ലോകകപ്പ്: റോഡ് മാർഗമെത്തുന്ന വാഹനങ്ങൾ അതിർത്തിവരെ
text_fieldsദോഹ: ലോകകപ്പിന് ഖത്തറിലേക്ക് കരമാർഗം എത്തുന്ന കാണികൾ വാഹനങ്ങൾ അതിർത്തിയായ അബൂ സംറയിൽ പാർക്ക് ചെയ്യണമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. സന്ദർശകർക്കായി അബൂ സംറയിൽ പാർക്ക് ആൻഡ് റൈഡ് സൗകര്യം ഏർപ്പെടുത്തുമെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി. അതേസമയം, അടിയന്തര സാഹചര്യങ്ങളിൽ മാത്രം പ്രത്യേക അനുമതിയോടെ വാഹനങ്ങൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. വാഹനങ്ങൾ അബൂ സംറയിൽ പാർക്ക് ചെയ്യുന്നതിനാവശ്യമായ മുൻകൂർ ബുക്കിങ് ഒക്ടോബർ 15 മുതൽ നിലവിൽ വരുമെന്നും സംഘാടകർ അറിയിച്ചു.
ഫിഫ ലോകകപ്പ് കാലയളവിൽ ഖത്തറിലേക്ക് അബൂ സംറ അതിർത്തി വഴിയുള്ള പ്രവേശന നടപടികൾ സംബന്ധിച്ച രണ്ടാമത് ഖത്തർ-സൗദി കോഓഡിനേഷൻ യോഗം ദോഹയിൽ സമാപിച്ചു. പാസ്പോർട്ട് ഫോർ പോർട്ട്സ് അഫേഴ്സ് അസി.ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സഈദ് ബിൻ ബന്ദർ അൽ സൂറിന്‍റെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്നും ലോകകപ്പ് വേളയിൽ കര അതിർത്തി വഴി ആരാധകരുടെ ഒഴുക്ക് സുഗമമാക്കുന്നതിന് കോഓഡിനേഷൻ യോഗം ഏറെ സഹായകമാകുമെന്നും ബോർഡർ പാസ്പോർട്ട് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ നാസർ ബിൻ അബ്ദുല്ല ആൽഥാനി യോഗത്തിൽ വ്യക്തമാക്കി.
ആഗസ്റ്റ് മാസത്തിൽ നടന്ന പ്രഥമ യോഗത്തിന്‍റെ തുടർച്ചയാണിതെന്നും ലോകകപ്പ് സമയത്ത് ആരാധകരുടെ കര അതിർത്തി വഴിയുള്ള എൻട്രി, എക്സിറ്റ് നടപടികളുമായി ബന്ധപ്പെട്ട സംയുക്ത സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും നാസർ അബ്ദുല്ല ആൽഥാനി കൂട്ടിച്ചേർത്തു. ലോകകപ്പ് കാലയളവിൽ അബൂ സംറ അതിർത്തി വഴി ഖത്തറിലേക്കുള്ള ആരാധകരുടെ എൻട്രി സംബന്ധിച്ച് നേരത്തേ അംഗീകരിച്ച രീതികളും ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പുകളും യോഗത്തിൽ ചർച്ചചെയ്തു.
ആരാധകരെ ഖത്തറിലെത്തിക്കാൻ പ്രത്യേക പദ്ധതി
ലോകകപ്പിന് ന്യൂ സൽവ അതിർത്തി വഴി എത്തുന്ന സൗദി ആരാധകരെ ഖത്തറിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി പരിഗണനയിലെന്ന് ഫിഫ ലോകകപ്പ് ഖത്തർ സി.ഇ.ഒ നാസർ അൽ ഖാതിർ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. സൽവാ അതിർത്തിയിൽനിന്ന് സ്റ്റേഡിയങ്ങളുമായോ മറ്റു സൗകര്യങ്ങളുമായോ ബന്ധിപ്പിക്കുന്നതിന് സൗദി ആരാധകരെ ദോഹ മെട്രോ സ്റ്റേഷനുകളിലേക്ക് എത്തിക്കാൻ ബസുകൾ പരിഗണിക്കുന്നുണ്ടെന്നും അൽ ഖാതിർ വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയിൽനിന്നുതന്നെ ഈ ബസുകൾ പുറപ്പെടുകയെന്ന ആശയം പരിഗണനയിലുണ്ടെന്നും ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുമ്പാണ് നവീകരിച്ച സൽവ അതിർത്തി തുറന്നത്. പ്രതിദിനം കടന്നുപോവുന്ന വാഹനങ്ങളുടെ ശേഷി 3000ത്തിൽനിന്ന് 12,000 ആയി ഉയർത്തിയാണ് അതിർത്തി നവീകരിച്ചത്.
അതിർത്തിയിലെ പാസഞ്ചർ ടെർമിനലിൽ റെഡി
ദോഹ: ലോകകപ്പ് വേളയിൽ അതിർത്തി കടന്നെത്തുന്ന ആരാധകർക്കായുള്ള വാഹന പാർക്കിങ് മേഖലയിലെ യാത്രക്കാരുടെ ലോഞ്ച് പ്രവർത്തനസജ്ജമായതായി അശ്ഗാൽ അറിയിച്ചു. പാസഞ്ചർ ലോഞ്ച് പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ അബൂസംറ അതിർത്തി ഭരണനിർവഹണ സമിതി, പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവരുടെ സഹകരണത്തോടെയാണ് അബൂ സംറ അതിർത്തിയിലെ പാസഞ്ചർ ടെർമിനൽ സജ്ജമായത്. അതിർത്തിയിലെ കാർ, ബസ് പാർക്കിങ്ങിന്‍റെ ടെർമിനലും ഭാഗികമായി പൂർത്തിയായി. ഇവയുടെ ചിത്രങ്ങളും അശ്ഗാൽ ട്വിറ്റർ വഴി പുറത്തുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.