ചാവി ഖത്തർ വിട്ടു; ഇനി ബാഴ്സയുടെ സൂപ്പർ കോച്ച്
text_fieldsദോഹ: ഒടുവിൽ ബാഴ്സലോണയുടെ ശ്രമങ്ങൾ വിജയം കണ്ടു. സ്പാനിഷ് ഇതിഹാസ താരം ചാവി ഹെർണാണ്ടസ് പരിശീലക കുപ്പായത്തിൽ തൻെറ പഴയ തട്ടകത്തിലേക്ക്. നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ തങ്ങളുടെ സൂപ്പർ കോച്ചിനെ വിട്ടു നൽകാൻ ഖത്തർ ക്ലബായ അൽ സദ്ദ് തീരുമാനിച്ചതോടെ ആഴ്ച നീണ്ട ബാഴ്സലോണയുടെ ശ്രമങ്ങൾ വിജയം കണ്ടു. സ്പാനിഷ് വമ്പന്മാരുടെ പരിശീലകനായി ചാവി ഹെർണാണ്ടസ് ഉടൻ സ്ഥാനമേൽക്കും. ഒരാഴ്ച മുമ്പ് പുറത്താക്കിയ റൊണാൾഡ് കൂമാൻെറ പകരക്കാരനായാണ് രണ്ടര പതിറ്റാണ്ടുകാലം കാറ്റലോണിയ വാണ ചാവി പരിശീലകനായി തിരികെയെത്തുന്നത്. കോച്ചിനെ പുറത്താക്കിയതിനു പിന്നാലെ മുൻ താരതതിനു വേണ്ടി ബാഴ്സ ചരടുവലികൾ തുടങ്ങിയിരുന്നു. എന്നാൽ, ഖത്തർ സ്റ്റാർസ് ലീഗിലെ ഒന്നാം നമ്പർ ടീമായ അൽ സദ്ദ് തങ്ങളുടെ സൂപ്പർകോച്ചിനെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു. കരാർ ബാക്കിനിൽക്കെ വിട്ടുനൽകില്ലെന്ന് ക്ലബ് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് ബുധനാനാഴ്ച ബാഴ്സലോണ വൈസ് പ്രസിഡൻറ് റഫ യൂസ്തെ, ഫുട്ബാൾ ഡയറക്ടർ മത്യൂ അൽമനി എന്നിവർ ദോഹയിലെത്തിയ നടത്തിയ ചർച്ചകൾക്കൊടുവിലാണ് അൽ സദ്ദ് വഴങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയോടെ സദ്ദ് സി.ഇ.ഒ തുർക്കി അൽ അലി ചാവിയുടെ മടക്കം സ്ഥിരീകരിക്കുകയായിരുന്നു. കരാർപ്രകാരമുള്ള ബയ് ഔട്ട് തുക നൽകാമെന്ന വ്യവസ്ഥയിലാണ് റിലീസ് അനുവദിച്ചത്
'ബാഴ്‌സലോണയിലേക്കുള്ള ചാവിയുടെ ട്രാൻസ്‌ഫർ അൽ സദ്ദ് നേതൃത്വം അംഗീകരിച്ചു. കോൺട്രാക്റ്റിൽ ഉൾപ്പെട്ട ഉടമ്പടി പ്രകാരമുള്ള റിലീസ് ക്ളോസ് നൽകിയാണ് ട്രാൻസ്‌ഫർ. ബാഴ്‌സലോണയുമായി ഭാവിയിൽ സഹകരിച്ചു പ്രവർത്തിക്കാനും ഞങ്ങൾ ധാരണയായി. അൽ സദ്ദിൻെറ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ് സാവി. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു' -ക്ലബ് ട്വിറ്ററിൽ കുറിച്ചു.
1991ൽ യൂത്ത് ടീമിൽ അംഗമായി 24 വർഷം ബാഴ്സലോണയുടെ താരമായി നിറഞ്ഞു നിന്ന സാവി, 2015ലാണ് ഖത്തർ ക്ലബായ അൽസദ്ദിലെത്തുന്നത്. ബാഴ്സലോണ സീനിയർ ടീമിൽ 17 വർഷകൊണ്ട് 505 മത്സരങ്ങൾ കളിച്ച താരം അൽസദ്ദിൽ കളിക്കാരനായാണ് വന്നത്. ശേഷം, 2019ൽ പരിശീലക കുപ്പായവും ഏറ്റെടുത്തു. 2020 ആഗസ്റ്റിൽ ക്വികെ സെത്യാനെ പുറത്താക്കിയതിനു പിന്നാലെ സാവിയെ പരിശീലകനായി നിയമിക്കാൻ ശ്രമിച്ചെങ്കിലും മുൻ സ്പാനിഷ് താരം പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് നെതർലൻഡ്സ് പരിശീലകനായ കൂമാനെ നൂകാംപിലെത്തിച്ചത്. ആ പരീക്ഷണവും പാളിയതോടെ മധ്യനിരയിലെ പഴയ മജീഷ്യനിൽ തന്നെ ബാഴ്സലോണ വിശ്വസമർപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.