫ് വലകുലുക്കിയത്. ഖത്തറിന്റെ മുന്നേറ്റങ്ങളെ തടഞ്ഞുകൊണ്ട് ഒന്നാം പകുതി ഗോൾരഹിതമാക്കുന്നതിൽ കുവൈത്ത് വിജയിച്ചെങ്കിൽ രണ്ടാം പകുതിയിൽ കളി മാറി. ഖത്തറിന്റെ വിങ്ങിൽ നിന്നും മുഹമ്മദ് വാദ് തൊടുത്ത ലോങ് ബാൾ ക്ലിയർ ചെയ്യാൻ മറന്ന കുവൈത്ത് പ്രതിരോധത്തിന്റെ വീഴ്ച മുതലെടുത്തായിരുന്നു അക്രം ആദ്യ ഗോൾ നേടിയത്.
ഖത്തറിന്റെ ഇരട്ട ഗോൾ നേടിയ അക്രം അഫീഫിന്റെ ആഹ്ലാദം
51ാം മിനിറ്റിൽ 19കാരൻ അഹമ്മദ് ഹുസാം അൽ റാവി രണ്ടാം ഗോൾ നേടി. അക്രം അഫീഫ് നൽകിയ ക്രോസ് ആദ്യ ടച്ചിൽ അൽ റാവി പോസ്റ്റിലേക്ക് പായിച്ചെങ്കിലും കുവൈത്ത് ഗോളിയുടെ ഡൈവിൽ തട്ടി റീബൗണ്ട് ചെയ്തപ്പോൾ, അതേ വേഗത്തിൽ അൽ റാവി വീണ്ടും പറത്തിയപ്പോൾ വലകുലുങ്ങി. 68ാം മിനിറ്റിലായിരുന്നു അഫീഫ് മൂന്നാം ഗോൾ നേടിയത്. ഗ്രൂപ്പ് ‘എ’യിലെ മൂന്നാം ജയവുമായി മുഴുവൻ പോയന്റും നേടിയ ഖത്തർ ഒമ്പത് പോയന്റുമായി ബഹുദൂരം മുന്നിലെത്തി. ആദ്യ മത്സരത്തിൽ അഫ്ഗാനെയും (8-1), ശേഷം ഇന്ത്യയെയും (3-0) തോൽപ്പിച്ചവർ ആദ്യ പാദം പൂർത്തിയായപ്പോൾ തന്നെ വെല്ലുവിളികളില്ലാതെ അടുത്ത ഘട്ടത്തിലേക്ക് ഇടം ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ മാർച്ച് 26ന് ഖത്തർ കുവൈത്തിനെ അവരുടെ നാട്ടിൽ നേരിടും. ജൂൺ ആറിന് അഫ്ഗാൻ, 11ന് ഇന്ത്യ എന്നിവർക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ.
ഖത്തറിന്റെ ആരാധകർ
ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കും അതേസമയം, ഏഷ്യൻ കപ്പിന് നേരിട്ടും യോഗ്യത ഉറപ്പിക്കും. റമദാനിലെ രാത്രിയിൽ നടന്ന മത്സരത്തിൽ നിറഞ്ഞ ഗാലറിയുടെ പിന്തുണയിലായിരുന്നു ഖത്തർ കളത്തിലിറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.