നെവർകൂസനിൽനിന്ന് ചാമ്പ്യൻപട്ടത്തിലേക്ക് ദ കിങ്മേക്കർ സാവി
text_fieldsബർലിൻ: പരിശീലകവേഷത്തിൽ ഒരു സീനിയർ ടീമിനൊപ്പം കന്നിയങ്കമാണിത് സാവി അലോൻസോയെന്ന 42കാരന്. സീസൺ പാതിവഴിയിൽ നിൽക്കെ അന്ന് ടീമിനൊപ്പം ചേരുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ടീമോ ആരാധകരോ മാനേജ്മെന്റ് പോലുമോ കരുതിയിരുന്നുമില്ല. പക്ഷേ, ആ സീസണിൽതന്നെ വരവറിയിച്ച് ആറാമതെത്തിയ ബയർ ലെവർകൂസൻ എന്ന ഇത്തിരിക്കുഞ്ഞന്മാർ പുതിയ സീസണിൽ ആഴ്ചകളേറെ ബാക്കിനിൽക്കെ അത്ഭുതലോകത്തിലെ ആലീസാണ്. പരിശീലകനാകട്ടെ, വമ്പൻ ക്ലബുകളെല്ലാം വലയെറിഞ്ഞ് കാത്തുനിൽക്കുന്ന തന്ത്രങ്ങളുടെ തമ്പുരാനും.
സീസണിൽ ടീം കളിച്ച 36 കളികളിലും തോറ്റിട്ടില്ല. ബുണ്ടസ് ലിഗയിൽ ഏറ്റവുമവസാനം വുൾവ്സ്ബർഗിനെതിരെ ടീം കുറിച്ചത് 21ാം ജയം. ഒമ്പതു മത്സരങ്ങൾ വീതം ബാക്കിയുള്ള ലീഗിൽ ബഹുദൂരം മുന്നിലാണ് ടീം. 11 തവണ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെക്കാൾ 10 പോയന്റ് അധികം. കിരീടത്തിലേക്ക് ഇനിയേറെ ദൂരമില്ലെന്നു ചുരുക്കം. എന്നിട്ടും പക്ഷേ, ഏപ്രിൽ വരെ കാത്തിരിക്കൂ എന്നാണ് അലോൻസോയുടെ വാക്കുകൾ.
തന്റെ തലമുറയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായിരുന്ന അലോൻസോ റയൽ സോസിഡാഡിലാണ് പ്രഫഷനൽ കരിയർ തുടങ്ങുന്നത്. 2004ൽ ലിവർപൂൾ താരമായി. തൊട്ടടുത്ത വർഷം ടീം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുമ്പോൾ സാവിയുമുണ്ടായിരുന്നു കൂടെ. അഞ്ചു വർഷം റയൽ മഡ്രിഡിനൊപ്പം കഴിഞ്ഞശേഷം കിരീടത്തുടർച്ചകളുടെ മൂന്നു വർഷം ബയേൺ മ്യൂണിക്കിലും കളിച്ചു. ഒരു തവണ ലോകകപ്പും രണ്ടു തവണ യൂറോപ്യൻ ചാമ്പ്യൻഷിപ്പുമടക്കം സാവി നേടാത്ത കിരീടങ്ങൾ കുറവ്. ഒടുവിൽ ബൂട്ടഴിച്ച് കാര്യവുമായി ഇറങ്ങിയപ്പോൾ ആദ്യമെത്തുന്നത് റയൽ അണ്ടർ14 നിരയുടെ പരിശീലക വേഷത്തിൽ. മൂന്നു വർഷം റയൽ സോസിഡാഡ് ബി ടീമിന്റെ പരിശീലകനുമായി. അതും കഴിഞ്ഞാണ് 2022 ഒക്ടോബറിൽ ബുണ്ടസ് ലിഗയിൽ ബയർ ലെവർകൂസനൊപ്പം ചേരുന്നത്. തരംതാഴ്ത്തൽ ഭീഷണിയിലായിരുന്നു ടീം അപ്പോൾ. എല്ലാം മാറ്റിമറിച്ച വിജയമന്ത്രങ്ങളുടെ ആശാൻ ടീമിനെ യൂറോപ്പിലെ ഏറ്റവും വലിയ അട്ടിമറികളുടെ തമ്പുരാന്മാരാക്കി.
കന്നിക്കാരനായ കോച്ച് പക്ഷേ, ടീമിനെക്കാൾ വളർന്നതോടെ വൻകരയിലെ ഏറ്റവും വലിയ ടീമുകളിൽ പലതും പിന്നാലെയുണ്ട്. യുർഗൻ ക്ലോപ് പടിയിറങ്ങുന്ന ലിവർപൂളാണ് പിന്നാലെയുള്ള ഒരു ടീം. ടുഷേലിന് നേരത്തേ മടക്കടിക്കറ്റ് നൽകിയ ബയേണിനും വേണം മികച്ച പരിശീലകനെ. താൻ പോകുമെന്ന് സാവി ഇതുവരെ ഉറപ്പുപറഞ്ഞിട്ടില്ല. നേരത്തേ റയൽ സോസിഡാഡിനൊപ്പം നിൽക്കെ ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഹ് പരിശീലകനായി ക്ഷണിച്ചിട്ട് പോകാത്ത പാരമ്പര്യമുണ്ട് അലോൻസോക്ക്. അത് സീസണിനൊടുവിലും ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ലെവർകൂസൻ ടീമും ആരാധകരും. 18 മാസത്തിനിടെ ക്ലബിലും താരനിരയിലും അദ്ദേഹം ഒറ്റയാനായി വരുത്തിയ വിപ്ലവങ്ങൾ അത്രക്ക് വലുതാണ്.
ബുണ്ടസ് ലിഗയിൽ പലവട്ടം കിരീടത്തിനരികെ എത്തിയശേഷം വഴിമാറിയ ചരിത്രമുള്ളവരാണ് ലെവർകൂസൻ. 2011, 2002, 2000, 1999, 1997 വർഷങ്ങളിലെല്ലാം അർഹിച്ച ചാമ്പ്യൻപട്ടം വഴുതിപ്പോയവർ. 2002ൽ ജർമൻ കപ്പ്, ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ തോൽവിയുടെ കണ്ണീരുമായി മടങ്ങിയവർ. 1998ൽ യുവേഫ കപ്പ് മാറോടു ചേർത്തതാണ് ടീം അവസാനമായി കുറിച്ച വലിയ വിജയം.
പ്രതിരോധക്കോട്ട ഭദ്രമാക്കിയതാണ് അലോൻസോ ലെവർകൂസനിൽ നടപ്പാക്കിയ ഏറ്റവും വലിയ വിജയമന്ത്രം. സീസണിൽ 25 കളികളിലായി ടീം ആകെ വഴങ്ങിയത് 16 ഗോളുകൾ. അടിച്ച ഗോളുകളിൽ ബയേൺ മാത്രമാണ് മുന്നിൽ. നിലവിൽ ജർമൻ കപ്പ് സെമിയിലെത്തിയ ടീം യൂറോപ ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ഖരാബാഗുമായി വ്യാഴാഴ്ച മത്സരിക്കാനിരിക്കുകയാണ്. ബുണ്ടസ് ലിഗയിൽ ഞായറാഴ്ച ഫ്രീബർഗാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.