വൻ ട്രാൻസ്ഫറുകളുമായി കളം നിറഞ്ഞ് അൽ ഹിലാൽ; മൊറോക്കൻ ഗോളി യാസീൻ ബോനൂവിനെ സ്വന്തമാക്കി
text_fieldsയാസിൻ ബോണോ, അലക്സാണ്ടർ മിട്രോവിച്ച്
മഡ്രിഡ്: സെവിയ്യയുടെ മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോനൂവിനെ സ്വന്തമാക്കി സൗദിയുടെ അൽ ഹിലാൽ. സെവിയ്യയുമായി 21 ദശലക്ഷം യൂറോയുടെ കരാറാണ് അൽഹിലാൽ ഉറപ്പിച്ചത്. മൂന്നു വർഷത്തെ കരാറിൽ ഉടൻ ഒപ്പുവെക്കുമെന്നും മെഡിക്കൽ ബുക്ക് ചെയ്തതായും ഇറ്റാലിയൻ സ്പോർട്സ് ജേർണലിസ്റ്റ് ഫ്രാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ഫുൾഹാമിന്റെ സെർബിയൻ സ്ട്രൈക്കർ അലക്സാണ്ടർ മിട്രോവിച്ചിന് വേണ്ടി അവസാന ശ്രമവും അൽഹിലാൽ ആരംഭിച്ചതായി റൊമാനോ സൂചിപ്പിക്കുന്നു.
45 ദശലക്ഷം യൂറോ ആണ് അൽ ഹിലാൽ 32 കാരനായ യാസിൻ ബോനൂവിന് വേതനമായി നൽകുക. മൊറോക്കോക്ക് വേണ്ടി 54 അന്താരാഷ്ട്ര മത്സരങ്ങളിൽ ഗ്ലൗ അണിഞ്ഞ താരം സെവിയ്യക്ക് വേണ്ടി 90 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബുധനാഴ്ച യുവേഫ സൂപ്പർകപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സെവിയ്യയുടെ വല കാത്തത് ബോനൂ ആണ്.
ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് മൊറോക്കോ ഗോൾ കീപ്പർക്ക് വേണ്ടി നേരത്തെ വലവിരിച്ചിരുന്നുവെങ്കിലും അൽഹിലാൽ സ്വന്തമാക്കുകയായിരുന്നു. റെക്കോർഡ് തുകക്ക് ബ്രസീൽ സൂപ്പർതാരം നെയ്മറെ സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അൽഹിലാലിന്റെ ഈ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.