ക്രിസ്റ്റ്യാനോ കരയുന്നത് ആസ്വദിച്ചു, ഇഷ്ടതാരം മെസ്സി, കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബ് ബാഴ്‌സലോണയെന്നും ഖത്തർ ലോകകപ്പ് സ്റ്റാർ
text_fieldsഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്നു ആഫ്രിക്കൻ കരുത്തുമായെത്തിയ മൊറോക്കോ. ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിൽ സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായാണ് അവർ ഖത്തറിൽനിന്ന് മടങ്ങിയത്. അറ്റ്ലസ് ലയൺസിന്‍റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് വിങ്ങർ സൂഫിയാൻ ബൗഫൽ.
ക്വാർട്ടർ ഫൈനലിൽ കിരീട ഫേവറൈറ്റുകളായ പോർചുഗൽ തങ്ങളോട് തോറ്റ് മടങ്ങുമ്പോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കരയുന്നത് ഏറെ ആസ്വദിച്ചതായി സൂഫിയാൻ പറയുന്നു. തോറ്റ് ടീം ലോകകപ്പിൽനിന്ന് പുറത്തായതിനു പിന്നാലെ കണ്ണീരോടെ ഗ്രൗണ്ട് വിടുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം കായിക പ്രേമികൾക്ക് നൊമ്പരമായിരുന്നു. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തിയ കോച്ചിന്‍റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. മൊറോക്കോക്കെതിരായ ക്വാർട്ടർ ഫൈനലിൽ ആദ്യ ഇലവനിൽ താരത്തെ ഉറക്കിയിരുന്നില്ല.
ഖത്തർ സ്പോർട്സ് ചാനലായ അൽകാസിന് നൽകിയ അഭിമുഖത്തിലാണ് മുൻ സതാംപ്ടൺ വിങ്ങർ കൂടിയായ സൂഫിയാൻ ഇക്കാര്യം പറഞ്ഞത്. ക്രിസ്റ്റ്യാനോയേക്കാൾ തനിക്ക് ഇഷ്ടം അർജന്‍റൈൻ സൂപ്പർതാരം ലയണൽ മെസ്സിയാണെന്നും താരം വ്യക്തമാക്കി.
‘ക്രിസ്റ്റ്യാനോയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു, ഞങ്ങൾ കരയുന്നതിനേക്കാൾ അവൻ കരയുന്നത് ഞാൻ ആസ്വദിച്ചു. ക്രിസ്റ്റ്യാനോയേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് മെസ്സിയെയാണ്. ഞാൻ കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബ് ബാഴ്സലോണയും’ -സൂഫിയാൻ പറഞ്ഞു. സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ടാണ് മൊറോക്കോ ഖത്തർ ലോകകപ്പിൽനിന്ന് ഫൈനൽ കാണാതെ പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.