'ഭാവിമെസ്സി'യെന്ന് കേളികേട്ടവൻ, ഒടുവിൽ ബാഴ്സക്ക് വേണ്ടാതായി; അമേരിക്കയിലേക്ക് കൂടുമാറുന്നത് റെക്കോർഡ് തുകക്ക്
text_fieldsമഡ്രിഡ്: ബാഴ്സലോണയിൽ ലയണൽ മെസ്സിയുടെ പിൻഗാമിയെന്ന് കേളികേട്ട താരമായിരുന്നു അവൻ. പദചലനങ്ങളും പന്തടക്കവും ഒരുപരിധിവരെ അർജൈന്റൻ സൂപ്പർ താരത്തിന്റേതിനു സമാനം. 2018ൽ ബാഴ്സലോണയിൽ അരങ്ങേറിയതിനുശേഷം താരത്തിന്റെ കളി കണ്ട് മെസ്സി തന്നെ ആശ്ചര്യഭരിതനായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആന്ദ്രേ ഇനിയസ്റ്റയും ലൂയി സുവാരസും പ്രശംസാവചനങ്ങൾ ചൊരിഞ്ഞ താരവും കൂടിയാണവൻ.
എന്നാൽ, ഒടുവിൽ റിക്കി പൂയിഗ് എന്ന 22കാരന് ബാഴ്സലോണയിൽനിന്ന് പുറത്തേക്കുള്ള വഴിയാണിപ്പോൾ തുറക്കുന്നത്. താരം കൂടുമാറുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റേയോ ഇറ്റാലിയൻ ലീഗിന്റേയോ പൊള്ളുന്ന പോരാട്ടവേദികളിലേക്കുമല്ല. യൂറോപ്യൻ ക്ലബുകളിലെ വിഖ്യാത പ്രതിഭകൾ കരിയറിന്റെ അന്തിമ ഘട്ടത്തിൽ കൂടുമാറിയെത്തുന്ന അമേരിക്കൻ ലീഗിലേക്കാണ് റിക്കി പൂയിഗ് ബൂട്ടുകെട്ടാനെത്തുന്നത്.
സാക്ഷാൽ ഡേവിഡ് ബെക്കാമിന്റെ വരവോടെ ലോക ഫുട്ബാൾ വേദിയിൽ അറിയപ്പെട്ട ലോസ് ആഞ്ചലസ് ഗാലക്സി ക്ലബിലേക്കാണ് റിക്കി ചേക്കേറുന്നത്. അമേരിക്കൻ സോക്കർ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടിയ തുകക്കാണ് ഈ കൂടുമാറ്റമെന്നതാണ് ശ്രദ്ധേയം. കൊളംബിയയുടെ സൂപ്പർതാരം യാവിയർ ഹെർണാണ്ടസ്, ബയേൺ മ്യൂണിക്കിനും യുവന്റസിനും ബൂട്ടണിഞ്ഞ ബ്രസീൽ താരം ഡഗ്ലസ് കോസ്റ്റ, ഫ്രഞ്ചുതാരം കെവിൻ കബ്രാൽ തുടങ്ങിയ പ്രമുഖ താരങ്ങൾ നിലവിൽ ലോസ് ആഞ്ചലസ് ഗാലക്സിയിൽ കളിക്കുന്നുണ്ട്.
കഴിഞ്ഞ സീസണിൽ പൂയിഗ് 14 മത്സരങ്ങളിൽ മാത്രമാണ് ബാഴ്സലോണക്കായി കളത്തിലിറങ്ങിയത്. പരിശീലകനായി സാവി ഹെർണാണ്ടസ് എത്തിയതോടെ ബാഴ്സയുടെ കേളീ തന്ത്രങ്ങളിൽ റിക്കിക്ക് പ്രാധാന്യം കുറയുകയായിരുന്നു. ബാഴ്സയുടെ ലാ മാസിയ അക്കാദമിയിൽ കളിപഠിച്ചു വളർന്ന ഈ സ്പാനിഷ് മിഡ്ഫീൽഡർ, ഗാലക്സിയുമായി ഫ്രീ ട്രാൻസ്ഫറിൽ മൂന്നര വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്.
ഗാലക്സിയുടെ നഗരവൈരികളായ ലോസ് ആഞ്ചലസ് എഫ്.സി ഇത്തവണ പണമെറിഞ്ഞ് റയൽ മഡ്രിഡ് താരം ഗാരെത് ബെയ്ൽ, യുവന്റസിന്റെ ജിയോർജിയോ കീലിനി എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്. അമേരിക്കൻ ലീഗ് കൂടുതൽ കടുത്ത പോരാട്ടങ്ങൾക്കാണ് ഈയിടെയായി സാക്ഷ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.