സാവിയെ വിടാതെ ബാഴ്സലോണ; അൽ സദ്ദിൻെറ സൂപ്പർ കോച്ച് ഖത്തർ വിടുമോ?
text_fieldsദോഹ: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലെ പരിശീലക കസേരയിൽ വീണ്ടും ഇളക്കിപ്രതിഷ്ഠയുണ്ടായതോടെ കണ്ണുകളെല്ലാം പഴയ ഇതിഹാസ താരം സാവി ഹെർണാണ്ടസിൽ. റൊണാൾഡ് കൂമാനെ പുറത്താക്കി ഒരാഴ്ചകഴിഞ്ഞെങ്കിലും സാവിയെ സ്വന്തമാക്കിയേ അടങ്ങു എന്നമട്ടിലാണ് ബാഴ്സലോണയുടെ നീക്കം. സഹപരിശീലകനായിരുന്ന സെർജി ബാർയുവാനു കീഴിൽ ടീം രണ്ടു മത്സര പൂർത്തിയാക്കിയെങ്കിലും സാവിയെ നൂകാപിലെത്തിക്കാനുള്ള ശ്രമം ബാഴ്സ അവസനിപ്പിച്ചിട്ടില്ല. വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
ഖത്തർ സ്റ്റാർസ് ലീഗിലെ ഒന്നാം നമ്പർ ടീമായ അൽ സദ്ദ് സാവിയെ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയെങ്കിലും ചർച്ചകൾക്കായി ബാഴ്സലോണ പ്രതിനിധികൾ ദോഹയിലുണ്ട്. ബാഴ്സലോണ വൈസ് പ്രസിഡൻറ് റഫ യൂസ്തെ, ഫുട്ബാൾ ഡയറക്ടർ മത്യൂ അൽമനി എന്നിവർ ബുധനാഴ്ച സാവിയുടെ അൽ സദ്ദിൻെറ മത്സരം നടന്ന വേദിയിലുണ്ടായിരുന്നു. ബാഴ്സലോണ പ്രതിനിധികൾ അൽ സദ്ദ് അധികൃതരുമായി ചർച്ച നടത്തിയതായി 'ഇൻസൈഡ് ഖത്തർ' ട്വീറ്റ് ചെയ്തു. ക്ലബുമായുള്ള കരാർ നിലനിൽക്കെ അനുമതിയോടെ മാത്രമേ സാവിക്ക് ബാഴ്സലോണയുടെ ചുമതലയേൽക്കാൻ കഴിയൂ. 'ചർച്ചകൾ നടക്കുകയാണ്, നാളെയോടെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' -ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനെതിരായ മത്സരത്തിനു പിന്നാലെ സാവിയുടെ പ്രതികരണം.
അതേസമയം, ബാഴ്സലോണ സംഘവുമായി ചർച്ച നടത്തിയാതായി സ്ഥിരീകരിച്ച അൽ സദ്ദ് സി.ഇ.ഒ കോച്ചിനെ നിലനിർത്താനാണ് തങ്ങളുടെ താൽപര്യമെന്ന് വ്യക്തമാക്കി.
1991ൽ യൂത്ത് ടീമിൽ അംഗമായി 24 വർഷം ബാഴ്സലോണയുടെ താരമായി നിറഞ്ഞു നിന്ന സാവി, 2015ലാണ് ഖത്തർ ക്ലബായ അൽസദ്ദിലെത്തുന്നത്. ബാഴ്സലോണ സീനിയർ ടീമിൽ 17 വർഷകൊണ്ട് 505 മത്സരങ്ങൾ കളിച്ച താരം അൽസദ്ദിൽ കളിക്കാരനായാണ് വന്നത്. ശേഷം, 2019ൽ പരിശീലക കുപ്പായവും ഏറ്റെടുത്തു. 2020 ആഗസ്റ്റിൽ ക്വികെ സെത്യാനെ പുറത്താക്കിയതിനു പിന്നാലെ സാവിയെ പരിശീലകനായി നിയമിക്കാൻ ശ്രമിച്ചെങ്കിലും മുൻ സ്പാനിഷ് താരം പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് നെതർലൻഡ്സ് പരിശീലകനായ കൂമാനെ നൂകാംപിലെത്തിച്ചത്. ആ പരീക്ഷണവും പാളിയതോടെ മധ്യനിരയിലെ പഴയ മജീഷ്യനിൽ തന്നെ ബാഴ്സലോണ വിശ്വസമർപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.