ടീമുകൾക്ക് 'ഠ' വട്ടത്തിൽ കളിയും പരിശീലനവും ഉറക്കവും
text_fieldsദോഹ: 10 കി.മീ പരിധിക്കുള്ളിൽ 24 ടീമുകളുടെ താമസവും പരിശീലനവും. താമസ സ്ഥലത്തുനിന്ന് നടന്നെത്താവുന്ന ദൂരത്തിൽ പരിശീലന മൈതാനങ്ങൾ. മിനിറ്റുകൾകൊണ്ട് എത്താവുന്ന ദൂരത്തിൽ ലോകകപ്പിന്‍റെ മത്സരവേദികൾ. ലോകകപ്പിന് ദോഹയിൽ വന്നിറങ്ങിയാൽ പിന്നെ, വിമാനം കയറേണ്ടത് നാട്ടിലേക്കുള്ള മടക്കയാത്രക്ക് വേണ്ടി മാത്രം.
ലോകകപ്പിന്‍റെ ചരിത്രത്തിൽ ഖത്തറിന് മാത്രമുള്ള സവിശേഷതകളാണിതെല്ലാം. പന്തുരുളാൻ നാലുമാസത്തിൽ കുറഞ്ഞ ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കഴിഞ്ഞദിവസം ടീം ബേസ് ക്യാമ്പുകളുടെ പട്ടിക പുറത്തുവിട്ടപ്പോൾ ദോഹ നഗരത്തിൽ പത്ത് കിലോമീറ്റർ പരിധിക്കുള്ളിലാണ് 24 ടീമുകളുടെയും താമസവും പരിശീലനവുമെല്ലാം.
ഇവരുടെ പത്ത് കി.മീ വലയത്തിന് തൊട്ട് പുറത്തായി അധികം അകലെയല്ലാതെയാണ് ഇംഗ്ലണ്ട്, മെക്സികോ, ഇറാൻ, പോർചുഗൽ, സ്വീഡൻ ടീമുകൾ. ദോഹയിൽ നിന്നും ഏറ്റവും അകലെയായി രാജ്യത്തിന്‍റെ അതിർത്തിയിൽ ഒറ്റപ്പെട്ട് ബേസ് ക്യാമ്പുകൾ ഒരുക്കിയത് ബെൽജിയം, ജർമനി, സൗദി അറേബ്യ ടീമുകളുമാണ്.
1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ അടുത്തടുത്തായി വേദികളും മത്സര സൗകര്യങ്ങളുമെല്ലാമുള്ള ആദ്യ ലോകകപ്പ് സവിശേഷതയോടെയാണ് ഖത്തറിൽ പന്തുരുളാൻ ഒരുങ്ങുന്നത്. വേദികളും താമസവുമെല്ലാം അടുത്തടുത്തായി ആരാധകരുടെ ആരവങ്ങൾക്കിടയിലാണെങ്കിലും, ലോകനിലവാരത്തിലെ താമസവും പരിശീലന മൈതാനങ്ങളുമാണ് ടീമുകൾക്കായി ഒരുക്കിയത്. കളിക്കാർക്ക്, ആരാധക ബഹളങ്ങളൊന്നുമില്ലാതെ പരിശീലനവും വിശ്രമവും ഫുൾ ഗ്യാരണ്ടി തന്നെ.
പരിശീലനത്തിനും വിശ്രമത്തിനും കൂടുതൽ സമയം ലഭിക്കുമെന്നാണ് ഇതുകൊണ്ടുള്ള സൗകര്യമെന്ന് ഫിഫ ചീഫ് ഓപറേറ്റിങ് ഓഫിസർ കോളിൻ സ്മിത്ത് പറയുന്നു. കളിക്കാർക്കാവട്ടെ മത്സരത്തിനു തലേ ദിനം വരെ ഒരേ മൈതാനത്ത് പരിശീലിക്കാനും, പോരാട്ടങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനും കഴിയും. തങ്ങളുടെ കളിയുള്ള ദിനങ്ങളിൽ മാത്രം താമസസ്ഥലം വിട്ട് സ്റ്റേഡിയത്തിലേക്ക് യാത്രചെയ്താൽ മതിയെന്നതും സൗകര്യമാണ്.
പ്രാദേശിക ക്ലബുകളുടെ പരിശീലന സ്ഥലം, ക്ലസ്റ്റർ ട്രെയ്നിങ് ഫെസിലിറ്റി, സ്റ്റേഡിയം ട്രെയ്നിങ് സൈറ്റ് എന്നീ മൂന്നു വിഭാഗങ്ങളായാണ് പരിശീലന വേദികൾ ഒരുക്കിയത്. ഗ്രൂപ് റൗണ്ടിലായാലും നോക്കൗട്ട് റൗണ്ടിലായാലും ഒരേ സൗകര്യത്തിലും നിലവാരത്തിലുമായിരിക്കും ടീം ബേസ് ക്യാമ്പുകളുടെ പ്രവർത്തനം. ഗ്രൂപ് റൗണ്ടിൽ കളിക്കുന്ന ടീമിന് ചുരുങ്ങിയത് 15 ദിവസമെങ്കിലും ബേസ് ക്യാമ്പ് ആവശ്യമാണ്.
ആദ്യ മത്സരത്തിന് ചുരുങ്ങിയത് അഞ്ചു ദിവസം മുമ്പെങ്കിലും ടീമുകൾ ഖത്തറിലെത്തി ബേസ് ക്യാമ്പുകളിൽ ചെക്ക് ഇൻ ചെയ്തിരിക്കണമെന്നാണ് നിർദേശം. ഫൈനലിലെത്തുന്നവർക്ക് 33 ദിവസം വരെ ബേസ് ക്യാമ്പ് ആവശ്യമാണ്. ദോഹയുടെ തിരക്കിൽ നിന്നും മാറി 103 കിലോമീറ്റർ അകലെ അൽ റുവൈസിലാണ് ജർമൻ ക്യാമ്പ്. 55 കി.മീ അകലെ സീലൈനിലാണ് സൗദി ടീമിന്‍റെ താമസവും പരിശീലനവും. 88 കി.മീ അകലെ സൽവയിലാണ് ബെൽജിയം ടീമിന്‍റെ പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.