ലോകകപ്പ് യോഗ്യത റൗണ്ട്; കൊച്ചിക്ക് സാധ്യത കുറവ്
text_fieldsകൊച്ചി: ഇന്ത്യയുടെ ഫുട്ബാൾ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരങ്ങള്‍ക്ക് കൊച്ചിയെ പരിഗണിക്കാന്‍ സാധ്യത കുറവ്. ലോകകപ്പ് യോഗ്യതാറൗണ്ടിലെ ഏതെങ്കിലുമൊരു മത്സരം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഫുട്ബാള്‍ അസോസിയേഷന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കത്തയച്ചിട്ടുണ്ട്. ഫുട്ബാള്‍ ഫെഡറേഷന്റെ ലിസ്റ്റിലുള്ള വേദികളിലൊന്നാണ് കൊച്ചിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഫിഫ മാനദണ്ഡപ്രകാരം, മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ഒഴിപ്പിക്കേണ്ടിവരും.
അന്താരാഷ്ട്ര മത്സരമായതിനാല്‍ ഫിഫ നിഷ്കര്‍ഷിക്കുന്ന മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. വേദിയുടെ കാര്യത്തില്‍ ഒരാഴ്ചക്കകം അന്തിമ തീരുമാനമുണ്ടാവും. ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ടിൽ ഖത്തര്‍, കുവൈത്ത് എന്നിവരടങ്ങിയ എ ഗ്രൂപ്പിലാണ് ഇന്ത്യ. അഫ്ഗാനിസ്താനോ മംഗോളിയയോ ആയിരിക്കും നാലാമത്തെ ടീം. നവംബറിലാണ് യോഗ്യതമത്സരങ്ങള്‍ തുടങ്ങുന്നത്. നേരത്തേ അണ്ടര്‍ 17 ലോകകപ്പിന് കൊച്ചി വേദിയൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.