ലിവർപൂൾ ഗോളടിക്കാൻ മറന്ന പോസ്റ്റിൽ വൂട്ട് ഫൈസ് വക സെൽഫ്ഗോൾ രണ്ടുവട്ടം; ലെസ്റ്ററിന് തോൽവി
text_fieldsപാളിപ്പോയ പ്രതിരോധത്തെ കാഴ്ചക്കാരാക്കി നാലാം മിനിറ്റിൽ കീർനൻ ഡ്യൂസ്ബറി നേടിയ സുവർണ ഗോളിൽ ലെസ്റ്റർ മുന്നിലെത്തിയതാണ്. എതിരാളികളുടെ കരുത്തറിഞ്ഞ് പിന്നെയും കളി ഭരിച്ചവരുടെ നെഞ്ചകം പിളർത്തി സ്വന്തം പ്രതിരോധ താരം തന്നെ രണ്ടുവട്ടം പന്ത് വലയിലെത്തിച്ചപ്പോൾ പക്ഷേ, തോൽവി സമ്മതിച്ച് ലെസ്റ്റർ സിറ്റി.
വമ്പൻ നിരക്കെതിരെയാകുമ്പോൾ തുടക്കം മുതൽ കളി പിടിക്കണമെന്ന വാശിയുമായാണ് പോയിന്റ് നിലയിൽ പിറകിലായിപ്പോയ ലെസ്റ്റർ തുടങ്ങിയത്. ഒപ്പം പിടിച്ചോടിയ പ്രതിരോധത്തെയും ഒടുവിൽ ഗോളി അലിസണെയും കാഴ്ചക്കാരാക്കിയായിരുന്നു ഡ്യൂസ്ബറിയുടെ ഗോൾ. അതോടെ ഉണർന്ന ചെമ്പടയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. ഇടവേളക്കു പിരിയാൻ ഏഴു മിനിറ്റ് ശേഷിക്കെ അലക്സാണ്ടർ ആർണൾഡ് ലെസ്റ്റർ പോസ്റ്റിലേക്കടിച്ച പന്ത് പുറത്തേക്കൊഴിവാക്കാനുള്ള ശ്രമത്തിൽ വൂട്ട് ഫൈസ് അടിച്ചത് സ്വന്തം പോസ്റ്റിൽ കയറി. ഇടവേളക്കു വിസിൽ മുഴങ്ങാനിരിക്കെ ഡാർവിൻ ന്യൂനസിന്റെ സമാനമായൊരു നീക്കം വീണ്ടും സ്വന്തം വലയിലെത്തിച്ച് ദുരന്തം പൂർത്തിയാക്കി.
രണ്ടാം പകുതി മൊത്തമായി സ്വന്തം കാലുകളിൽ പിടിച്ച ലിവർപൂൾ നിരന്തര ഗോൾ ശ്രമങ്ങളുമായി നിറഞ്ഞാടിയപ്പോൾ ലെസ്റ്റർ ചിത്രത്തിന് പുറത്തായി. ഒരിക്കൽ മുഹമ്മദ് സലാഹും പിറകെ നൂനസും വെറുതെ പുറത്തേക്കടിച്ചത് ഞെട്ടലായി.
ആദ്യ നാലിലൊരിടമെന്ന സ്വപ്നത്തിലേക്ക് അതിവേഗം പന്തടിച്ചുകയറാനൊരുങ്ങുന്ന ലിവർപൂളിന് ആശ്വാസമായി തുടർച്ചയായി രണ്ടാം ജയം. ഇതോടെ നാലാം സ്ഥാനക്കാരുമായി രണ്ടുപോയിന്റ് മാത്രമാണ് ടീമിന്റെ അകലം. ലെസ്റ്ററിനാകട്ടെ, തോൽവിയോടെ 13ാം സ്ഥാനത്തുനിന്ന് കയറ്റം കിട്ടിയില്ലെന്നു മാത്രമല്ല, തരംതാഴ്ത്തലിന് നാലു പോയിന്റ് മാത്രം അകലെയെന്ന ഭീഷണിമുനമ്പിലുമായി.
ബെൽജിയം പ്രതിരോധനിരയിലെ കരുത്തായ ഫൈസിന്റെ കാലുകൾ നിരന്തരം പിഴച്ച ദിനമായിരുന്നു ഇന്നലെ. സീസണിലുടനീളം ടീമിന്റെ പിൻനിരയിൽ ഏറ്റവും മികച്ച പ്രകടനവുമായി നിറഞ്ഞാടിയ താരത്തിന് ഒരിക്കലല്ല, രണ്ടുവട്ടമാണ് കാലിലെ പിഴവിൽ സെൽഫ് ഗോൾ സ്വന്തം പേരിലായത്. പ്രിമിയർ ലീഗ് ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു താരം സ്വന്തം പോസ്റ്റിൽ ഡബ്ൾ അടിക്കുന്നത്. 2013ൽ ജൊനാഥൻ വാൾട്ടേഴ്സിനു ശേഷം ആദ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.