‘നിങ്ങൾ ഫുട്ബാളിലെ ഇതിഹാസമാണ്’; ഇന്ത്യക്കായി അവസാന മത്സരം കളിക്കുന്ന ഛേത്രിക്ക് ആശംസകൾ നേർന്ന് ലൂക മോഡ്രിച്
text_fieldsഫുട്‌ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സുനിൽ ഛേത്രിക്ക് ആശംസകൾ നേർന്ന് റയൽ മഡ്രിഡിന്‍റെ ക്രൊയേഷ്യൻ ഇതിഹാസം ലൂക മോഡ്രിച്. രാജ്യത്തിനായി അവസാന മത്സരം കളിക്കാനിറങ്ങുന്ന ഛേത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മോഡ്രിച് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
പരിശീലകൻ ഇഗോർ സ്റ്റിമാക്കാണ് ഈ വീഡിയോ പങ്കുവെച്ചത്. ‘നിങ്ങളൊരു ഇതിഹാസ താരമാണ്. അവസാന മത്സരം അവിസ്മരണീയമാക്കാൻ നിങ്ങൾക്ക് കഴിയട്ടെ. ക്രൊയേഷ്യയിൽനിന്ന് എല്ലാ ആശംസകളും’ - 2018 ബാലൺ ഡി ഓർ ജേതാവ് കൂടിയായ മോഡ്രിച് പറഞ്ഞു.
ഇന്ത്യൻ ഫുട്ബാളിലെ രണ്ട് പതിറ്റാണ്ടോളം നീണ്ട ഐതിഹാസിക യുഗത്തിനാണ് ഛേത്രിയുടെ വിടവാങ്ങലോടെ പരിസമാപ്തിയാകുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച കാൽപന്തുകളിക്കാരനും ഗോൾവേട്ടക്കാരനും അന്താരാഷ്ട്ര മത്സര പരിചയത്തിൽ ഒന്നാമനുമാണ് ഛേത്രി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ കുവൈത്തിനെതിരായാണ് താരം അവസാന മത്സരം കളിക്കുന്നത്.
കുവൈത്തിനെതിരായ ആദ്യ മത്സരത്തിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നു കൊൽക്കത്തയിലിറങ്ങിയത്. ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. ഗ്രൂപ്പ് എ യിൽ 4 കളികളിൽ 4 പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഇന്ന് വിജയം അനിവാര്യമാണ്. കുവൈത്തിനെതിരെ തോറ്റാൽ കാര്യങ്ങൾ തകിടം മറിയും.
സ്റ്റിമാച്ചിന്റെ ഭാവിയും ഇന്നത്തെ കളിയിലാണ്. അഫ്ഗാനോടു സമനില വഴങ്ങിയതോടെ വലിയ വിമർശനങ്ങൾക്കു നടുവിലാണ് ക്രൊയേഷ്യൻ പരിശീലകന്‍റെ ഭാവി. നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും പിന്നിൽ മൂന്നാമതാണ് ഛേത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.